
ദോഹ: ആഗോള സാങ്കേതിക-നിക്ഷേപ രംഗത്തെ പ്രമുഖരെ ഒരുമിപ്പിക്കുന്ന 'വാൾസ്ട്രീറ്റ് ജേണൽ' (WSJ) ടെക്നോളജി സമ്മേളനത്തിന് തുടർച്ചയായ രണ്ടാം വർഷവും ഖത്തർ ആതിഥേയത്വം വഹിക്കുന്നു. ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസും (GCO) വാൾസ്ട്രീറ്റ് ജേണലിന്റെ പ്രസാധകരായ 'ഡൗ ജോൺസും' (Dow Jones) തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ക്ഷണിക്കപ്പെട്ടവർക്ക് മാത്രം പ്രവേശനമുള്ള ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
അമേരിക്കയ്ക്ക് പുറത്ത് വാൾസ്ട്രീറ്റ് ജേണലിന്റെ ഈ പ്രമുഖ ടെക്നോളജി ഇവന്റിന് വേദിയാകുന്ന ഏക രാജ്യമാണ് ഖത്തർ എന്ന് ജി.സി.ഒ ഡയറക്ടർ ഷെയ്ഖ് ജാസിം ബിൻ മൻസൂർ ബിൻ ജാബർ അൽ താനി പറഞ്ഞു. സാങ്കേതികവിദ്യ, ബിസിനസ്, നിക്ഷേപം എന്നീ മേഖലകളിലെ ആഗോള നേതാക്കളുമായി നേരിട്ട് സംവദിക്കാനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും ഈ സമ്മേളനം ഖത്തറിന് വലിയ അവസരമൊരുക്കുന്നു.തൊഴിൽ മേഖലകളിലെ നിർമ്മിത ബുദ്ധിയുടെ സ്വാധീനം, ആധുനിക കമ്പ്യൂട്ടിംഗിന് വേണ്ട ഊർജ്ജവും അടിസ്ഥാന സൗകര്യങ്ങളും, സൈബർ സുരക്ഷയും പ്രതിരോധവും, മാറുന്ന വിനോദ-മാധ്യമ മേഖല എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. സാങ്കേതികവിദ്യ, നിക്ഷേപം, കായികം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖർ സമ്മേളനത്തിൽ സംസാരിക്കും. ഇൻവെസ്റ്റ് ഖത്തർ സി.ഇ.ഒ ഷെയ്ഖ് അലി ബിൻ അൽവലീദ് അൽ താനി, നോവ സ്കൈ സ്റ്റോറീസ് സഹസ്ഥാപകൻ കിംബൽ മസ്ക്, എട്ട് തവണ ഒളിമ്പിക് ചാമ്പ്യനായ ഉസൈൻ ബോൾട്ട്, അഞ്ച് തവണ ഗ്രാൻഡ് സ്ലാം ജേതാവായ മരിയ ഷറപ്പോവ, വാൾട്ട് ഡിസ്നി-കൊക്കകോള ബോർഡ് അംഗം കരോലിൻ എവർസൺ, കോഗ്നിഷൻ സീനിയർ മാനേജിംഗ് ഡയറക്ടർ നാരി സിംഗ്, പവറസ് സി.ഇ.ഒ ആൻഡ്രൂ ഫോക്സ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വാൾസ്ട്രീറ്റ് ജേണൽ മാധ്യമപ്രവർത്തകർ നയിക്കുന്ന അഭിമുഖങ്ങളും സംവാദങ്ങളും നടക്കും. 2025 ഡിസംബറിൽ ദോഹയിൽ നടന്ന ആദ്യ പതിപ്പിൽ ഇരുന്നൂറിലധികം പ്രമുഖ നിക്ഷേപകരും സംരംഭകരും പങ്കെടുത്തിരുന്നു. മീഡിയ സിറ്റി ഖത്തറിലെ പ്രവർത്തനങ്ങളിലൂടെ മേഖലയിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ട് 2024-ലാണ് ജി.സി.ഒയും ഡൗ ജോൺസും തമ്മിൽ കരാറിലേർപ്പെട്ടത്.










