
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (DoM Qatar) ലേഡീസ് വിംഗ് സംഘടിപ്പിക്കുന്ന ‘വിമൻസ് കണക്ട് 2026’ ഒക്ടോബർ 16 വെള്ളിയാഴ്ച്ച 12.30മുതൽ തുമാമയിലുള്ള ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിക്കുന്നു.
ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസി വനിതകളെ ഒരുമിച്ചുചേർക്കുക, പരസ്പരം പരിചയപ്പെടാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുക, വനിതകളുടെ കഴിവുകളും നേതൃത്വപാടവവും വികസിപ്പിക്കുക എന്നിവയാണ് ലേഡീസ് വിംഗിന്റെ പ്രധാന ലക്ഷ്യങ്ങൾ. കല, കായികം, വിദ്യാഭ്യാസം, തൊഴിൽനൈപുണ്യ വികസനം, പരിശീലനം തുടങ്ങിയ വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകൾക്ക് അനുയോജ്യമായ വേദികൾ ഒരുക്കുകയും ചെയ്യുന്നതിലും വിംഗ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വിമൻസ് കണക്ട് 2026-ന്റെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണ പരിപാടി (Breast Cancer Awareness) ഉൾപ്പെടെ വനിതകളുടെ ആരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ, ലേഡീസ് വിംഗിന്റെ പുതിയ കമ്മിറ്റി രൂപീകരണവും ഇതോടനുബന്ധിച്ച് നടക്കും. വനിതകൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന കലാ-വിനോദ പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിൽ സ്ത്രീകൾക്ക് പരസ്പരം ബന്ധപ്പെടാനും സൗഹൃദങ്ങൾ ശക്തിപ്പെടുത്താനും അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കാനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും സഹായിക്കുന്ന വേദിയായി വിമൻസ് കണക്ട് മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. വനിതകളുടെ സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുകയും അവരുടെ കഴിവുകൾക്കും സർഗാത്മകതയ്ക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പരിപാടിയുടെ വിശാലമായ ലക്ഷ്യം.
ഖത്തറിലുള്ള മലപ്പുറം ജില്ലക്കാരായ എല്ലാ വനിതകളെയും പരിപാടിയിലേക്ക് സംഘാടകർ ഹൃദയപൂർവം സ്വാഗതം ചെയ്തു. പരിപാടിയിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
+974 3324 9148
+974 6683 1421 , +974 33324499










