09:05am 28 November 2026
NEWS
ദോഹ ഫിലിം ഫെസ്റ്റിവൽ (DFF 2026) പ്രതീക്ഷകൾക്കപ്പുറമുള്ള വിജയം; പ്രാദേശിക സിനിമകളെ ആഗോളതലത്തിൽ എത്തിക്കാൻ ഡി.എഫ്.ഐ
27/11/2026  04:01 PM IST
nila
ദോഹ ഫിലിം ഫെസ്റ്റിവൽ (DFF 2026) പ്രതീക്ഷകൾക്കപ്പുറമുള്ള വിജയം; പ്രാദേശിക സിനിമകളെ ആഗോളതലത്തിൽ എത്തിക്കാൻ ഡി.എഫ്.ഐ

 

 

​ദോഹ: ഖത്തറിലെ സിനിമാ വ്യവസായം കെട്ടിപ്പടുക്കുന്നതിനായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (DFI) കഴിഞ്ഞ 16 വർഷമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമാണ് 'ദോഹ ഫിലിം ഫെസ്റ്റിവൽ 2026'-ലെ (DFF) 'മെയ്ഡ് ഇൻ ഖത്തർ' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന നാല് ഫീച്ചർ ഫിലിമുകളും എട്ട് ഹ്രസ്വചിത്രങ്ങളുമെന്ന് ഫെസ്റ്റിവൽ ഡയറക്ടറും ഡി.എഫ്.ഐ സി.ഇ.ഒയുമായ ഫാത്തിമ ഹസ്സൻ അൽ-റുമൈഹി പറഞ്ഞു. ഖത്തറിലെ സിനിമകളെയും ചലച്ചിത്ര പ്രവർത്തകരെയും ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ അടുത്ത പ്രധാന ലക്ഷ്യമെന്നും മാധ്യമസമ്മേളനത്തിൽ അവർ വ്യക്തമാക്കി.
ഈ വർഷം പുതുതായി ഉൾപ്പെടുത്തിയ 'ഡി.എഫ്.എഫ് ക്ലാസിക്സ്' (DFF Classics), 'സിനിമ അൽ ഖലീജ്' (Cinema Al Khaleej) എന്നീ വിഭാഗങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഫാത്തിമ അൽ-റുമൈഹിയും അബ്ദുള്ള അൽ-മുസല്ലമും പറഞ്ഞു.ഒരു ഫീച്ചർ ഫിലിം നിർമ്മിക്കാൻ അഞ്ചോ ആറോ വർഷമെടുക്കും. അതിനാൽ ഗ്രാന്റ് നൽകുന്നതിനപ്പുറം തിരക്കഥാ സഹായം, അധിക ധനസഹായം, വിതരണം, വിപണനം എന്നിവയിലെല്ലാം ചലച്ചിത്ര പ്രവർത്തകരെ സഹായിക്കുന്നതിനാണ് 'ഖുംറ'യ്ക്ക് രൂപം നൽകിയതെന്ന് അൽ-റുമൈഹി വിശദീകരിച്ചു.അറബ് മേഖലയ്ക്കും അപ്പുറമുള്ള മികച്ച സിനിമകളാണ് മേളയിലേക്ക് തിരഞ്ഞെടുക്കുന്നത്. കലാപരമായ മേന്മയും സന്ദേശവുമാണ് സിനിമകൾ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡമെന്ന് അലക്സാണ്ടർ മർഫിയുടെ 'ടിൻ കാസിൽ' (Tin Castle) എന്ന ചിത്രം ഉദാഹരിച്ചുകൊണ്ട് മാജിദ് അൽ-റുമൈഹി വ്യക്തമാക്കി. ഹ്രസ്വചിത്രങ്ങൾക്കായുള്ള ഓപ്പൺ കോളിൽ ഏകദേശം 2,000 സിനിമകളാണ് ലഭിക്കുന്നത്. ഭാവിയിൽ അന്താരാഷ്ട്ര ഫീച്ചർ ഫിലിം മത്സരവിഭാഗത്തിലേക്കും സമാനമായ രീതിയിൽ എൻട്രികൾ ക്ഷണിക്കുന്നത് പരിഗണനയിലുണ്ടെന്ന് പറഞ്ഞു.
ഫെസ്റ്റിവലിന്റെ ഔദ്യോഗിക എയർപോർട്ട് പങ്കാളിയായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (HIA) 'മെയ്ഡ് ഇൻ ഖത്തർ സ്ക്രീനിംഗ് റൂം' വഴി യാത്രക്കാർക്ക് ഖത്തർ സിനിമകൾ കാണാൻ അവസരമുണ്ട്. പ്രതിവർഷം ഏകദേശം 5 കോടി യാത്രക്കാർ എത്തുന്ന വിമാനത്താവളത്തിൽ, ഇതിന്റെ ഒരു ശതമാനം പേർ ഈ സിനിമകൾ കണ്ടാൽ പോലും അത് ഖത്തറിലെ ചലച്ചിത്ര പ്രവർത്തകർക്ക് വലിയൊരു പുതിയ പ്രേക്ഷകസമൂഹത്തെ നൽകുമെന്ന് ഫാത്തിമ അൽ-റുമൈഹി ചൂണ്ടിക്കാട്ടി.
 ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുള്ള അൽ-മുസല്ലം, പ്രോഗ്രാമർ മാജിദ് അൽ-റുമൈഹി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img