
കേരളത്തിൽ സ്വാഭാവിക മരണത്തിന് പോലും ലക്ഷങ്ങൾ വേണമെന്നാണ് സൗഹൃദകൂട്ടങ്ങളിൽ തമാശയായി പറയാറുള്ളത്
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളെ താറടിച്ചു കാണിക്കാനും തകർക്കാനുമുള്ള ശ്രമങ്ങളാണോ നടക്കുന്നത് എന്ന് ആർക്കും സംശയം തോന്നുന്ന കാര്യങ്ങളാണ് കഴിഞ്ഞ കുറേ കാലങ്ങളായി നടക്കുന്നത്. സർക്കാർ ആശുപത്രികളെ സാധാരണ ജനം ഭയക്കുന്ന നിലയിൽ ചില സംഭവങ്ങളെ പർവതീകരിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ ഒരു വിഭാഗം മാധ്യമങ്ങളും വലിയ താത്പര്യം കാണിക്കാറുണ്ട്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഏക ആശ്രയമായ സർക്കാർ ആശുപത്രികളെ ഇല്ലാതാക്കാനും അതുവഴി സ്വകാര്യ ആശുപത്രികളെ സഹായിക്കാനുമാണ് പല വാർത്തകളും എന്ന സംശയം ഉയർന്നാൽ കുറ്റംപറയാനാകില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൻ ചികിത്സാപിഴവ് എന്ന രീതിയിൽ ചില മാധ്യമങ്ങൾ വലിയ വാർത്ത കൊടുത്തതും ഈ ശ്രേണിയിലെ ഏറ്റവുമൊടുവിലത്തെ സംഭവമാണ്.
വയറുവേദനയ്ക്ക് ചികിത്സ തേടിയ യുവാവിന് ഗർഭാശയ മുഴ എന്ന തലക്കെട്ടിൽ ഒരു ചെറിയ കോളം വാർത്തയായി ഉൾപേജുകളിൽ ഇടംപിടിക്കേണ്ട വാർത്തയെ ചില പത്രങ്ങൾ ഒന്നാം പേജിലേക്ക് എത്തിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വലിയ ചികിത്സാ പിഴവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ഫെബ്രുവരി പതിനാറിന് സിടി സ്കാനിന് വിധേയനായ യുവാവ് പിന്നീട് ആ റിസൽട്ട് വാങ്ങിയിരുന്നില്ല. എന്നാൽ, ഒരുമാസത്തിന് ശേഷം, മാർച്ച് 16നാണ് അദ്ദേഹം ഈ റിസൽട്ട് വാങ്ങുന്നത്. ഈ റിപ്പോർട്ടിൽ ഗർഭാശയ മുഴയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മറ്റാരുടെയോ സ്കാനിംഗ് റിപ്പോർട്ട് മാറി നൽകിയതാണെന്നും ഹോമിയോ ആശുപത്രിയിലെ ഡോക്ടറാണ് യുവാവിനോട് പറയുന്നതും. റിസൽട്ട് വാങ്ങി ഒരുമാസത്തിന് ശേഷം ഏപ്രിൽ 27നാണ് യുവാവ് മാധ്യമങ്ങളോട് ഈ വിവരം വെളിപ്പെടുത്തുന്നത്. ഈ സംഭവം ആകെ പരിശോധിക്കുമ്പോൾ ഏതൊരു റിപ്പോർട്ടർക്കും ഒറ്റനോട്ടത്തിൽ തന്നെ ഒരു അസ്വാഭാവികത തോന്നേണ്ടതാണ്.
വയറുവേദനയ്ക്ക് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ യുവാവ് തന്റെ അസുഖം മാറിയതിനാൽ പിന്നീട് തുടർചികിത്സ നടത്താതിരിക്കുകയും, വീണ്ടും വേദന വന്നതോടെ മോഡേൺ മെഡിസിൻ ഉപേക്ഷിച്ച് ഹോമിയോപ്പതിയിൽ ചികിത്സ തേടുകയും ചെയ്തത് സാധാരണ സംഭവം തന്നെയാകാം. ഒരു മാസത്തിന് മുമ്പ് എടുത്ത സിടി സ്കാൻ റിപ്പോർട്ടിനായി പോയപ്പോൾ റിസൽട്ട് നൽകിയതിൽ പിഴവ് സംഭവിച്ചിരിക്കാനും സാധ്യതയുണ്ട്. പേര് പറഞ്ഞതിൽ മുതൽ, സ്കാൻ ചെയ്ത തീയതിയുടെ കാര്യത്തിൽ വരെയുണ്ടായ പിശകുകളാണോ അതോ, സ്കാനിംഗ് റിപ്പോർട്ട് കൈകാര്യം ചെയ്ത ജീവനക്കാരുടെ അശ്രദ്ധയാണോ എന്ന കാര്യം വിശദമായ അന്വേഷണത്തിനൊടുവിലേ പുറത്തുവരൂ.
