05:24pm 02 November 2026
NEWS
മുൻകൂർ ജാമ്യം തള്ളിയശേഷം സാധാരണ ജാമ്യം നൽകാൻ നിർദേശിക്കരുത്: ഹൈക്കോടതിക്ക് പരിധി ഓർമിപ്പിച്ച് സുപ്രീംകോടതി
01/11/2026  12:24 PM IST
നിയമകാര്യലേഖകൻ
മുൻകൂർ ജാമ്യം തള്ളിയശേഷം സാധാരണ ജാമ്യം നൽകാൻ നിർദേശിക്കരുത്: ഹൈക്കോടതിക്ക് പരിധി ഓർമിപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മുൻകൂർ ജാമ്യാപേക്ഷ നിരസിക്കുന്നതിനൊപ്പംപ്രതികൾക്ക് നിശ്ചിത വ്യവസ്ഥകളോടെ സാധാരണ ജാമ്യം അനുവദിക്കാൻ വിചാരണക്കോടതിയോട് ഹൈക്കോടതിക്ക് നിർദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരം നിർദേശങ്ങൾ ജാമ്യാപേക്ഷയുടെ ഗുണദോഷങ്ങൾ സ്വതന്ത്രമായി പരിശോധിച്ച് തീരുമാനമെടുക്കാനുള്ള വിചാരണക്കോടതിയുടെ വിവേചനാധികാരം ഇല്ലാതാക്കുമെന്ന് കോടതി വ്യക്തമാക്കി.
കൊലക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഒഡിഷ ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരൻ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി, വിചാരണക്കോടതിയിൽ സാധാരണ ജാമ്യാപേക്ഷ നൽകാൻ അവരോട് നിർദേശിച്ചിരുന്നു. അത്തരത്തിൽ അപേക്ഷ നൽകിയാൽ ഹൈക്കോടതി നിശ്ചയിച്ച വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിക്കണമെന്നും ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതി പ്രതികളെ ജാമ്യത്തിൽ വിട്ടു.
ഈ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. മുൻകൂർ ജാമ്യം അനുവദിക്കാനുള്ള സാഹചര്യമില്ലെന്ന് കണ്ടെത്തിയശേഷം, തുടർന്നുള്ള ജാമ്യനടപടികളുടെ ഫലം ഹൈക്കോടതി മുൻകൂട്ടി നിശ്ചയിക്കേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രതികൾ സ്വീകരിക്കേണ്ട അടുത്ത നടപടി നിർദേശിച്ചതിനു പുറമേ, വിചാരണക്കോടതി ജാമ്യം അനുവദിക്കേണ്ട വ്യവസ്ഥകളും ഹൈക്കോടതി തീരുമാനിച്ചത് അനുചിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ക്രിമിനൽ നടപടിച്ചട്ടത്തിലെ 438-ാം വകുപ്പ് പ്രകാരമുള്ള അധികാരപരിധി മറികടക്കുന്നതാണ് ഇത്തരം നിർദേശങ്ങളെന്നും സുപ്രീംകോടതി വിലയിരുത്തി. സാധാരണ ജാമ്യാപേക്ഷ സമർപ്പിക്കപ്പെടുമ്പോൾ അതിന്റെ ഗുണദോഷങ്ങളും നിയമവശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് ബന്ധപ്പെട്ട കോടതിയാണ്. എന്നാൽ ഹൈക്കോടതി ഉത്തരവ് ആ സ്വാതന്ത്ര്യം പൂർണമായി ഇല്ലാതാക്കിയെന്ന് ബെഞ്ച് വ്യക്തമാക്കി.
തുടർന്ന്, മുൻകൂർ ജാമ്യം നിരസിച്ച ഹൈക്കോടതി ഉത്തരവിന്റെ ഭാഗം സുപ്രീംകോടതി ശരിവച്ചു. അതേസമയം, പ്രതികളുടെ തുടർനടപടികൾ നിർദേശിക്കുകയും നിശ്ചിത വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കാൻ വിചാരണക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്ത ഭാഗം റദ്ദാക്കി.
ഇതിന്റെ ഫലമായി, റായഗഡ സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 2026 ജനുവരി 30-ന് പുറപ്പെടുവിച്ച ജാമ്യ ഉത്തരവും റദ്ദാക്കി. പ്രതികൾ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്നും അപ്പോൾ അവരുടെ ജാമ്യബോണ്ടുകളും ജാമ്യക്കാരുടെ ബാധ്യതകളും അവസാനിക്കുമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, ഉചിതമായ ഘട്ടത്തിൽ ബന്ധപ്പെട്ട കോടതിയെ സമീപിച്ച് നിയമാനുസൃതമായ ആശ്വാസം തേടുന്നതിന് പ്രതികൾക്ക് ഈ ഉത്തരവ് തടസ്സമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img