
ന്യൂഡൽഹി: വനിതാ ക്രിക്കറ്റിന് കൂടുതൽ ഊർജം നൽകുന്ന തീരുമാനവുമായി ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റിൽ വനിതാ താരങ്ങളുടെയും മാച്ച് ഒഫീഷ്യലുകളുടെയും പ്രതിഫലം കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് ബിസിസിഐ. പ്രതിഫലം വർധിപ്പിക്കാൻ ബോർഡിന്റെ അപെക്സ് കൗൺസിൽ അംഗീകാരം നൽകി. ഏകദിന ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീം കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം.
പുതിയ വേതനക്രമമനുസരിച്ച് ആഭ്യന്തര ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന വനിതാ താരങ്ങൾക്ക് പ്രതിദിനം ലഭിക്കുന്ന തുക 20,000 രൂപയിൽ നിന്ന് 50,000മുതൽ 60,000 രൂപയായി ഉയരും. സീനിയർ വനിതാ ഏകദിന മത്സരങ്ങളിൽ ആദ്യ പതിനൊന്നിൽ ഇടംപിടിക്കുന്ന താരങ്ങൾക്ക് പ്രതിദിനം 50,000 രൂപയും റിസർവ് താരങ്ങൾക്ക് 25,000 രൂപയും നൽകും. ദേശീയ ടി20 ടൂർണമെന്റുകളിൽ ഓരോ മത്സര ദിവസത്തിനും 25,000 രൂപയാണ് പ്രതിഫലം; റിസർവിലുള്ളവർക്ക് 12,500 രൂപ ലഭിക്കും.
ജൂനിയർ വനിതാ താരങ്ങളെയും ബിസിസിഐ പരിഗണിച്ചിട്ടുണ്ട്. അണ്ടർ-23, അണ്ടർ-19 വിഭാഗങ്ങളിലെ കളിക്കാർക്ക് പ്രതിദിനം 25,000 രൂപയും റിസർവിലുള്ളവർക്ക് 12,500 രൂപയും ലഭിക്കുന്നതാണ് പുതുക്കിയ തീരുമാനം.
താരങ്ങൾക്കൊപ്പം മാച്ച് ഒഫീഷ്യലുകൾക്കും വേതനവർധനവ് ലഭിക്കും. ആഭ്യന്തര ലീഗ് മത്സരങ്ങളിൽ അമ്പയർമാർക്കും മാച്ച് റഫറിമാർക്കും പ്രതിദിനം 40,000 രൂപയാണ് നിർദേശിച്ചിരിക്കുന്നത്. നോക്കൗട്ട് മത്സരങ്ങളിൽ ഇത് 50,000 മുതൽ 60,000 രൂപ വരെയാകും. ഇതോടെ രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരങ്ങളിൽ അമ്പയർമാർക്ക് ഓരോ മത്സരത്തിനും ഏകദേശം 1.60 ലക്ഷം രൂപയും, നോക്കൗട്ട് മത്സരങ്ങളിൽ 2.5 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ വരുമാനവും ലഭിക്കും.
വനിതാ ക്രിക്കറ്റിന്റെ വളർച്ചയും പ്രൊഫഷണൽ നിലവാരവും ശക്തിപ്പെടുത്തുന്നതിനുള്ള ബിസിസിഐയുടെ മറ്റൊരു നിർണായക നീക്കമായാണ് ഈ തീരുമാനത്തെ കാണുന്നത്.