ഒരു കൗതുക വാർത്തയുടെ ശൈലിയിൽ ഉൾപ്പേജുകളിൽ ഇടംപിടിക്കേണ്ടിയിരുന്ന ഈ വാർത്തയെ ഒന്നാം പേജിൽ എത്തിക്കുക വഴി പത്രം നൽകുന്ന സന്ദേശമെന്താണ്? കേരളത്തിലെ സർക്കാർ ആശുപത്രികൾ മുഴുവൻ കുഴപ്പം പിടിച്ച സംഗതികളാണെന്നും രക്ഷവേണമെങ്കിൽ സ്വകാര്യ ആശുപത്രികളിലേക്ക് പോകണമെന്നുമുള്ള രഹസ്യ സന്ദേശ കൈമാറ്റം തന്നെയാണ് ഇത്തരം വാർത്തകളിൽ ഉൾക്കൊള്ളുന്നത്.
ഇന്ന് കേരളത്തിലെ ഏറ്റവും സാധ്യതയുള്ള ബിസിനസായി ആതുര സേവനം മാറിക്കഴിഞ്ഞു. കേരളത്തിന്റെ ഉൾനാടുകളിൽ പോലും വൻകിട ഗ്രൂപ്പുകൾ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ നിർമ്മിക്കുകയാണ്. വൻ ശമ്പളത്തിന് ഇവിടെ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് സർജറികൾക്ക് ഉൾപ്പെടെ ടാർജറ്റുണ്ട് എന്നാണ് പറയപ്പെടുന്നത്. പല ആശുപത്രികളും ചെറിയ അസുഖങ്ങൾക്ക് പോലും ചികിത്സ തേടുന്നവരെ പണച്ചിലവുള്ള ടെസ്റ്റുകൾക്ക് വിധേയമാക്കുന്നുമുണ്ട്. പ്രായാധിക്യം കൊണ്ട് മരിക്കേണ്ട മനുഷ്യരെ പോലും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ലക്ഷങ്ങൾ ബില്ല് വരുന്നതുവരെ മരണം സ്ഥിരീകരിക്കാത്ത സാഹചര്യമെന്ന ആക്ഷേപവുമുണ്ട്. കേരളത്തിൽ സ്വാഭാവിക മരണത്തിന് പോലും ലക്ഷങ്ങൾ വേണമെന്നാണ് സൗഹൃദകൂട്ടങ്ങളിൽ തമാശയായി പറയാറുള്ളത്. അത് ഒരുപരിധിവരെ വാസ്തവമാണുതാനും.
കേരളത്തിലെ സാധാരണക്കാരന് താങ്ങാനാകുന്നതല്ല ഇവിടെയുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലെ ചികിത്സാ ചിലവുകൾ. അവർക്കൊക്കെ ആശ്രയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ആശുപത്രിയും ജില്ലാ ആശുപത്രിയും സർക്കാർ മെഡിക്കൽ കോളജുകളും തന്നെയാണ്. അവിടങ്ങളിലെ പരിമിതങ്ങളായ സൗകര്യങ്ങളിൽ മെച്ചപ്പെട്ട ചികിത്സ നൽകാൻ അധികൃതർ ശ്രമിക്കുന്നുമുണ്ട്. ചില പാളിച്ചകളും പിഴവുകളും പ്രശ്നങ്ങളുമൊക്കെ ഉണ്ടെന്ന വസ്തുത നിഷേധിച്ചല്ല ഇക്കാര്യം പറയുന്നത്. മറിച്ച്, പതിനായിരക്കണക്കിന് രോഗികൾ ഭേദമായി പുറത്തേക്ക് പോകുമ്പോഴാണ് ഒന്നോ രണ്ടോ പിഴവുകൾ സംഭവിക്കുന്നത്. അത്തരം പിഴവുകൾ ഒഴിവാക്കാനുള്ള ജാഗ്രതയാണ് മാധ്യമങ്ങളും കാട്ടേണ്ടത്. അല്ലാതെ സർക്കാർ ആശുപത്രികളെ ഭീകര കേന്ദ്രങ്ങളായി ചിത്രീകരിച്ച് സ്വകാര്യ ആശുപത്രികൾക്ക് പരവതാനി ഒരുക്കലാകരുത്.










