03:59pm 25 August 2026
NEWS
ഡൽഹി സ്‌ഫോടനത്തിൽ കാറിലുണ്ടായിരുന്നത് ഉമർ നബി തന്നെയെന്ന് സ്ഥിരീകരണം
13/11/2025  10:48 AM IST
nila
ഡൽഹി സ്‌ഫോടനത്തിൽ കാറിലുണ്ടായിരുന്നത് ഉമർ നബി തന്നെയെന്ന് സ്ഥിരീകരണം

ഡൽഹിയിലെ ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്ന കാറിലുണ്ടായിരുന്നത് ഉമർ നബി തന്നെയായിരുന്നുവെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സ്‌ഫോടനം നടത്തിയ കാറിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് ഇക്കാര്യം വ്യക്തമായതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഉമർ നബിയാണ് സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷണ സംഘം ആദ്യമേ സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പുൽവാമയിലെ കുടുംബാംഗങ്ങളിൽ നിന്ന് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിരുന്നു. സ്‌ഫോടനം നടന്നതു മുതൽ ഉമർ കാണാതായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ തന്റെ അഞ്ച് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് ദൗജ് ഗ്രാമത്തിന് സമീപം ഒളിവിലായതായി അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ മാസം 30 മുതൽ ഉമർ സർവകലാശാലയിൽ നിന്നുള്ള ചുമതലയിൽ നിന്നും വിട്ടുനിന്നതായും പറയുന്നു.

ഉമർ ശാന്ത സ്വഭാവക്കാരനും അന്തർമുഖനുമായിരുന്നുവെന്നും വായനയിൽ തൽപരനായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ കഴിഞ്ഞ ചില മാസങ്ങളായി ഉമറിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നതായി പൊലീസ് പറയുന്നു. ഇയാൾ പല തവണ ഫരീദാബാദിനും ഡൽഹിക്കും ഇടയിൽ യാത്ര ചെയ്തതായും രാംലീല മൈതാനത്തിന്റെയും സുന്ഹെരി മസ്ജിദിന്റെയും പരിസരത്തെ പള്ളികൾ സന്ദർശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഫരീദാബാദിൽ നിന്ന് ഉമറിന്റെ പേരിലുള്ള ചുവപ്പ് ഫോർഡ് കാർ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹിയിൽ നൽകിയ വിലാസം വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. ഉമറിന് ഫരീദാബാദ്, ലഖ്‌നൗ, തെക്കൻ കശ്മീർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ലോജിസ്റ്റിക്‌സ് മോഡ്യൂളുമായി ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥർ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോഡ്യൂളിൽ ഒമ്പത് മുതൽ പത്ത് വരെ അംഗങ്ങളുണ്ടെന്നും, ഇവരിൽ ആറോളം പേർ ഡോക്ടർമാരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഉമർ നബിയും സ്‌ഫോടനത്തിന് ശേഷം അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനിയുമൊപ്പം തുർക്കിയിലേക്കു യാത്ര ചെയ്‌തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാം ഗ്രൂപ്പുകളിൽ ചേർന്നതിന് പിന്നാലെയാണ് ഇരുവരും തുർക്കിയിലേക്ക് പോയത്. അവിടെ നിന്നുള്ള ഒരു ഹാൻഡ്ലറുടെ നിർദേശപ്രകാരം ഇന്ത്യയിൽ സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദീപാവലിയ്ക്ക് സ്‌ഫോടനം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതായും സൂചനകളുണ്ട്.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് തെക്കൻ കശ്മീരിലടക്കം വ്യാപകമായ റെയ്ഡുകൾ നടത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി അനുബന്ധ പ്രവർത്തകരുടെ വീടുകളിലും പരിശോധന നടന്നു. ഇതിന്റെ ഭാഗമായി മൗലവി ഇർഫാനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img