
ദോഹ: 2028-ൽ നടക്കുന്ന നാലാമത് ആഗോള ഭിന്നശേഷി ഉച്ചകോടിക്ക് (Fourth Global Disability Summit) ഖത്തർ തലസ്ഥാനമായ ദോഹ വേദിയാകും. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള കമ്മറ്റി (UN CRPD) സംവാദത്തിൽ ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്റർനാഷണൽ ഡിസെബിലിറ്റി അലയൻസുമായി (IDA) സഹകരിച്ചാണ് ഖത്തർ ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ, വിവേചനരഹിതമായ അന്തരീക്ഷം, പങ്കാളിത്ത വികസനം എന്നിവ ആഗോളതലത്തിൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള വലിയൊരു ചുവടുവെപ്പാണ് ഈ സമ്മേളനം.ലോകമെമ്പാടുമുള്ള ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമായി അന്താരാഷ്ട്ര തലത്തിൽ ഖത്തർ നടത്തുന്ന ശക്തമായ ഇടപെടലുകളുടെ തുടർച്ചയായാണ് ഈ ഉച്ചകോടി ദോഹയിലെത്തുന്നത്.
ഭിന്നശേഷിക്കാർക്കായി എല്ലാ മേഖലകളിലും തുല്യപ്രാപ്യത (Accessibility) ഉറപ്പാക്കൽ, അവകാശധിഷ്ഠിത നയങ്ങൾ നടപ്പിലാക്കൽ, പങ്കാളിത്തം വർദ്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ആഗോള ധാരണയിലെത്താൻ ഉച്ചകോടി വേദിയൊരുക്കും. സമൂഹത്തിന്റെ എല്ലാ തുറകളിലും ഭിന്നശേഷിക്കാർക്ക് പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ ഉച്ചകോടിയിലൂടെ വ്യക്തമാകുന്നത്.










