
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിയായ ഡോക്ടറുടെ പക്കൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയുടെ കൂട്ടാളികളും അറസ്റ്റിൽ. കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതി ഇഷാന നേരത്തേ അറസ്റ്റിലായിരുന്നു. പുനർ വിവാഹത്തിനായി പത്രത്തിൽ പരസ്യം നൽകിയ ഡോക്ടറെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. അഞ്ചു ലക്ഷത്തിലേറെ രൂപയും ലാപ് ടോപ്പും മൊബൈൽ ഫോണുമാണ് പ്രതികൾ ഡോക്ടറുടെ പക്കൽനിന്നും തട്ടിയെടുത്തത്.
പുനർ വിവാഹത്തിന് നൽകിയ പരസ്യം പത്രത്തിൽ കണ്ടതിന് പിന്നാലെ കാസർകോട് നിലേശ്വരം സ്വദേശിയായ ഇഷാന ഡോക്ടറുമായി പരിചയത്തിലായി. പിന്നാലെ വിവാഹം തീരുമാനിച്ചു. ഇഷാനക്ക് താമസിക്കാനായി കോഴിക്കോട് വീടെടുക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു, ഡോക്ടർ അത് നൽകുകയും ചെയ്തു. ആ വീട് കാണാൻ പോകുന്നതിനിടെയാണ് ഡോക്ടറുടെ മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെയുള്ളവ തട്ടിയെടുത്ത് സംഘം രക്ഷപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു പ്രതികൾ മുങ്ങിയത്. ഇഷാനയെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എങ്കിലും കൂട്ടുപ്രതികളായ കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവർ ഒളിവിലായിരുന്നു. സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാസർകോട് വച്ച് ഇരുവരും പിടിയിലായത്.











