
സ്നേഹവും ആദരവും തുളുമ്പുന്ന ആ കുലീനശബ്ദമാണ് ആദ്യം പരിചിതമായത്. 'മാറ്ററുകളെപറ്റി നല്ല അഭിപ്രായമാണ്. അതുപോലെ സത്യസന്ധമായി തുടര്‍ന്നും എഴുതുക. പ്രലോഭനങ്ങള്‍ക്ക് വഴങ്ങരുത്. സാമൂഹിക പ്രതിബദ്ധത കൈവെടിയുകയുമരുത്. കീപ് ഇറ്റ് അപ്പ്.' മുപ്പത്തിരണ്ട് വര്‍ഷം മുമ്പത്തെ ആദ്യ ഫോണ്‍ സംഭാഷണം അവസാനിച്ചതങ്ങനെയാണ്. സ്ഫുടതയാര്‍ന്ന ആ ശബ്ദം ഉത്തേജകമരുന്നായി അന്നേ ഉള്ളില്‍ നിറഞ്ഞു. പിന്നീട് മാറ്ററുകള്‍ തയാറാക്കുമ്പോള്‍ ആ വാക്കുകള്‍ തലച്ചോറിനുള്ളില്‍ ആവര്‍ത്തിച്ചു മുഴങ്ങിക്കൊണ്ടിരുന്നു. കേരളശബ്ദം എന്ന പ്രമുഖ വാരികയുടെ വിലയേറിയ പേജുകളില്‍ ഈയുള്ളവന്റെ ബൈലൈനോടെ മാറ്ററുകള്‍ തുടര്‍ച്ചയായി അച്ചടിച്ചുവന്നു. ജീവിതപ്രാരാബ്ധങ്ങളാല്‍, ജേണലിസ്റ്റാവുക എന്ന മോഹം ഉള്ളിലൊതുക്കി ബാംഗ്ലൂരിലെ സ്വകാര്യസ്ഥാപനത്തില്‍ കയറിപ്പറ്റി ജേണലിസവുമായി പുലബന്ധമില്ലാത്ത പണിയെടുത്തിരുന്ന വടക്കേ മലബാറിലെ കിഴക്കന്‍ മലയോരവാസിയെ, കൊല്ലത്തെ പത്രാധിപരാജന് പത്രലോകത്തേക്ക് കൈപിടിച്ചുകയറ്റുകയായിരുന്നു. ആരുടെയും ശുപാര്‍ശയില്ലാതെ. നേരില്‍ കാണാതെ. ആരാണ്, എന്താണ് എന്നന്വേഷിക്കുകപോലും ചെയ്യാതെ. നേര്‍വഴിയിലൂടെ മാത്രം സഞ്ചരിച്ചു ശീലമുള്ള ഡോക്ടര്‍ ബി.എ. രാജാകൃഷ്ണന് എന്ന ക്രാന്തദര്‍ശിയായ പത്രാധിപര്‍ക്ക് മാത്രമേ അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ എന്ന് ആ മലയോരഗ്രാമവാസി ഇപ്പോഴും വിശ്വസിക്കുന്നു.
ഡോക്ടറുടെ ഫോണ്‍വിളികള്‍ വീണ്ടുമുണ്ടായി. അദ്ദേഹത്തിന്റെ നിഴലില്‍ ഒളിച്ചിരുന്ന് കേരളശബ്ദത്തിന് ഉള്‍ക്കാമ്പുള്ള ഉള്ളടക്കം രൂപകല്പന ചെയ്യുന്ന കൃതഹസ്തനായ സഹപത്രാധിപര്‍ ആര്. പവിത്രന്റെ പ്രോത്സാഹനകത്തുകളും പ്രതിഫലത്തുകയുടെ ചെക്കുകളും വന്നുകൊണ്ടിരുന്നു. ആദ്യ റിപ്പോര്‍ട്ട് അച്ചടിച്ചുവന്ന് ഏതാണ്ട് രണ്ടുകൊല്ലം കഴിഞ്ഞാണ് കൊല്ലത്തുപോയി ഡോക്ടറെ കണ്ടത്. ആ വ്യക്തിപ്രഭാവം ഹഠാദാകര്‍ഷിച്ചു. കൊല്ലം പട്ടണത്തിന്റെ ഹൃദയഭാഗമായ ചിന്നക്കടയിലെ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച കേരളശബ്ദത്തിന്റെ പടുകൂറ്റന്‍ സൈന്‍ബോര്‍ഡ് കണ്ടപ്പോള്‍ തോന്നിയ അഭിമാനം പത്തിരട്ടിയായി. സ്വന്തം കര്‍മ്മമണ്ഡലം കേരളശബ്ദമാണെന്ന് ഡോക്ടറുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. കൈനിറയെ സമ്മാനങ്ങളുമായാണ് ഡോക്ടരുടെ സന്നിധിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് മടങ്ങിയത്. താമസിയാതെ സ്വകാര്യ സ്ഥാപനത്തിലെ ജോലി വിട്ട് ഡോക്ടരുടെ കീഴില്‍ കേരളശബ്ദം കുടുംബത്തില്‍ ഒരംഗമായി ചേര്‍ന്നു.
