ദോഹ മലയാളിയുടെ ഗൃഹാതുര സ്മരണക്ക് പുതു ജീവൻ നൽകി ഖത്തറിൽ പൂരം സംഘടിപ്പിക്കുന്നു

ഖത്തറിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തർ പൂരം സംഘടിപ്പിക്കുന്നു. ഖത്തർ മലയാളീസ് പ്രവർത്തകരും 974-Events പ്രതിനിധികളും, റേഡിയോ പാർട്ണർ റേഡിയോ സുനോ പ്രതിനിധികൾ, കൂടാതെ പ്രധാന പ്രായോജകരും പങ്കെടുത്ത പത്രസമ്മേളനത്തിൽ ഖത്തറിലെ മലയാളികളുടെ ഉത്സവമായ ഖത്തർ പൂരം 2025-ൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.
2025 ഫെബ്രുവരി 14 വെള്ളിയാഴ്ച അബു ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വെച്ചാണ് ഖത്തർ പൂരം സംഘടിപ്പിക്കുന്നത്. മലയാളികളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷമായ, ഖത്തറിലെ മലയാളികൾ ആവേശത്തോടെ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഖത്തർ പൂരത്തിൽ, കേരളത്തിന്റെ പരമ്പരാഗത സംഗീതം, നൃത്തം, കല, കേരളത്തിലെ വിവിധതരം ഭക്ഷണങ്ങൾ, ഖത്തറിലെ ഭൂരിഭാഗം മലയാളികൾക്കും കണ്ടുമുട്ടാവുന്ന ഒരു വേദി, തുടങ്ങിയ ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഴികക്കല്ലായി മാറും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഖത്തറിൽ ഈ രാജ്യത്തിന്റെ നിയമ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഏറ്റവും ഭംഗിയായി ഒരു പൂരപ്പറമ്പ് ഐഡിയൽ സ്കൂളിൽ ഒരുക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കലാപരിപാടികളായ നൃത്തങ്ങൾ, മ്യൂസിക് ബാൻഡുകൾ, മുട്ടിപ്പാട്ട്, കൈകൊട്ടിക്കളി, കളരി, പഞ്ചാരി മേളം, ബാൻഡ് വാദ്യം, ഒപ്പന, കോൽക്കളി തുടങ്ങിയവ, ഗൃഹാതുരത്വമുണർത്തുന്ന രുചികളും പലഹാരങ്ങളും ഉൾക്കൊള്ളുന്ന ഭക്ഷണ സ്റ്റാളുകളും, മൈലാഞ്ചി ഇടൽ, വസ്ത്ര വിൽപ്പന, ഫേസ് പെയിന്റിങ്, പ്രവാസി ക്ഷേമ പദ്ധതികൾ, ICBF ഇൻഷൂറൻസ് നോർക്ക തുടങ്ങിയവ ഉൾക്കൊള്ളുന്ന സ്റ്റാൾ, കരിയർ ഗൈഡൻസ്, സി. വി ക്ലിനിക്ക് എന്നിവയും, എല്ലാ പ്രായക്കാർക്കും കുടുംബ സൗഹൃദ പ്രവർത്തനങ്ങളും വിനോദവും ബിസിനസ്സ്, കമ്മ്യൂണിറ്റി നെറ്റ്വർക്കിംഗ് അവസരങ്ങൾ, സാംസ്കാരികവും സാമൂഹികവുമായ ഓർഗനൈസേഷനുകൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാനുള്ള അവസരങ്ങളും പൂരപ്പറമ്പിലൊരുക്കും.
ഉച്ചക്ക് 2 മുതൽ രാത്രി 11 വരെയാണ് പൂരം അരങ്ങേറുക. വൈകിട്ട് 7.00 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികൾ, വിശിഷ്ട വ്യക്തികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ഖത്തർ പൂരം 2025 വെറുമൊരു ഉത്സവമല്ല, മറിച്ച് നമ്മുടെ പാരമ്പര്യങ്ങളുടെയും ഖത്തറിലെ മലയാളി സമൂഹത്തിൻ്റെ ഐക്യത്തിൻ്റെയും ആഘോഷമാണ്. ഈ പത്താം വാർഷിക പരിപാടി ഖത്തറും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുകയും പങ്കെടുക്കുന്നവർക്ക് സമാനതകളില്ലാത്ത അനുഭവം നൽകുകയും ചെയ്യും, എന്നും സംഘാടകർ അവകാശപ്പെട്ടു.
പൊതുജനങ്ങളോടും വ്യാപാര സ്ഥാപനങ്ങളോടും സംഘടനകളോടും ഈ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത് വൻ വിജയമാക്കാൻ, ഖത്തർ മലയാളീസ് അഭ്യർത്ഥിച്ചു.
പ്രസ്സ് മീറ്റിൽ ഖത്തർ മലയാളീസ് പ്രതിനിധികളായ കെ.ടി ബിലാൽ, ഇസ്മായിൽ കൊല്ലിയിൽ, 974 ഇവൻറ് പാർട്ണർ മഹ്റൂഫ്, പ്രധാന പ്രായോജകരായ റൊട്ടാന റെസ്റ്റോറൻറ്റ് മാനേജർ ഷിബു ആനന്ദ്, റിയാദ മെഡിക്കൽ സെന്റർ മാനേജർ അൽത്താഫ്, സിയോമി ഇന്റർടെക് സെയിൽസ് മാനേജർ ലിജോ ടൈറ്റസ്, ഫൈസാൻസ് ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജർ ഹവാസ് മുഹമ്മദ്, ക്യൂ സ്റ്റാർ ട്രേഡിംഗ് മാനേജർ ഷാനവാസ് സബാഹ് എന്നിവർ സംസാരിച്ചു. റേഡിയോ സുനോ പ്രതിനിധികൾ, 974 ഇവൻറ് പാർട്ണർ റസൽ, ഖത്തർ മലയാളീസ് അഡ്മിൻ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.











