
ദോഹ: അറബ് കായിക ലോകം ഉറ്റുനോക്കുന്ന നാലാമത് ജിസിസി ഗെയിംസിന് (GCC Games - Doha 2026) ഖത്തർ ആതിഥ്യമരുളാൻ സജ്ജമായി. മെയ് 11 മുതൽ 22 വരെ നടക്കുന്ന ഈ കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഖത്തർ ഒളിമ്പിക് കമ്മിറ്റി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നമായ (Mascot) 'വാഷിഖ്' (Washeq) പുറത്തിറക്കി.
അറേബ്യൻ മരുഭൂമികളിലെ കരുത്തനായ 'കാരാക്കൽ' (Desert Caracal) എന്ന ജീവിയിൽ നിന്നാണ് വാഷിഖിന് രൂപം നൽകിയിരിക്കുന്നത്. ഗൾഫ് നാടുകളുടെ പ്രകൃതിയുമായും സംസ്കാരവുമായും അടുത്തുനിൽക്കുന്ന വാഷിഖ്, കായികതാരങ്ങളുടെ ചടുലതയെയും ലക്ഷ്യബോധത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. "ഒരൊറ്റ ഗൾഫ്, ഒരൊറ്റ ഹൃദയം" (One Gulf, One Heart) എന്ന മുദ്രാവാക്യമുയർത്തി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും സാഹോദര്യവുമാണ് ഈ കായിക മേളയിലൂടെ ലക്ഷ്യമിടുന്നത്.12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 19 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
ഹാൻഡ്‌ബോൾ, ടേബിൾ ടെന്നീസ്, അത്‌ലറ്റിക്സ്, സ്‌ക്വാഷ്, പാഡൽ, ഫെൻസിങ്, ബോക്സിങ്, തായ്‌ക്കൊണ്ടോ, കരാട്ടെ, നീന്തൽ, ബില്ല്യാർഡ്‌സ് & സ്നൂക്കർ, ബാസ്‌ക്കറ്റ്‌ബോൾ, ഷൂട്ടിങ്, ആർച്ചറി, വോളിബോൾ, ഇക്വസ്ട്രിയൻ (കുതിരപ്പന്തയം), ബൗളിങ് തുടങ്ങിയവയാണ് പ്രധാന മത്സരങ്ങൾ.ആസ്പയർ ഡോം, ഹമദ് അക്വാട്ടിക് സെന്റർ, ഖലീഫ ഇന്റർനാഷണൽ ടെന്നീസ് & സ്ക്വാഷ് കോംപ്ലക്സ് തുടങ്ങി ദോഹയിലെ അത്യാധുനികമായ 11 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക.മേളയിൽ മികച്ച നേട്ടം കൊയ്യാൻ ഖത്തർ ടീം പൂർണ്ണ സജ്ജമാണെന്ന് അഡ്മിനിസ്ട്രേറ്റീവ് ഡെലിഗേഷൻ തലവൻ നജ്‌ല അൽ ഖയാറീൻ പറഞ്ഞു. 19 ഇനങ്ങളിലും ഖത്തറിനായി മികച്ച അത്‌ലറ്റുകൾ അണിനിരക്കും. മുൻപത്തെ ജിസിസി ഗെയിംസുകളിൽ ഖത്തർ മികച്ച പോരാട്ടം കാഴ്ചവെച്ചിട്ടുണ്ട്. 2011-ൽ മൂന്നാം സ്ഥാനവും 2015-ൽ മൂന്നാം സ്ഥാനവും 2022-ൽ അഞ്ചാം സ്ഥാനവുമായിരുന്നു ഖത്തറിന്റെ നേട്ടം. സ്വന്തം നാട്ടിൽ നടക്കുന്ന മേളയിൽ മെഡൽ പട്ടികയിൽ മുന്നിലെത്താനാണ് ഖത്തറിന്റെ ശ്രമം.മെയ് 11-ന് അൽ ഷഖാബിൽ (Al Shaqab) വെച്ച് നടക്കുന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങോടെ ഗെയിംസിന് തുടക്കമാകും. വൻകിട കമ്പനികളായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, മുശൈരിബ് പ്രോപ്പർട്ടീസ്, അൽകാസ് ചാനൽ എന്നിവരുൾപ്പെടെയുള്ള ഔദ്യോഗിക സ്പോൺസർമാരെയും സംഘാടകർ പ്രഖ്യാപിച്ചു. ഗൾഫ് യുവാക്കൾക്കിടയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ബന്ധങ്ങൾ ദൃഢമാക്കുന്നതിനുമുള്ള വലിയൊരു വേദിയായി ദോഹ 2026 മാറുമെന്ന് ഷെയ്ഖ് അബ്ദുള്ള ബിൻ സൗദ് അൽ താനി പറഞ്ഞു.