പിന്നീട് നിത്യേനയെന്നോണം ഡോക്ടരുടെ ഫോണ്‍ വിളികള്‍. കൊല്ലത്തും ബാംഗ്ലൂരുമായി ഇടയ്ക്കിടെ കൂടിക്കാഴ്ചകള്‍. ഡോക്ടര്‍ രാജകൃഷ്ണനെപോലെ സമാദരണീയനായ ഒരു പത്രാധിപരുടെ കീഴില്‍ പ്രവര്‍ത്തിക്കാനായതും ആ ശ്രേഷ്ഠ വ്യക്തിത്വവുമായി അടുപ്പം പുലര്‍ത്താനായതും ഈ കുറിപ്പുകാരന് ജീവിതത്തില്‍ കൈവരിക്കാനായ അസുലഭ സൗഭാഗ്യമാണ്. നാടറിയുന്ന ഒരു പത്രലേഖകനായി വളര്‍ന്നതിനപ്പുറം, അറിവില്ലായ്മയുടെയും കഴിവുകേടിന്റെയും അഴുക്കുകള്‍ കഴുക്കിക്കളഞ്ഞ് ഞാനെന്ന വ്യക്തി ശുദ്ധീകരിക്കപ്പെട്ടതും ഡോക്ടരുമായുള്ള സമ്പര്‍ക്കം കൊണ്ടുതന്നെയാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തനം എന്താണെന്ന് പഠിച്ചത് ഡോക്ടരുടെ സ്കൂളില്‍ നിന്നാണ്. ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടുകള്‍ തയാറാക്കാനുള്ള ഊര്‍ജ്ജം പകര്ന്നേകിയതും ഡോക്ടര്‍ തന്നെ. 'അന്വേഷണമൊക്കെ കൊള്ളാം. അപകടത്തില്‍ ചെന്ന് ചാടരുത്. ജാഗ്രതയോടുകൂടി വേണം മുന്നോട്ടുപോകാന്‍' ഡോക്ടര്‍ ഉപദേശിക്കും. യൗവ്വനത്തിന്റെ ചോരത്തിളപ്പില്‍ ചൂടേറിയ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയാറാകാനുള്ള ആവേശാധിക്യത്താല്‍ പലപ്പോഴും പരിസരബോധമുണ്ടാകില്ല. പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കുകയുമില്ല. അപ്പോഴൊക്കെ രക്ഷയ്ക്കെത്തിയത് ഡോക്ടരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്.
