12:01am 30 April 2026
NEWS
ബിഗ് ബോസിൽ അവസരം വാ​ഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും തട്ടിയെടുത്തത് 10 ലക്ഷം രൂപ
11/08/2025  07:29 AM IST
nila
  ബിഗ് ബോസിൽ അവസരം വാ​ഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും തട്ടിയെടുത്തത് 10 ലക്ഷം രൂപ

പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ അവസരം വാ​ഗ്ദാനം ചെയ്ത് തന്റെ പത്തുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഡോക്ടർ രം​ഗത്ത്. ഭോപ്പാൽ സ്വദേശിയായ ഡോ. അഭിനീത് ഗുപ്തയാണ് തട്ടിപ്പിനിരയായത്. ത്വക്ക് രോഗ വിദഗ്ധനായ അഭിനീത് ഗുപ്ത മുംബൈയിൽ വാർത്താസമ്മേളനം വിളിച്ചാണ് താൻ തട്ടിപ്പിനിരയായ വിവരം പുറംലോകത്തെ അറിയിച്ചത്. അഭിനീതിന്റെ പരാതിയിൽ ഭോപ്പാൽ പൊലീസും ഓഷിവാര പൊലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. 

 2022-ൽ കരൺ സിങ് എന്നൊരാലാണ് ബിഗ് ബോസിൽ പങ്കെടുക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതെന്ന് ഡോക്ടർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഷോയുടെ നിർമാതാക്കളുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നായിരുന്നു കരൺ അവകാശപ്പെട്ടത്. ഒരു കോടി രൂപയാണ് ബി​ഗ് ബോസ് ഹൗസിൽ പ്രവേശിക്കാനായി നൽകേണ്ടത് എന്നായിരുന്നു ഡോക്ടറോട് കൺ പറഞ്ഞിരുന്നത്. 

'ഒരു കോടി രൂപ നൽകണം എന്നാണ് കരൺ ആദ്യം എന്നോട് ആവശ്യപ്പെട്ടത്. എന്നാൽ അത്രയും പണം എന്റെ കൈവശമില്ലെന്ന് പറഞ്ഞതോടെ അയാൾ മുംബൈയിലേക്ക് തിരികെ പോയി. പിന്നാലെ, അവിടെ നിന്ന് അയാളുടെ സഹപ്രവർത്തകരോട് എന്നെക്കൊണ്ട് സംസാരിപ്പിച്ചു. തുക അവർ 60 ലക്ഷം ആക്കി കുറച്ചു,' അഭിനീത് പറയുന്നു. 'അതിനുശേഷമാണ് പണം നേരിട്ട് നൽകണം എന്ന് ആവശ്യപ്പെട്ട് കരൺ എന്നെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയത്. എന്നിട്ട് എൻഡമോൾ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റായ ഹരീഷ് ഷായുമായി ഒരു കൂടിക്കാഴ്ച ഏർപ്പാടാക്കി. അതിനുശേഷമാണ് ഞാൻ കരണിന് 10 ലക്ഷം രൂപ കൈമാറിയത്,' അഭിനീത് പറഞ്ഞു.

എന്നാൽ, ബിഗ് ബോസ് സീസൺ 16-ലെ മത്സരാർഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിൽ അഭിനീതിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് കരണിനോട് ചോദിച്ചപ്പോൾ, വൈൽഡ് കാർഡ് എൻട്രിയായി ഷോയുടെ മധ്യത്തിൽ പ്രവേശിക്കാമെന്നാണ് അയാൾ പറഞ്ഞത്. എന്നാൽ അതുണ്ടായില്ല. സീസൺ അവസാനിച്ചതിന് ശേഷം, കരണിനോട് ചോദിച്ചപ്പോൾ, അടുത്ത സീസണിൽ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞു.

എന്നാൽ അടുത്ത സീസണിലും ഒന്നും സംഭവിച്ചില്ല. 'സീസൺ 17-ഉം അവസാനിച്ചപ്പോൾ, ഞാൻ കരണിനോട് ഞാൻ കൊടുത്ത പണം തിരികെ ചോദിച്ചു. എന്നാൽ അയാൾ ഓരോ കാരണങ്ങൾ പറഞ്ഞ് എന്നെ ഒഴിവാക്കി. ഒടുവിൽ, ഞാൻ പരാതി നൽകാൻ പൊലീസിനെ സമീപിച്ചു. അവിടെയും കാര്യങ്ങൾ ഒരുപാട് വൈകി. ഏകദേശം രണ്ട് വർഷത്തിന് ശേഷം വളരെ പ്രയാസപ്പെട്ടാണ് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യിപ്പിക്കാൻ പോലും എനിക്ക് സാധിച്ചത്,' അഭിനീത് പറഞ്ഞു.

വഞ്ചനാക്കുറ്റത്തിന് ഐപിസി സെക്ഷൻ 420 പ്രകാരമാണ് പൊലീസ് ഇപ്പോൾ കരണിനെതിരെ കേസെടുത്തിരിക്കുന്നത്. ഇനി ആരും തന്നെപ്പോലെ വഞ്ചിക്കപ്പെടരുതെന്നും, കരണിനെപ്പോലെ ഉള്ളവരെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും അഭിനീത് പറഞ്ഞു. ഈ ഉദ്ദേശ്യത്തിലാണ് താൻ ഒരു പത്രസമ്മേളനം വിളിച്ച് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത് എന്നും അഭിനീത് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img