11:13pm 01 July 2026
NEWS
പൊക്കാളി നിലങ്ങളിൽ സർക്കാരിൻ്റെ നയം നടപ്പാക്കുന്ന കർഷകരെ ക്രൂശിക്കരുത്. കൃഷി നശിപ്പിക്കുന്ന പറവകളെ നിയന്ത്രിക്കാൻ സർക്കാർ നടപടികൾ എടുക്കണം : നെൽ കർഷകർ
01/07/2026  11:53 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പൊക്കാളി നിലങ്ങളിൽ സർക്കാരിൻ്റെ നയം നടപ്പാക്കുന്ന കർഷകരെ ക്രൂശിക്കരുത്. കൃഷി നശിപ്പിക്കുന്ന പറവകളെ നിയന്ത്രിക്കാൻ സർക്കാർ നടപടികൾ എടുക്കണം :  നെൽ കർഷകർ

 

കൊച്ചി :  ദിവസങ്ങൾ മാത്രം  വളർച്ചയെത്തിയ പൊക്കാളി ഞാറുകൾ വ്യാപകമായതോതിൽ തിന്ന്   നശിപ്പിക്കുന്ന പറവകളെ നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം എന്ന് നെൽ കർഷകർ ആവശ്യപ്പെട്ടു. പൊക്കാളി നിലങ്ങളിൽ സർക്കാരിൻ്റെ "ഒരു നെല്ല് ഒരു മീൻ നയം" അനുവർത്തിച്ചുകൊണ്ട് കൃഷി ചെയ്യുന്ന കർഷകരെ ക്രൂശിക്കരുത്. കൃഷി നശിപ്പിക്കുന്ന പറവകളെ നിയന്ത്രിക്കാൻ സർക്കാർ നടപടികൾ എടുക്കണം . പ്രാവ്, ദേശാടന പക്ഷിയായ എരണ്ട് ( lesser whistling duck)  ഉൾപ്പെടെയുള്ള പറവകൾ ആണ്  വൻ കൂട്ടങ്ങളായി വയലുകളിൽ പറന്നിറങ്ങി ഞാറുകൾ ഭക്ഷണമാക്കുന്നത്.  ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് കർഷകർ മുളപ്പിച്ച നെൽ വിത്തുകൾ ഉഴുതുമറിച്ച വയലുകളിൽ പാകുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് യഥാർത്ഥത്തിൽ നെൽകൃഷി ചെയ്യപ്പെടുന്ന വയലുകളുടെ വിസ്തീർണ്ണം അതിവേഗത്തിലുള്ള നഗരവൽക്കരണവും തരിശിടലും മുഖാന്തരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ തീരദേശത്തുള്ള  ചേർത്തല  കൊച്ചി കണയന്നൂർ പറവൂർ കൊടുങ്ങല്ലൂർ താലൂക്കുകളിൽ പടർന്നു കിടന്ന 25000 ഹെക്ടർ വയലുകളിൽ നിലവിൽ  5000 ഏക്കറിൽ താഴെ മാത്രമാണ് നെൽ കൃഷി ചെയ്യുവാൻ നിലം ഉടമകൾ എന്തെങ്കിലും പരിശ്രമങ്ങൾ നടത്തുന്നത് .  കൃഷി വ്യാപകമായി ചെയ്തിരുന്ന കാലഘട്ടങ്ങളിൽ പറവകളുടെ അക്രമണത്തിൻ്റെ പ്രത്യാഘാതം താരതമ്യേന കുറവായിരുന്നു. എന്നാൽ കൃഷി ചെയ്യുന്ന വയലുകളുടെ ഏക്കറേജ് കുറഞ്ഞത് മൂലം   കൃഷി ചെയ്യുവാൻ മുതിരുന്ന കർഷകർക്കാണ് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത് . പൊക്കാളി നിലങ്ങളിലെ സർക്കാരിൻ്റെ പ്രഖ്യാപിത നയം ചുവടു പിടിച്ചു കൊണ്ട് ജില്ലാ കളക്ടർ വിജ്ഞാപനം ചെയ്യുന്ന പിഎൽഡിഎ ഉത്തരവ് പ്രകാരമാണ് കർഷകർ കൃഷി ഇറക്കുന്നത്. ഉപ്പിനെയും ജലപ്രളയത്തെയും അതിജീവിച്ച് രാസവളങ്ങളും കീടനാശിനിയും ഇല്ലാതെ തന്നെ വിളവ് നൽകുന്ന ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള 
ഭൗമസൂചികാ പദവി (Geographical Indication tag) ലഭിച്ച നെല്ലിനമായ  പൊക്കാളിയെ സംരക്ഷിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. രാസവളങ്ങൾ , കീടനാശിനി, ജലസേചനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മറ്റു നെല്ലിനങ്ങൾക്ക് സർക്കാര് അനുവദിച്ചിട്ടുള്ള സബ്സിഡികൾ ഒന്നും തന്നെ പൊക്കാളി കർഷകർക്ക് അനുവദിച്ചിട്ടുമില്ല ആവശ്യവുമില്ല . എന്നാൽ പൊക്കാളി ടൂറിസത്തിന്റെ പേര് പറഞ്ഞ് മേനി നടിക്കുന്ന അധികാരികൾ കൃഷി സംരക്ഷിക്കുവാനുള്ള പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് നെൽ കർഷകരായ പാലിയേക്കൽ സോമൻ ഏഴിക്കര , തറയിൽ സേവിയർ, മഠത്തിപറമ്പിൽ  മിഥുൻ, വർഗീസ്കുട്ടി മുണ്ട്പറമ്പിൽ, കളത്തിങ്കൽ ബേബി ജോസഫ്, കുരിശിങ്കൽ ഷെർളി ജെയിംസ്, അഴീക്കൽ ലില്ലി ജോസഫ്, കളത്തിങ്കൽ ഫ്രാൻസിസ് തുടങ്ങിയ  കർഷകർ ആവശ്യപ്പെട്ടു.
വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ രണ്ട് പട്ടിക പ്രകാരം എരണ്ടകൾ സംരക്ഷിത ജീവിയാണ് . എരണ്ടകളുടെ ആക്രമണത്തിൽ നിന്നും കൃഷി സംരക്ഷിക്കുവാനുള്ള പരിശ്രമത്തിനിടയിൽ കർഷകർ  പറവകളെ ഉപദ്രവിച്ചാൽ മൂന്നു വർഷം വരെ തടവും പിഴയും അനുഭവിക്കേണ്ടിവരും . ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 2021 ൽ ആവശ്യപ്പെട്ടിട്ടും ഫോറസ്റ്റ് വകുപ്പ് ഈ വിഷയത്തിൽ ഇതുവരെ നിലപാടു് കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടില്ല . നിലവിൽ  ചില കർഷകർ വയലുകളുടെ മുകളിൽ വല്ല വിന്യസിച്ചാണ് ഒരു പരിധിവരെ പറവകളെ നിയന്ത്രിക്കുന്നത്. വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഈ നടപടി എല്ലാ കർഷകർക്കും സർക്കാരിൻ്റെ സാമ്പത്തിക സഹായം ഇല്ലാതെ പ്രയോഗത്തിൽ  കൊണ്ടുവരാൻ സാധിക്കില്ല എന്ന് കർഷകർ വ്യക്തമാക്കി . വലകൾ വിന്യസിക്കുവാൻ സർക്കാർ പലിശരഹിത വായ്പ അനുവദിക്കണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img