അന്വേഷണ റിപ്പോര്‍ട്ടുകളും പരമ്പരകളും പലത് വെളിച്ചം കണ്ടു. അതിലൊന്നായിരുന്നു കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കിയ ഒരു സിബിഐ ലഹരിക്കുറിപ്പ് എന്ന പരമ്പര. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ സൂപ്പര്‍ ഹിറ്റായി സിബിഐ കേരളത്തില്‍ തിളങ്ങിനില്‍ക്കുന്ന കാലം. ഏതുകേസും സിബിഐ അന്വേഷിക്കണമെന്ന മുറവിളി ഉയര്‍ന്ന നാളുകള്‍. 1994ല്‍ ആദ്യമാണ് അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവന്നത്. രണ്ട് നിരപരാധികളെ കൊലക്കേസില്‍ കുടുക്കാനുള്ള സിബിഐ യുടെ കുത്സിത ശ്രമം തെളിവുസഹിതം തുറന്നുകാട്ടുന്ന മൂര്‍ച്ചയേറിയ റിപ്പോര്‍ട്ടായിരുന്നു. ആ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ചില അവിശ്വസനീയ സംഭവ വികാസങ്ങളുണ്ടായി. അവയൊക്കെ തുടരെത്തുടരെ കേരളശബ്ദത്തില്‍ കവര്‍ സ്റ്റോറി ആകുകയും ചെയ്തു. കേരളം മുഴുവന്‍ കേരളശബ്ദത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുകയായിരുന്നു. കേരളശബ്ദം റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മുഖം നഷ്ടപ്പെട്ട സിബിഐക്ക് അവര്‍ തടവിലിട്ട് പീഡിപ്പിച്ചിരുന്ന നിരപരാധികളെ വെറുതെ വിടേണ്ടിവന്നു. റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ അതില്‍ പരാമര്‍ശിക്കപ്പെട്ട ചിലര്‍ ഞങ്ങളെ ക്രിമിനല്‍ കേസ്സില്‍ കുടുക്കാന്‍ ശ്രമിച്ചു. റിപ്പോര്‍ട്ട് എഴുതിയ ഞാന്‍ ഒന്നാംപ്രതി. പ്രസാധകനായ ഡോക്ടര്‍ രണ്ടാം പ്രതി. കോടതിയലക്ഷ്യക്കുറ്റം ആരോപിച്ചാണ് ഹൈക്കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തത്. കേസ്സ് ഗൗരവമുള്ളതാണെന്നും ഞങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാനിടയുണ്ടെന്നുമാണ് വക്കീല്‍ ഫോണില്‍ പറഞ്ഞത്. എന്നെ അറസ്റ്റ് ചെയ്യുന്നതോ ജയിലിലാക്കുന്നതോ ആയിരുന്നില്ല എന്റെ വിഷമം. ബാംഗ്ലൂരില്‍ തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് ലോക്കപ്പിലും ജയിലിലും കിടന്ന അനുഭവമുണ്ട്. ഡോക്ടറെപ്പോലെ സാത്വികനായ ഒരു പത്രാധിപരെ ജയിലില്‍ കയറ്റിയവന് എന്ന പേരുദോഷം വരുമോ എന്നതായിരുന്നു എന്റെ ഭയം. 'ഒട്ടും ഭയക്കേണ്ടതില്ല. നമ്മുടെ നിലപാട് സത്യസന്ധമാണ്. ശരിയുമാണ്.' ഡോക്ടര്‍ സമാധാനിപ്പിച്ചു.
കേസിന്റെ തലേന്ന് ഡോക്ടറും ജനറല്‍ മാനേജര്‍ വാസുദേവന്‍ സാറും ഞാനും കൊല്ലത്തുനിന്ന് ഏറണാകുളത്തേക്ക് പുറപ്പെട്ടു. കുങ്കുമം മുഖ്യപത്രാധിപര്‍ എം.കെ. സാനുമാഷും കാറിലുണ്ട്. അദ്ദേഹം ഏറണാകുളത്തെ വീട്ടിലിറങ്ങും. ഞങ്ങള്‍ വക്കീലിനെ കണ്ടുസംസാരിച്ചശേഷം രാത്രി ഏറണാകുളത്ത് തങ്ങും. പിറ്റേന്ന് രാവിലെയാണ് ഹൈക്കോടതിയില്‍ ഹാജരാകേണ്ടത്. ഡോക്ടര്‍ യാത്രാവേളയില്‍ കേസ്സുകാര്യങ്ങള് വിട്ട് മറ്റുവിഷയങ്ങളിലേക്ക് കടന്നു. ഞാന്‍ കേരളശബ്ദത്തിലെഴുതിയ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഓര്‍ത്തെടുത്ത് സാനുമാഷിന്റെ ശ്രദ്ധയില്‍പെടുത്തി. 'എഴുതിയെഴുതി ഇയാളെന്നെ ജയിലിലാക്കാന്‍ പോകുന്നു' സ്വതഃസിദ്ധമായ ശൈലിയില്‍ അങ്ങനെ പറഞ്ഞ് ഡോക്ടര്‍ പൊട്ടിച്ചിരിക്കുമ്പോള്‍ എന്റെ ഉള്ളില്‍ തീയാളുകയായിരുന്നു.
