12:03pm 29 August 2026
NEWS
അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും സമസ്ത കാന്തപുരം വിഭാ​ഗം
28/08/2026  09:18 PM IST
nila
അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും സമസ്ത കാന്തപുരം വിഭാ​ഗം

കോഴിക്കോട്: മതപരമായ ആഘോഷങ്ങളിലും ചടങ്ങുകളിലും ഇസ്‌ലാമിക മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്മാർക്കിടയിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ എത്തിക്കുന്നതും യുവതികളെ വേദികളിലും നിരത്തുകളിലും പ്രദർശിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ നിർദേശിച്ചു.

മതപരമായ പരിപാടികളിൽ ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും ഉൾപ്പെടുത്തരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. മതാഘോഷങ്ങൾ ഇസ്‌ലാമിക മൂല്യങ്ങളും അച്ചടക്കവും പാലിച്ചായിരിക്കണം സംഘടിപ്പിക്കേണ്ടതെന്നും നിർദേശമുണ്ട്.

ഇസ്‌ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിർവരമ്പുകൾ ലംഘിച്ച് മുന്നോട്ടുപോകുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരും ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും അഭ്യർഥിച്ചു.

മഹല്ല് ഭാരവാഹികൾ, പള്ളി-മദ്റസ അധികൃതർ, മറ്റ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വങ്ങൾ എന്നിവർ പരിപാടികൾ ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പാക്കാൻ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷ രീതികളും മതപരമായ ചടങ്ങുകളുമായി കൂട്ടിച്ചേർക്കുന്നത് വിശ്വാസികൾക്ക് യോജിച്ചതല്ലെന്നും അനുവദനീയമല്ലെന്നും നേതാക്കൾ വ്യക്തമാക്കി. മഹല്ല് തലത്തിലോ മറ്റേതെങ്കിലും തലത്തിലോ സംഘടിപ്പിക്കുന്ന പരിപാടികളിൽ മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിക്കണം. വരും തലമുറയ്ക്ക് സന്മാർഗികമായ മാതൃകകൾ പകർന്നുനൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img