
ദോഹ: പ്രാദേശികമായ വെല്ലുവിളികൾക്കിടയിലും കരുത്തുറ്റ ആസ്തി വളർച്ചയുമായി ദോഹ ബാങ്ക് 2026-ലെ ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടു. മാർച്ച് 31-ന് അവസാനിച്ച പാദത്തിൽ 234 ദശലക്ഷം (23.4 കോടി) റിയാൽ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലാഭത്തിൽ 6.8 ശതമാനത്തിന്റെ നേരിയ കുറവുണ്ടായെങ്കിലും ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ശക്തമായ വളർച്ച പ്രകടമാണ്.ബാങ്കിന്റെ മൊത്തം ആസ്തി 12,120 കോടി റിയാലായി (QR 121.2 billion) ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.1 ശതമാനത്തിന്റെ വർദ്ധനവാണിത്.മൊത്തം വായ്പകളിലും അഡ്വാൻസുകളിലും 14 ശതമാനം വളർച്ച രേഖപ്പെടുത്തി (7,050 കോടി റിയാൽ).ഉപഭോക്താക്കളുടെ നിക്ഷേപം 12.8 ശതമാനം വർദ്ധിച്ച് 5,660 കോടി റിയാലിലെത്തി.ബാങ്കിന്റെ മൊത്തം മൂലധന അടിത്തറ 2.6 ശതമാനം വർദ്ധിച്ച് 1,500 കോടി റിയാലായി.ബാങ്കിന്റെ മെച്ചപ്പെട്ട പ്രവർത്തനക്ഷമതയ്ക്ക് പിന്നിൽ 'ഹിമ്മ ട്രാൻസ്ഫോർമേഷൻ' എന്ന സ്ട്രാറ്റജിക് പ്രോഗ്രാമാണെന്ന് ഗ്രൂപ്പ് സി.ഇ.ഒ ശൈഖ് അബ്ദുറഹ്മാൻ ബിൻ ഫഹദ് ബിൻ ഫൈസൽ അൽ താനി പറഞ്ഞു. ബാങ്കിന്റെ മൂലധന ശേഷി (Capital Adequacy Ratio) 17.86 ശതമാനമാണെന്നും ഇത് ബാങ്കിന്റെ സാമ്പത്തിക ഭദ്രതയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെബ് സമ്മിറ്റ് ഖത്തർ 2026-ൽ ഇൻവെസ്റ്റ് ഖത്തർ, ഊറെഡൂ എന്നിവയുമായി സഹകരിച്ച് വിദേശ നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും മികച്ച ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകാനുള്ള കരാറുകളിലും ബാങ്ക് ഒപ്പുവെച്ചു. ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി സുസ്ഥിരവും നൂതനവുമായ ഒരു ബാങ്കിംഗ് വ്യവസ്ഥിതി കെട്ടിപ്പടുക്കാനാണ് ദോഹ ബാങ്ക് ലക്ഷ്യമിടുന്നത്.










