04:32pm 29 April 2026
NEWS
പ്രശ്നങ്ങൾ രാഷ്ട്രീയവത്കരിക്കരുത്; തേജസ്വി സൂര്യയ്ക്കെതിരായ കർണാടകത്തിന്റെ അപ്പീൽ പിഴയോടെ തള്ളി സുപ്രീംകോടതി
23/07/2025  11:20 AM IST
വിഷ്ണുമംഗലം കുമാർ
പ്രശ്നങ്ങൾ രാഷ്ട്രീയവത്കരിക്കരുത്; തേജസ്വി സൂര്യയ്ക്കെതിരായ കർണാടകത്തിന്റെ അപ്പീൽ പിഴയോടെ തള്ളി സുപ്രീംകോടതി

 ബംഗളുരു:   മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്കെതിരായി ഇ ഡി സമർപ്പിച്ച അപ്പീൽ തള്ളിയ സുപ്രീം കോടതിയുടെ അതേ ബെഞ്ചുതന്നെ മറ്റൊരു കേസ്സിൽ കർണാടക ഗവണ്മെന്റിന് കനത്ത പ്രഹരമേൽപ്പിച്ചു. ബംഗളുരു സൗത്തിലെ ബിജെപി എം പി തേജസ്വി സൂര്യ കഴിഞ്ഞ നവംബർ എട്ടിന് എക്‌സിൽ ഒരു പോസ്റ്റ്‌ ഷെയർ ചെയ്തിരുന്നു. ഹാവേരിയിലെ രുദ്രപ്പ ചന്നപ്പ ബാളിക്കായ് എന്ന കർഷകൻ ജീവനൊടുക്കിയത് അദ്ദേഹത്തിന്റെ ഭൂമി വഖഫ് തട്ടിയെടുത്തതിനാലാണ് എന്നാണ് തേജസ്വി സൂര്യ ആ പോസ്റ്റിൽ എഴുതിയിരുന്നത്. ഒരു പ്രാദേശിക പത്രറിപ്പോർട്ടും പോസ്റ്റിനോടൊപ്പം അടക്കം ചെയ്തിരുന്നു. എന്നാൽ രുദ്രപ്പ ആത്മഹത്യ ചെയ്തത് കടബാധ്യത മൂലമാണെന്നും അദ്ദേഹത്തിന്റെ ഭൂമി വഖഫ് കയ്യേറിയിട്ടില്ലെന്നും പിന്നീട് തെളിഞ്ഞു. സൈബർ പോലീസ് എം പിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിഴവ് മനസ്സിലാക്കിയ എം പി അതിനകം പിൻവലിച്ച് വിശദീകരണം നൽകിയെങ്കിലും പോലീസ് കേസ്സുമായി മുന്നോട്ടുപോയി. തേജസ്വി സൂര്യ ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് ജസ്റ്റിസ് നാഗപ്രസന്ന ഈ കേസ്സിന്റെ എഫ് ഐ ആർ റദ്ദാക്കി. ഒരു ട്വീറ്റ് പോസ്റ്റുചെയ്തു. തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോൾ വിശദീകരണം നൽകി അത് പിൻവലിച്ചു. പിന്നെ കേസ്സിന് എന്തടിസ്ഥാനം എന്നാണ് ഹൈക്കോടതി ചോദിച്ചത്. പക്ഷെ ഗവണ്മെന്റ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു.  "രാഷ്ട്രീയമത്സരത്തിന് കോടതിയെ വേദിയാക്കരുത്. അത് വോട്ടർമാർക്കിടയിൽ നടത്തിക്കോളൂ "  25 ലക്ഷം രൂപ പിഴയോടെ അപ്പീൽ തള്ളിക്കൊണ്ട്, ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ  ബെഞ്ച് നിരീക്ഷിച്ചു. കനത്ത തിരിച്ചടിയാണ് ഈ കേസ്സിൽ സിദ്ധരാമയ്യ ഗവണ്മെന്റിന് സുപ്രീം കോടതിയിൽ നിന്ന് കിട്ടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img