'കുമാര്‍ കേരളശബ്ദത്തിന് ആദ്യമായി എഴുതി അയച്ച മാറ്റര്‍ ഏതെന്ന് ഓര്‍ക്കുന്നുണ്ടോ? 'ഡോക്ടരുടെ ചോദ്യം കേട്ട് ഞാനൊന്നമ്പരന്നു. ഏഴുകൊല്ലമായി കേരളശബ്ദത്തില്‍ എഴുതുന്നുണ്ട്. അതിനുമുമ്പ് ഒന്നരക്കൊല്ലക്കാലം പലതും എഴുതി ഫോട്ടോസഹിതം അയച്ചിരുന്നെങ്കിലും ഒന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. അത് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ പരീക്ഷണഘട്ടമാണ്. ഡോക്ടരുടെ ഭാഷയില്‍ പറഞ്ഞാല്‍ പരിശീലനകാലം!. ആദ്യം എഴുതി അയച്ച മാറ്റര്‍ എനിക്ക് ഒരിക്കലും മറക്കാനാവില്ല. 1985ല്‍ ആണത്. അതിന്റെ പിന്നില്‍ ഒരു സങ്കടകഥയുണ്ട്. ബിഇഎല്‍ ഉദ്യോഗസ്ഥനായ വേണ്വേട്ടനെ (വേണു കൊടുങ്ങല്ലൂര്‍) പരിചയപ്പെട്ടത് 1983ലാണ്. ബാംഗ്ലൂരില്‍ പരക്കെ അറിയപ്പെട്ടിരുന്ന എഴുത്തുകാരനും നാടകനടനുമൊക്കെ ആയിരുന്നു അദ്ദേഹം. തമിഴ്, കന്നഡ, തെലുഗു ഭാഷകളില്‍ നിന്നും നോവലുകള്‍ വിവര്‍ത്തനം ചെയ്ത് അദ്ദേഹം കേരളശബ്ദത്തിലും കുങ്കുമത്തിലും തുടര്‍ച്ചയായി പ്രസിദ്ധപ്പെടുത്തിയിരുന്നു. കേരളശബ്ദത്തിലാണ് വേണു കൊടുങ്ങല്ലൂര്‍ എന്ന പേര് ആദ്യമായി കാണുന്നത്. പരിചയം സൗഹൃദമായി വളര്‍ന്നു. നഗരത്തില്‍ നിന്നും അകലെ തരബനഹള്ളി ഗ്രാമത്തില്‍ തനിച്ചായിരുന്നു വേണ്വേട്ടന്റെ താമസം. കുടുംബം നാട്ടിലാണ്.
