09:04am 14 November 2026
NEWS
ലോകത്തെ മികച്ച സാംസ്‌കാരിക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ദോഹയിലെ 'ലൗഹ് വ ഖലം: എം. എഫ്. ഹുസൈൻ മ്യൂസിയം'
08/06/2026  04:13 PM IST
nila
ലോകത്തെ മികച്ച സാംസ്‌കാരിക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ദോഹയിലെ ലൗഹ് വ ഖലം: എം. എഫ്. ഹുസൈൻ മ്യൂസിയം

 


​ദോഹ: ആധുനിക കലാലോകത്തെ ഏറ്റവും സ്വാധീനിച്ച ഇതിഹാസ ചിത്രകാരൻ മഖ്ബൂൽ ഫിദ ഹുസൈന്റെ (എം. എഫ്. ഹുസൈൻ) സ്മരണാർത്ഥം ലോകത്ത് സ്ഥാപിതമായ ഏറ്റവും വലിയ ആദ്യത്തെ മ്യൂസിയമായ
ഖത്തറിലെ ലൗഹ് വ ഖലം: എം. എഫ്. ഹുസൈൻ മ്യൂസിയം'ലോകത്തിലെ ഏറ്റവും മികച്ച 100 സ്ഥലങ്ങളുടെ  പട്ടികയിൽ ഇടം നേടി.
ഖത്തർ ഫൗണ്ടേഷന്റെ കീഴിൽ എജ്യുക്കേഷൻ സിറ്റിയിൽ പ്രവർത്തിക്കുന്ന 'ലൗഹ് വ ഖലം: എം. എഫ്. ഹുസൈൻ മ്യൂസിയം' ലോകപ്രശസ്ത മാഗസിനായ 'ടൈം' (TIME) പുറത്തുവിട്ട 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച 100 സ്ഥലങ്ങളുടെ (World's Greatest Places 2026) പട്ടികയിലാണ് ഇടം നേടിയത്. ലോകമെമ്പാടുമുള്ള അസാധാരണവും ആകർഷകവുമായ യാത്രാ-സാംസ്‌കാരിക കേന്ദ്രങ്ങളെ ആദരിക്കുന്നതിനായി ടൈം മാഗസിൻ എല്ലാ വർഷവും തയ്യാറാക്കുന്നതാണ് ഈ പട്ടിക.
​2025 നവംബറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട
ലൗഹ് വ ഖലം: എം. എഫ്. ഹുസൈൻ  മ്യൂസിയത്തിന് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരം ഖത്തറിന്റെ സാംസ്‌കാരിക ഭൂമികയിലെ വലിയൊരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. 
​എം. എഫ്. ഹുസൈന്റെ ജീവിതയാത്രയും സർഗ്ഗാത്മകതയും വിളിച്ചോതുന്ന പെയിന്റിംഗുകൾ, ശില്പങ്ങൾ, സിനിമകൾ, തുന്നൽച്ചിത്രങ്ങൾ (Tapestry), ഫോട്ടോഗ്രഫി, കവിതകൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന വ്യക്തിഗത വസ്തുക്കൾ എന്നിവയുൾപ്പെടെ 150-ലധികം അപൂർവ്വ ശേഖരങ്ങളാണ് ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഹുസൈൻ വരച്ച ഒരു കൺസെപ്റ്റ് സ്കെച്ചിനെ അടിസ്ഥാനമാക്കി പ്രശസ്ത ആർക്കിടെക്റ്റ് മാർത്താണ്ഡ് ഖോസ്ലയാണ് മ്യൂസിയത്തിന്റെ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
​ഹുസൈൻ അന്തരിക്കുന്നതിന് തൊട്ടുമുൻപ് പൂർത്തിയാക്കിയ അവസാനത്തെ മാസ്റ്റർപീസായ 'സീറൂ ഫിൽ അർദ്' (Seeroo fi al ardh), കൂടാതെ ഇതുവരെ പൊതുജനങ്ങൾ കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ 'അറബ് സിവിലൈസേഷൻ' പരമ്പരയിലെ ചിത്രങ്ങളും മ്യൂസിയത്തിന്റെ പ്രധാന ആകർഷണങ്ങളാണെന്ന് ടൈം മാഗസിൻ എടുത്തുപറഞ്ഞു. കേവലമൊരു പ്രദർശനത്തിനപ്പുറം ദക്ഷിണേഷ്യ, അറബ് ലോകം, ഗ്ലോബൽ സൗത്ത് എന്നിവ തമ്മിലുള്ള സാംസ്‌കാരിക സംവാദത്തിന് ഈ കേന്ദ്രം വഴിയൊരുക്കുന്നുണ്ടെന്നും മാഗസിൻ വിലയിരുത്തി.
​ടൈം മാഗസിന്റെ ഈ അംഗീകാരം മ്യൂസിയത്തിന് ലഭിച്ച വലിയൊരു ആദരവാണെന്ന് ഖത്തർ ഫൗണ്ടേഷൻ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ആൻഡ് പ്രോഗ്രാമിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖുലൂദ് എം. അൽ-അലി പറഞ്ഞു. വായനയും അറിവും സംസ്‌കാരവും ഒരുപോലെ ഒത്തുചേരുന്ന ഒരു സജീവ കേന്ദ്രമായി ഈ മ്യൂസിയത്തെ അംഗീകരിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
​3,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മ്യൂസിയം, ലോകമെമ്പാടുമുള്ള കല ആസ്വാദകർക്കും വിദ്യാർത്ഥികൾക്കും ഹുസൈന്റെ സൃഷ്ടികളെ അടുത്തറിയാനും മനസ്സിലാക്കാനുമുള്ള മികച്ചൊരു വേദിയാണ്. ഇതിനകം തന്നെ നൂറിലധികം പൊതു കലാസൃഷ്ടികൾ (Public Artworks) പ്രദർശിപ്പിച്ചിട്ടുള്ള എജ്യുക്കേഷൻ സിറ്റിയുടെ സാംസ്‌കാരിക മൂല്യം ഈ മ്യൂസിയത്തിന്റെ വരവോടെ ലോകവേദിയിൽ കൂടുതൽ ഉയർന്നിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img