09:08am 28 November 2026
NEWS
ദക്ഷിണ ഗംഗോത്രിയുടെ നിർമ്മാണ കഥയുമായി ഡോക്യുമെന്ററി 1983-ലെ ഇന്ത്യയുടെ അന്റാർട്ടിക് ദൗത്യത്തിന് ദൃശ്യവിഷ്കാരം
27/11/2026  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദക്ഷിണ ഗംഗോത്രിയുടെ നിർമ്മാണ കഥയുമായി ഡോക്യുമെന്ററി 1983-ലെ ഇന്ത്യയുടെ അന്റാർട്ടിക് ദൗത്യത്തിന് ദൃശ്യവിഷ്കാരം
HIGHLIGHTS

'മിറക്കിൾ ഇൻ അന്റാർട്ടിക്ക: ദ ഫോർഗോട്ടൻ സ്റ്റോറി ഓഫ് ദക്ഷിൺ ഗംഗോത്രി' ഡോക്യുമെന്ററി പ്രദർശനത്തോടനുബന്ധിച്ച നടന്ന ചടങ്ങിൽ ഡോ കെ ജെ മാത്യു ഓർമകൾ പങ്കുവെക്കുന്നു.

കൊച്ചി: അന്റാർട്ടിക് പര്യവേക്ഷണ ഓർമ്മകൾ പങ്കുവെച്ച് സിഎംഎഫ്ആർഐ മുൻ ശാസ്ത്രജ്ഞൻ ഡോ. കെ.ജെ. മാത്യുകൊടുംതണുപ്പിനെയും ഹിമപാതങ്ങളെയും അതിജീവിച്ച് ഇന്ത്യൻ സംഘം അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രമായ 'ദക്ഷിണ ഗംഗോത്രി'യുടെ നിർമ്മാണ ചരിത്രം അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി 'മിറക്കിൾ ഇൻ അന്റാർട്ടിക്ക: ദ ഫോർഗോട്ടൻ സ്റ്റോറി ഓഫ് ദക്ഷിൺ ഗംഗോത്രി' സിഎംഎഫ്ആർഐയിൽ പ്രദർശിപ്പിച്ചു. 

1983ലെ മൂന്നാം ഇന്ത്യൻ അന്റാർട്ടിക് പര്യവേക്ഷണത്തിലാണ് ആദ്യ ഗവേഷണ സ്റ്റേഷൻ സ്ഥാപിക്കുന്നത്. അന്റാർട്ടിക്കയിലെ പ്രതികൂല കാലാവസ്ഥയെ പ്രതിരോധിച്ച് ഗവേഷണ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കിയ ഇന്ത്യൻ സംഘത്തിന്റെ അസാമാന്യ ഇച്ഛാശക്തിയാണ് ചിത്രം പങ്കുവെക്കുന്നത്. അന്റാർട്ടിക്കയിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ ഒരു ഹെലികോപ്റ്റർ തകർന്നുവീണതടക്കമുള്ള നാടകീയ സംഭവങ്ങളും ചിത്രത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. സംഘത്തലവനും സമുദ്രവികസന വകുപ്പ് മുൻ സെക്രട്ടറിയുമായ ഡോ. ഹർഷ് കെ. ഗുപ്ത, സി.എം.എഫ്.ആർ.ഐ മുൻ ശാസ്ത്രജ്ഞൻ ഡോ. കെ.ജെ. മാത്യു, ഡോ. അശോക് കുമാർ ഹഞ്ചൂറ എന്നീ മൂന്ന് ശാസ്ത്രജ്ഞരുമായുള്ള അഭിമുഖങ്ങളിലൂടെയാണ് ഡോക്യുമെന്ററി പുരോഗമിക്കുന്നത്. സൗരഭ് റാവുവാണ് 75 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ നിർമാതാവ്. 

അതിജീവനത്തിന്റെ 60 ദിനങ്ങൾഅത്യപൂർവവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമായിരുന്നു പര്യവേക്ഷണമെന്ന് പ്രദർശന വേളയിൽ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഡോ. കെ. ജെ. മാത്യു പറഞ്ഞു. സിഎംഎഫ്ആർഐയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ദൗത്യത്തിൽ പങ്കുചേർന്നത്.   അന്റാർട്ടിക്കയിലെ ഒരൊറ്റ വേനൽക്കാലം കൊണ്ട് ഗവേഷണ കേന്ദ്രത്തിനായുള്ള കെട്ടിടങ്ങൾ നിർമ്മിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും 8 മുതൽ 16 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നു. ദൗത്യത്തിനിടെ നാല് വലിയ ഹിമപാതങ്ങളെയാണ് സംഘം നേരിട്ടത്. ഏറ്റവും ശക്തമായ കാറ്റിന് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയുണ്ടായിരുന്നു. ഇതിനുപുറമെ, അന്റാർട്ടിക്കയിലെത്തി രണ്ടാം ദിവസം വ്യോമസേനയുടെ വലിയൊരു ഹെലികോപ്റ്റർ നഷ്ടപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി. എന്നാൽ, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് നിശ്ചിത സമയത്തിനുള്ളിൽ തന്നെ ദക്ഷിണ ഗംഗോത്രിയുടെ നിർമ്മാണം പൂർത്തിയാക്കാൻ സംഘത്തിന് സാധിച്ചുവെന്ന് ഡോ. മാത്യു പറഞ്ഞു. 

അന്റാർട്ടിക്കയിലേക്കുള്ള ഒരു മാസത്തെ യാത്രയും അവിടെയുള്ള രണ്ടു മാസത്തെ താമസവും മടക്കയാത്രയുമടക്കം നാല് മാസത്തോളം നീണ്ടുനിന്നതായിരുന്നു ദൗത്യം. 

മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (എം.ബി.എ.ഐ) പ്രദർശനം സംഘടിപ്പിച്ചത്. റാഞ്ചി ബിർസ കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജോർജ് ജോൺ മുഖ്യാതിഥിയായിരുന്നു. 

സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. ചിത്രത്തിന്റെ നിർമ്മാതാവ് സൗരഭ് റാവു ഡോക്യുമെന്ററി പരിചയപ്പെടുത്തി. എൻ.പി.ഒ.എൽ മുൻ ഡയറക്ടർ ഡോ. എസ്. അനന്തനാരായണൻ, എം.ബി.എ.ഐ സെക്രട്ടറി ഡോ. രേഖ ജെ. നായർ, സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ. വിദ്യ ആർ. എന്നിവർ സംസാരിച്ചു.

ദക്ഷിണ ഗംഗോത്രി: ഇന്ത്യയുടെ അന്റാർട്ടിക് കുതിപ്പിന്റെ നാഴികക്കല്ല്

ഇന്ത്യയുടെ അന്റാർട്ടിക് ഗവേഷണ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായിരുന്നു ദക്ഷിണ ഗംഗോത്രിയുടെ സ്ഥാപനം. കേവല പര്യവേക്ഷണ യാത്രകൾക്കപ്പുറം മഞ്ഞുഭൂമിയിൽ സ്ഥിരമായ ശാസ്ത്ര ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കാൻ ഇതിലൂടെ ഇന്ത്യയ്ക്ക് സാധിച്ചു. പിന്നീട് മഞ്ഞുമൂടിപ്പോയതിനെത്തുടർന്ന് ഈ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും, തുടർന്നുവന്ന 'മൈത്രി', 'ഭാരതി' എന്നീ ഗവേഷണ കേന്ദ്രങ്ങളുടെ നിർമ്മാണത്തിന് വഴിതുറന്നത് ദക്ഷിണ ഗംഗോത്രിയാണ്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img