ഒരു ഞായറാഴ്ച ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. അതൊരു പ്രത്യേക ലോകമായിരുന്നു. ഒരു മുറിയില്‍ പത്തിരുപത് കുട്ടികളിരുന്ന് കന്നഡ പഠിക്കുന്നു. അടുത്ത മുറിയില്‍ ആനുകാലികങ്ങളും പുസ്തകങ്ങളും കുന്നുകൂടിക്കിടക്കുന്നു. കേരളശബ്ദത്തിന്റെ വിവിധ ലക്കങ്ങള്‍ അവിടെ ചിതറിക്കിടന്നിരുന്നു. അതിനിടയിലിരുന്നാണ് വേണ്വേട്ടന് തര്‍ജ്ജമ നിര്‍വഹിച്ചിരുന്നത്. അക്ഷരങ്ങളുടെ ആ അത്ഭുതലോകം എനിക്കിഷ്ടമായി. ഒഴിവുദിവസങ്ങളില്‍ ഞാനങ്ങോട്ടുപോകും. പത്രമാസികകള്‍ താത്പര്യത്തോടെ വായിക്കും. ഗ്രാമവാസികള്‍ വേണ്വേട്ടനെ വര്‍ദ്ധിച്ച ആദരവോടെ 'മാസ്റ്റര്‍ ' എന്നാണ് സംബോധന ചെയ്യുക. അവര്‍ക്കിടയില്‍ അദ്ദേഹത്തിന് വളരെ ഉയര്‍ന്ന സ്ഥാനമാണുള്ളതെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. വേണ്വേട്ടന് എഴുത്തിലോ വായനയിലോ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ആരും ആ മുറിയിലേക്ക് പോകില്ല. കുട്ടികള്‍ നിശബ്ദരായി പഠിക്കും. എന്റെ സാന്നിധ്യത്തിലും വേണ്വേട്ടന് ജോലി നിര്‍ത്തില്ല. എന്നോട് സംസാരിച്ചുകൊണ്ടുതന്നെ തര്‍ജ്ജമ തുടരും. ചിതറിക്കിടക്കുന്ന കേരളശബ്ദത്തിന്റെ പേജുകളില്‍ വിവര്‍ത്തനം വേണു കൊടുങ്ങല്ലൂര്‍ എന്നച്ചടിച്ചത് കാണുമ്പോള്‍ എനിക്ക് അദ്ദേഹത്തോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നും. കേരളത്തില്‍ നിന്നെത്തുന്ന എഴുത്തുകാരെ കാണാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ വേണ്വേട്ടന് എന്നെയും കൊണ്ടുപോകും. പോസ്റ്റ് കാര്‍ഡ് എഴുതി അയച്ചാണ് എന്നെ വിവരം അറിയിക്കാറ്. ആ അപൂര്‍വ്വ സൗഹൃദത്തിന് രണ്ടുവര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുളളൂ.
ബിഇഎല്ലില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം നന്തി ഹില്‍സിലേക്ക് ടൂര്‍ പോയ വേണ്വേട്ടന് അവിടെവെച്ച് ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞ വിവരം ഞാനറിയുന്നത് രണ്ടുദിവസം കഴിഞ്ഞാണ്. എനിക്ക് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. സങ്കടം കൊണ്ട് വീര്‍പ്പുമുട്ടിയ ഞാന്‍ ഒരു ഫോട്ടോഗ്രാഫറെയും കൂട്ടി തരബനഹള്ളിയില്‍ ചെന്നു. വേണ്വേട്ടന്റെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഗ്രാമവാസികളോടും കുട്ടികളോടും ഞാന്‍ വേണ്വേട്ടനെക്കുറിച്ച് സംസാരിച്ചു. തരബനഹള്ളിയിലെ മാസ്റ്റര്‍ എന്ന ഫീച്ചര്‍ എഴുതി ഫോട്ടോകള്‍ സഹിതം കേരളശബ്ദത്തിന് അയച്ചുകൊടുത്തു. വേണു കൊടുങ്ങല്ലൂരിന്റെ ചരമവാര്‍ത്ത അടുത്തലക്കത്തില്‍ തന്നെ കൊടുത്തിരുന്ന കേരളശബ്ദത്തില്‍ എന്റെ ഫീച്ചര്‍ വന്നില്ല. പ്രതികരണം ഉണ്ടായതുമില്ല. ദിവസങ്ങളോളം അതെന്നെ വേദനിപ്പിച്ചു.
