
ദോഹ :അന്താരാഷ്ട്ര പബ്ലിഷിംഗ് ഹൗസായ 'അസൂലിനു'
മായി സഹകരിച്ച് ദോഹയുടെ ചരിത്രവും സംസ്കാരവും പ്രധാന നാഴികക്കല്ലുകളും പരിചയപ്പെടുത്തുന്ന മൂന്ന് പുതിയപുസ്തക പരമ്പരകൾ മീഡിയ സിറ്റി ഖത്തർ പ്രഖ്യാപിച്ചു. ദോഹയുടെ പ്രധാന ലാൻഡ്മാർക്കുകൾ, സ്ഥാപനങ്ങൾ, സമ്പന്നമായ പൈതൃകം എന്നിവയിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് ഈ പരമ്പര രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങാനിരിക്കുന്ന ഈ മൂന്ന് പ്രസീദ്ധീകരണങ്ങളിലൂടെ, ഖത്തറിലെയും ലോകമെമ്പാടുമുള്ള വായനക്കാർക്ക് ദോഹയുടെ വികസനത്തിലേക്കും അതിജീവനത്തിന്റെ ചരിത്രത്തിലേക്കും ആഴത്തിലുള്ള ഒരു കാഴ്ചപ്പാട് നൽകാൻ സാധിക്കുമെന്ന് മീഡിയ സിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഖത്തറിന്റെ നേട്ടങ്ങളും ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ഇത്തരത്തിലുള്ള കണ്ടന്റുകളെ പിന്തുണയ്ക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് മീഡിയ സിറ്റി ഖത്തറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹമദ് ഒമർ അൽ മന്നായി പറഞ്ഞു. പ്രേരണദായകമായ നിരവധി കഥകളാൽ സമ്പന്നമാണ് ദോഹയെന്നും, ലോകമെമ്പാടുമുള്ള വായനക്കാരുമായി ഇത് പങ്കുവെക്കാൻ ഈ പുസ്തകങ്ങൾ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










