
ദോഹ: ഖത്തറും സൗദി അറേബ്യയും സംയുക്തമായി നിർമിക്കുന്ന ഹൈസ്പീഡ് ഇലക്ട്രിക് റെയിൽ പദ്ധതി രണ്ടുരാജ്യങ്ങളുടെയും സഹകരണവും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്ന വലിയ മുന്നേറ്റമാണെന്ന് ഖത്തർ ഗതാഗത മന്ത്രാലയം (MoT) അറിയിച്ചു.785 കിലോമീറ്റർ ദൂരമുളള ഈ റെയിൽ പാത ദോഹ–റിയാദ് നഗരങ്ങളെ ബന്ധിപ്പിക്കുമ്പോൾ അൽ ഹോഫുഫ്, ദമ്മാം എന്നിവിടങ്ങളിലും സ്റ്റേഷനുകൾ ഉണ്ടാകും. ഹമദ് ഇന്റർനാഷണൽ എയർപോർട്ടും കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടും നേരിട്ട് ബന്ധിപ്പിക്കുന്നതും പദ്ധതിയുടെ വലിയ നേട്ടമാണ്. 300 കി.മീ/മണിക്കൂറിൽ കൂടുതൽ വേഗതയിൽ ഓടുന്ന ട്രെയിൻ ദോഹ–റിയാദ് യാത്ര രണ്ട് മണിക്കൂറാക്കി ചുരുക്കും.
പദ്ധതി പൂർത്തിയായാൽ പ്രതിവർഷം 10 മില്യൺ യാത്രക്കാർ ഈ സേവനം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാരവും ബിസിനസും പ്രോത്സാഹിപ്പിക്കുകയും മേഖലയിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ 30,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.ഖത്തറും സൗദിയും ചേർന്ന് 115 ബില്യൺ റിയാൽ വരുമാനം ലഭ്യമാക്കുന്ന ഈ റെയിൽ നെറ്റ്‌വർക്ക്, ജിസിസി രാജ്യങ്ങൾ തമ്മിൽ ബന്ധം ശക്തിപ്പിക്കുന്നതിലും ഗതാഗത മേഖലയിലെ സമന്വയ വികസനത്തിലും വലിയ പങ്കുവഹിക്കും.
ഉയർന്ന നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഏകദേശം ആറുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന് MoT വ്യക്തമാക്കി. കാർബൺ ഉത്‌പാദനം കുറയ്ക്കുകയും സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലായിരിക്കും നിർമാണവും പ്രവർത്തനവും.










