01:06am 24 October 2026
NEWS
ദോഹ ഫിലിം ഫെസ്റ്റിവൽ; 'മെയ്ഡ് ഇൻ ഖത്തർ' മത്സര വിഭാഗത്തിൽ എട്ട് ഹ്രസ്വചിത്രങ്ങൾ മാറ്റുരയ്ക്കും
23/10/2026  07:29 PM IST
nila
ദോഹ ഫിലിം ഫെസ്റ്റിവൽ; മെയ്ഡ് ഇൻ ഖത്തർ മത്സര വിഭാഗത്തിൽ എട്ട് ഹ്രസ്വചിത്രങ്ങൾ മാറ്റുരയ്ക്കും

 


​ദോഹ: നവംബർ 19 മുതൽ 27 വരെ അരങ്ങേറുന്ന  ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ആവേശകരമായ പ്രഖ്യാപനമെത്തി. ചലച്ചിത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മേളയിലെ ശ്രദ്ധേയമായ ‘മെയ്ഡ് ഇൻ ഖത്തർ’ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എട്ട് പ്രാദേശിക ചിത്രങ്ങളുടെ ലിസ്റ്റ് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഔദ്യോഗികമായി പുറത്തുവിട്ടു. പ്രാദേശിക സിനിമാപ്രവർത്തകരുടെ സർഗ്ഗാത്മകതയും പ്രതിഭയും വിളിച്ചോതുന്നതാണ് ഈ ചിത്രങ്ങളെല്ലാം. ആഴമേറിയ മനുഷ്യനുഭവങ്ങളും കുടുംബബന്ധങ്ങളും സാംസ്കാരിക ഓർമ്മകളും ദൃശ്യവൽക്കരിക്കുന്ന ഈ സിനിമകൾ, ഖത്തറിലെ വളർന്നുവരുന്ന ചലച്ചിത്ര സംസ്കാരത്തിന്റെ നേർക്കാഴ്ചയാണെന്ന് 
​ ഡി.എഫ്.ഐ സി.ഇഒയും ഫെസ്റ്റിവൽ ഡയറക്ടറുമായ ഫാത്വിമ ഹസ്സൻ അൽ റുമൈഹി വ്യക്തമാക്കി. "മെയ്ഡ് ഇൻ ഖത്തർ വിഭാഗത്തിലെ ഓരോ ചിത്രവും സർഗ്ഗാത്മകമായ ഒരു ശബ്ദവും തനതായ ദർശനവുമാണ്. പ്രാദേശിക പ്രതിഭകളെ കൈപിടിച്ചുയർത്താനും ലോക സിനിമാവേദിയുമായി സംവദിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നതെന്ന് " അവർ കൂട്ടിച്ചേർത്തു.

​അമീറ അബു ജബ്റ, ഹൂരിയ അൽ ഹദ്ദാദ് കൂട്ടുകെട്ടിലൊരുങ്ങിയ ‘അബു ഫാനൂസ്’, ഖുലൂദ് അൽ അലി സംവിധാനം ചെയ്ത ‘ആഫ്റ്റർ ദി റെയിൻ’, മൈസ അൽ മുഅ്മിൻ ഒരുക്കിയ ‘ദാഇം’, ഹമദ് അൽ ഫൈഹാനിയുടെ ‘ഐ ക്രൗൾ ടൂ മൈ സെൽഫ്’, ടോണി അൽ ഗസലിന്റെ ‘ഘാഫല’, സെബാസ്റ്റ്യൻ ഡെലാസ്കസാസിന്റെ ‘ദി ഡെപ്ത്സ് ഓഫ് സൈലൻസ്’, യസീദ് അൽ തഖിയുടെ ‘വെയ് ആർ ഇന്ററപ്റ്റഡ്’, നാദിയ അൽ ഖാതറിന്റെ ‘ലൈക്ക് എ മെറ്റിയോർ’ എന്നീ എട്ട് ചിത്രങ്ങളാണ് ഇത്തവണ മേളയിൽ മാറ്റുരയ്ക്കുന്നത്.
​ഖത്തരി ചലച്ചിത്രകാരി അൽ ജൗഹറ അൽ താനി, ലെബനീസ് നടിയുംസംവിധായികയുമായ യുമ്ര മാർവാൻ, ഫലസ്തീൻ-ബെൽജിയൻ ചലച്ചിത്രകാരനും നിർമ്മാതാവുമായ നായേൽ ഖ്ലൈഫി എന്നിവരടങ്ങുന്ന പ്രത്യേക ജൂറിയാണ് ചിത്രങ്ങളെ വിലയിരുത്തുന്നത്.
​കതറ, ഖത്തർ മീഡിയ സിറ്റി - ഫിലിം കമ്മീഷൻ, വിസിറ്റ് ഖത്തർ തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെയെത്തുന്നഈചലച്ചിത്രോത്സവംവെള്ളിത്തിരയുടെയും കഥപറച്ചിലിന്റെയും വലിയ ആഘോഷമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img