'വേണു കൊടുങ്ങല്ലൂരിന്റെ മരണത്തെക്കുറിച്ചുള്ള ഫീച്ചര്‍. തരബനഹള്ളിയിലെ മാസ്റ്റര്‍' ഓര്‍മ്മയുടെ ലോകത്തുനിന്നും പുറത്തുകടന്ന ഞാന്‍ ഡോക്ടറോട് പറഞ്ഞു .'അതെ, അതുതന്നെ. വളരെ ടച്ചിങ് ആയിരുന്നു ആ മാറ്റര്‍' ഒമ്പതു വര്‍ഷത്തിന് ശേഷം ഡോക്ടര്‍ പറയുന്നു കേരളശബ്ദം അച്ചടിക്കാത്ത ആ മാറ്റര്‍ വളരെ ടച്ചിങ്ങായിരുന്നു എന്ന്!. അപ്പോഴും, മുപ്പത്തിരണ്ടാമത്തെ വര്‍ഷം ഡോക്ടരുടെ അകാലവിയോഗം സൃഷ്ടിച്ച ശൂന്യതയില്‍ ഈ കുറിപ്പെഴുതുമ്പോഴും എനിക്കറിയാം എത്ര ടച്ചിങ് ആയാലും അത് പ്രസിദ്ധപ്പെടുത്താന്‍ സാധിക്കില്ലെന്ന്. എന്നാല്‍ അതെഴുതിയ കാലത്ത് ഞാന്‍ കരുതിയത് ആ ഫീച്ചര്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കും എന്നായിരുന്നു. ജേണലിസത്തില്‍ കേവലമൊരു ശിശുവായിരുന്ന മലയോര ഗ്രാമവാസി വ്യക്തിപരമായ സ്വാധീനത്തില്പെട്ടുപോയതാണ്. എന്നെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത് ആ റിപ്പോര്‍ട്ടായിരുന്നെന്ന് ഒമ്പതു വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തുകയായിരുന്നു പത്രാധിപരായ ഡോക്ടര്‍. പിന്നെ ഏറണാകുളത്തെത്തുന്നതുവരെ തരബനഹള്ളിയിലെ മാസ്റ്ററെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്.
കേസിലേക്ക് വരാം. സിബിഐയെ നിശിതമായി വിമര്‍ശിക്കുന്ന ലേഖകന്‍ ജുഡീഷ്യറിയില്‍ പോലും വിശ്വാസമില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ ചില വാചകങ്ങള്‍ എടുത്തുകാട്ടി പരാതിക്കാരന്റെ അഭിഭാഷകന് വാദിച്ചത്. ഡോക്ടറും ഞാനും പ്രതികൂട്ടില്‍ നില്‍ക്കുകയാണ്. എന്തും സംഭവിക്കാം. ഞാന്‍ അസ്വസ്ഥനാണ്. എന്നാല്‍ കേരളശബ്ദത്തിന്റെ വിശ്വാസ്യതയെപ്പറ്റി ന്യായാധിപന് നല്ല ബോധ്യമുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടതില്ല എന്ന പരാമര്‍ശത്തോട് ആദ്യ ഹിയറിങ്ങില്‍ തന്നെ ഹൈക്കോടതി കേസ്സ് തള്ളി. ഡോക്ടരുടെ സുചിന്തിതമായ നിലപാട് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. അത് ശരിയായിരുന്നെന്ന് കാലം തെളിയിക്കുകയും ചെയ്തു. കേസ്സ് തള്ളിയപ്പോള്‍ എനിക്കുണ്ടായ ആശ്വാസവും ആനന്ദവും പറഞ്ഞറിയിക്കുക വയ്യ. ആ കേസിന്റെ കാര്യം ആലോചിക്കുമ്പോഴെല്ലാം യാത്രാവേളയില്‍ ഡോക്ടര്‍ ഓര്‍ത്തെടുത്ത തരബനഹള്ളിയിലെ മാസ്റ്റര്‍ മനസില്‍ തെളിയും.
