
ദോഹ: ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന ദോഹ ഫിലിം ഫെസ്റ്റിവലിന്റെ (DFF) 2026 പതിപ്പിലെ രാജ്യാന്തര ഫീച്ചർ ഫിലിം മത്സരവിഭാഗത്തിലേക്ക് 15 ചിത്രങ്ങൾ തിരഞ്ഞെടുത്തു. അറബ് ലോകം, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ശ്രദ്ധേയവും ശക്തവുമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ടവയിൽ 11 ചിത്രങ്ങൾ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (DFI) ഗ്രാന്റ് പിന്തുണയോടെ നിർമ്മിച്ചവയാണ്. ഇതിൽ 7 ചിത്രങ്ങൾ സംവിധാനം ചെയ്തത് വനിതകളാണെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഒക്ടോബർ 7-നാണ് ഡി.എഫ്.ഐ ഭാരവാഹികൾ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടത്.ഫെസ്റ്റിവലിൽ ഏവരും ഉറ്റുനോക്കുന്ന പലസ്തീനിൽ നിന്നുള്ള 4 ചിത്രങ്ങൾ മത്സരരംഗത്തുണ്ട്. 'തെർറ്റീൻ ഇൻ ഗാസ' (ഹൊസാം അബു ദാൻ), 'സമാ' (റബാബ് ഖമീസ്), 'ഇൻ കോൺവർസേഷൻ വിത്ത് ദി സീ' (മൊയാദ് അലയൻ), 'റെവല്യൂഷണറീസ് നെവർ ഡൈ' (മോഹൻദ് യാഖൂബി) എന്നിവയാണവ.യെമനിൽ നിന്നുള്ള 'ദി സ്റ്റേഷൻ' (സാറ ഇഷാക്), അംഗോളൻ ചിത്രം 'മൈ സെംബ', ചൈനീസ് ചിത്രം 'എ ഗേൾ അൺനോൺ', അയർലൻഡിൽ നിന്നുള്ള 'ടിൻ കാസിൽ', ജോർദാനിൽ നിന്നുള്ള 'കോൺക്രീറ്റ് ലാൻഡ്' തുടങ്ങിയവ മാറ്റുരയ്ക്കുന്ന പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു.മികച്ച ഫിക്ഷൻ ചിത്രത്തിന് 75,000 ഡോളറും (ഏകദേശം 62 ലക്ഷം രൂപ), മികച്ച ഡോക്യുമെന്ററിക്ക് 50,000 ഡോളറും, മികച്ച കലാമൂല്യമുള്ള ചിത്രത്തിന് 45,000 ഡോളറും, മികച്ച അഭിനയത്തിന് 15,000 ഡോളറും പുരസ്കാരമായി നൽകും. കൂടാതെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സിന്റെ (FIPRESCI) പ്രത്യേക അവാർഡുമുണ്ടാകും.
റിപ്പബ്ലിക് ഓഫ് സിനിമയിലെ അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് വേദിയൊരുക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് ഡി.എഫ്.ഐ സി.ഇ.ഒയും ഫെസ്റ്റിവൽ ഡയറക്ടറുമായ ഫാത്മ ഹസ്സൻ അൽ റുമൈഹി പറഞ്ഞു. നവംബർ 19 മുതൽ 27 വരെ കത്താറ, മീഡിയ സിറ്റി ഖത്തർ, വിസിറ്റ് ഖത്തർ എന്നിവയുടെ സഹകരണത്തോടെയാണ് ദോഹ ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്നത്.










