
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പൊതുവേദിയിൽ ഭീഷണി മുഴക്കുകയും, വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ വിളാത്തികുളം ഡി.എം.കെ. എം.എൽ.എ. ജി.വി. മാർക്കണ്ഡേയനെ പോലീസ് അറസ്റ്റ് ചെയ്തു. ടി.വി.കെ. പാർട്ടി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്നലെ പുലർച്ചെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അദ്ദേഹത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് അനുയായികൾ പൊലീസ് വാഹനം തടയാൻ ശ്രമിച്ചത് ആ പ്രദേശത്ത് വലിയ തരത്തിലുള്ള സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് പൊലീസ് സംഘം എം.എൽ.എ.യുമായി മടങ്ങിയത്. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കോവിൽപ്പട്ടിയിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു വിവാദ പ്രസംഗം!
നിയമസഭയിൽ വെച്ച് വിജയ്യെ അടുത്ത് കിട്ടിയാൽ അദ്ദേഹത്തിന്റെ എല്ല് ഒടിക്കുമെന്നായിരുന്നു എം.എൽ.എ.യുടെ ഭീഷണി. ആറേഴു മണിക്കൂറുകളോളം നടന്ന പോലീസ് ചോദ്യം ചെയ്യലിനെ തുടർന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുകയും കോടതി അദ്ദേഹത്തെ 15 ദിവസം കസ്റ്റഡിയിൽ വെക്കുവാനും ഉത്തരവിട്ടു!