ഡോക്ടറെക്കുറിച്ച് അധികമാര്‍ക്കും അറിഞ്ഞുകൂടാത്ത ഒട്ടേറെ കാര്യങ്ങള്‍ അടയാളപ്പെടുത്താനുണ്ട് .അത് പിന്നീടാവാം. ഡോക്ടര്‍ വളരെക്കുറച്ചേ എഴുതിയിട്ടുള്ളു. അതിലൊന്ന് ഈ കുറിപ്പുകാരന് മാധ്യമരംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ചേര്‍ത്ത ആമുഖലേഖനമാണ്. അതില്‍ ഡോക്ടര്‍ ഇങ്ങനെ കുറിച്ചു : 'മഹാരഥന്മാരായ പത്രപ്രവര്‍ത്തകരിലൂടെ തുടക്കം കുറിച്ച ഈ പ്രയാണത്തില്‍ രണ്ടാം തലമുറയെ പ്രതിനിധീകരിക്കുന്ന തിളങ്ങുന്ന കണ്ണികളിലൊരാളാണ് വിഷ്ണുമംഗലം കുമാര്‍. അതുകൊണ്ടുതന്നെ കുമാറിന്റെ കാല്‍നൂറ്റാണ്ടുകാലത്തെ പത്രപ്രവര്‍ത്തനം കേരളശബ്ദത്തിന്റെ ചരിത്രം കൂടിയാവുന്നു'. ഈ വരികള്‍ എനിക്ക് നല്കിയ ആത്മഹര്ഷത്തിന് അതിരില്ല. അതുവായിച്ച് പത്രലോകത്തെ അതികായനായ ബിആര്‍പി ഭാസ്കര്‍ രേഖപ്പെടുത്തിയതിങ്ങനെ : 'കുമാറിന്റെ പത്രപ്രവര്‍ത്തനം വാരികയുടെ ചരിത്രം കൂടിയാണെന്ന് കേരളശബ്ദം മാനേജിങ് എഡിറ്റര്‍ ഡോക്ടര്‍ ബി.എ.രാജാകൃഷ്ണന് വിലയിരുത്തുന്നു. ഇതില്‍ കവിഞ്ഞ എന്തു പ്രശംസയാണ് ഒരു പത്രലേഖകന് തന്റെ പത്രാധിപരില്‍ നിന്ന് ലഭിക്കാവുന്നത്?'. ആ പുസ്തകത്തിലെ 'സാക്ഷ്യപത്രത്തില്‍ 'ഈയുള്ളവന് കോറിയിട്ട വാക്കുകളിതാ : 'പത്രപ്രവര്‍ത്തനത്തില്‍ ഞാന്‍ ഹരിശ്രീ കുറിച്ചതും സജീവമായി തുടരുന്നതും ഡോക്ടര്‍ രാജാകൃഷ്ണന് എന്ന വ്യത്യസ്തനായ പത്രാധിപരുടെ കീഴിലാണ്. സുതാര്യമായ ജീവിതശൈലിയും മാനവികതയിലധിഷ്ഠിതമായ ചിന്താഗതിയും അനുപമമായ പത്രധര്‍മ്മവും ഒത്തുചേര്‍ന്ന് പ്രഫുല്ലമായ ആ പത്രാധിപമനസ്സാണ്, അത് പകര്‍ന്നേകുന്ന അളവറ്റ പ്രചോദനമാണ് എന്നെ ഇപ്പോഴും ഒരു പത്രപ്രവര്‍ത്തകനായി ലൈം ലൈറ്റില്‍ നിര്‍ത്തുന്നത്'.
മേല്‍ക്കൊടുത്ത വരികള്‍ എഴുതിയത് രണ്ടായിരത്തി പന്ത്രണ്ടിലാണ്. രണ്ടായിരത്തി പതിനേഴില്‍ ഇതെഴുതുന്നത് ഹൃദയാലുവായ ഡോക്ടര്‍ അവിചാരിതമായി വിടപറഞ്ഞു പോയതിലുള്ള താങ്ങാനാവാത്ത വേദനയില്‍ ചാലിച്ചാണ്. അപ്പോഴും മുപ്പത്തിരണ്ട് വര്‍ഷം മുമ്പ് ഉത്തേജകമരുന്നായി ഉള്ളില്‍ പ്രവേശിച്ച ഡോക്ടറുടെ വാക്കുകള്‍ തലച്ചോറില്‍ മുഴങ്ങുന്നുണ്ട്. ഡോക്ടര്‍ ഓര്‍ത്തെടുത്ത, ഹൃദയത്തോട് ചേര്‍ത്തുവെച്ച തരബനഹള്ളിയിലെ മാസ്റ്റര്‍ രൂപപ്പെട്ട മലയോരഗ്രാമ തലച്ചോറിലെ അവസാന സ്പന്ദനം നിലയ്ക്കും വരെയും അതവിടെ പ്രതിധ്വനിച്ചുകൊണ്ടിരിക്കും. (അടിക്കുറിപ്പ്: എട്ടുകൊല്ലം മുമ്പ്, ഡോക്ടർ രാജാകൃഷ്ണൻ ഈ ലോകം വിട്ടുപോയപ്പോൾ കേരളശബ്ദത്തിൽ പ്രസിദ്ധീകരിച്ച അനുസ്മരണ ലേഖനം)










