01:56am 23 September 2026
NEWS
കിടക്ക ഒഴിവില്ലാത്തതിനാൽ രോ​ഗിയെ കൊന്നുകളയാൻ നിർദ്ദേശിക്കുന്ന ശബ്ദസന്ദേശം പുറത്ത്
01/06/2025  01:41 PM IST
nila
കിടക്ക ഒഴിവില്ലാത്തതിനാൽ രോ​ഗിയെ കൊന്നുകളയാൻ നിർദ്ദേശിക്കുന്ന ശബ്ദസന്ദേശം പുറത്ത്

കോവിഡ് രോ​ഗിയെ കിടക്ക ഒഴിവില്ലാത്തതിനാൽ കൊന്നുകളയാൻ നിർദ്ദേശിക്കുന്ന ശബ്ദസന്ദേശം പുറത്ത്. ലാത്തൂരിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിൽ 2021 ൽ രണ്ട് ഡോക്ടർമാർ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഉദ്ഗിർ സർക്കാർ ആശുപത്രിയിൽ അഡീഷണൽ ജില്ലാ സർജനായിരുന്ന ഡോ. ശശികാന്ത് ദേശ്പാണ്ഡെയും അതേസമയം കോവിഡ് -19 കെയർ സെൻററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ​​ശശികാന്ത് ഡാങ്കെയും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. ഇരുവർക്കുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.  

2021 ഏപ്രിൽ 15 ന് കോവിഡ്-19 ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കൗസർ ഫാത്തിമ എന്ന രോഗിയെ കുറിച്ചായിരുന്നു സംഭാഷണം. ആരെയും അകത്തേക്ക് കടക്കാൻ അനുവദിക്കരുത് ആ സ്ത്രീയെ കൊന്നുകളഞ്ഞേക്കൂ എന്നാണ്  സംഭാഷണത്തിനിടയിൽ ഡോ. ശശികാന്ത് ദേശ്പാണ്ഡെ പറയുന്നത്. ആശുപത്രിയിൽ കിടക്ക ലഭ്യതയെക്കുറിച്ച് ഡോ. ശശികാന്ത് ദേശ്പാണ്ഡെ അന്വേഷിച്ചിരുന്നു. കിടക്കകളൊന്നും ഒഴിഞ്ഞുകിടക്കുന്നില്ല എന്നായിരുന്നു ശശികാന്ത് ഡാങ്കെയുടെ മറുപടി. പിന്നാലെയാണ് കൊന്നുകളയാൻ ഡോക്ടർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ലാത്തൂർ പൊലീസ് ഡോ. ശശികാന്ത് ദേശ്പാണ്ഡെയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് അദ്ദേഹത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്.

എഫ്‌ഐആറിൽ പറയുന്നതനുസരിച്ച് 2021 ഏപ്രിൽ 15 ന് യുവതിയെ കിടത്തി ചികിൽസയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. നാന്ദേഡ് റോഡിലെ ഒരു കണ്ണാശുപത്രിക്ക് എതിർവശത്തുള്ള ഒരു കെട്ടിടത്തിലായിരുന്നു കോവിഡ് ചികിത്സ നൽകിക്കൊണ്ടിരുന്നത്. 10 ദിവസമാണ് യുവതി ആശുപത്രിയിൽ കഴിഞ്ഞത്. ശേഷം കോവിഡ് മുക്തയായി ആശുപത്രി വിടുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏഴാം ദിവസമായിരുന്നു ഈ സംഭാഷണം നടന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img