
ഹോങ്കോങ്∙ ലോകത്ത് ഏറ്റവും ഉയർന്ന വാർഷിക ശമ്പളം ലഭിക്കുന്ന നേതാവെന്ന റെക്കോർഡ് വീണ്ടും തിരുത്താനൊരുങ്ങി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്. നിലവിൽ 22 ലക്ഷം സിംഗപ്പൂർ ഡോളർ (ഏകദേശം 16.47 കോടി രൂപ) വാർഷിക ശമ്പളം ലഭിക്കുന്ന പ്രധാനമന്ത്രിയുടെ പ്രതിഫലം 36 ലക്ഷം സിംഗപ്പൂർ ഡോളറായി ഉയർത്താനാണ് തീരുമാനം. ഇന്ത്യൻ രൂപയിൽ ഏകദേശം 27 കോടി രൂപ വരും.
ഇതോടെ ലോറൻസ് വോങിന്റെ ശമ്പളത്തിൽ 64 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാകുന്നത്. പ്രധാനമന്ത്രിയുടെ ശമ്പളം മാത്രമല്ല, മന്ത്രിമാരുടെ പ്രതിഫലത്തിലും വർധന വരുത്തിയിട്ടുണ്ട്. മന്ത്രിമാരുടെ പ്രകടനം വിലയിരുത്തുന്നതിനനുസരിച്ച് ശമ്പളത്തിൽ കൂടുതൽ വർധന ലഭിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം.
മികച്ച പ്രതിഭകളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നതിനും അഴിമതി കുറയ്ക്കുന്നതിനും ഉയർന്ന ശമ്പളം സഹായിക്കുമെന്നാണ് സിംഗപ്പൂർ സർക്കാരിന്റെ നിലപാട്. സ്വകാര്യ മേഖലയിലെ ഉയർന്ന ശമ്പളവുമായി സർക്കാർ പദവികളിലെ പ്രതിഫലം മത്സരക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലോക നേതാക്കളുടെ ശമ്പളത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീ ആണ്. അദ്ദേഹത്തിന് പ്രതിവർഷം 7,19,000 യുഎസ് ഡോളർ (ഏകദേശം 6.8 കോടി രൂപ) ലഭിക്കുന്നു. സ്വിറ്റ്സർലൻഡ് പ്രസിഡന്റാണ് മൂന്നാം സ്ഥാനത്ത്. 6,06,000 യുഎസ് ഡോളറാണ് (ഏകദേശം 5.74 കോടി രൂപ) അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം.
അതേസമയം, ഇന്ത്യയിലെ പ്രധാനമന്ത്രിയുടെ വാർഷിക ശമ്പളം 33.6 ലക്ഷം രൂപയാണ്. കാബിനറ്റ് മന്ത്രിക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ ഏകദേശം 27 ലക്ഷം രൂപയും സഹമന്ത്രിക്ക് 26.9 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.










