
ചെന്നൈ: കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഡി.എം.കെയെ കേന്ദ്ര സർക്കാരിന്റെ ഭാഗമാക്കുമെന്ന അഭ്യൂഹവും ശക്തമാകുന്നു. 20-ലേറെ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ഡി.എം.കെയിൽനിന്നുള്ള ചില എം.പി.മാരെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.
മണ്ഡല പുനർനിർണയ ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ഡി.എം.കെ, ചില നിബന്ധനകളോടെ ബില്ലിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചത്. കേന്ദ്രമന്ത്രിസഭയിലേക്കുള്ള ഡി.എം.കെ.യുടെ പ്രവേശനത്തിന് മുന്നോടിയായുള്ള നീക്കമാണിതെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
ബി.ജെ.പി.യുമായി സഖ്യമുണ്ടാകില്ലെന്ന് ഡി.എം.കെ. നേരത്തെ പലതവണ വ്യക്തമാക്കിയിരുന്നു. അതേസമയം, കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിലും ഡി.എം.കെ. ഇപ്പോൾ സജീവമായി തുടരുന്നില്ല. തമിഴ്നാട്ടിൽ കോൺഗ്രസ് ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇരു പാർട്ടികളും തമ്മിലുള്ള അകലം വർധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
പാർലമെന്റിലെ ഡി.എം.കെ.യുടെ അംഗബലം കേന്ദ്ര സർക്കാരിന് നിർണായകമാകുമെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തൽ. ലോക്‌സഭയിൽ 22 എം.പി.മാരും രാജ്യസഭയിൽ എട്ട് എം.പി.മാരുമാണ് ഡി.എം.കെ.യ്ക്കുള്ളത്. സുപ്രധാന ബില്ലുകൾ പാസാക്കുന്നതിനും മറ്റ് നിർണായക പാർലമെന്ററി നീക്കങ്ങൾക്കും ഈ പിന്തുണ ബി.ജെ.പി. സർക്കാരിന് ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതിനിടെ, ലോക്‌സഭാ സ്പീക്കർ ഓം ബിർള സംഘടിപ്പിച്ച ചായസത്കാരത്തിൽ ഡി.എം.കെ. എം.പി. കനിമൊഴി പങ്കെടുത്തതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഡി.എം.കെ. കേന്ദ്രമന്ത്രിസഭയുടെ ഭാഗമാകാനുള്ള നീക്കത്തിന്റെ സൂചനയായാണ് ചില ഉത്തരേന്ത്യൻ മാധ്യമങ്ങൾ ഇതിനെ വിലയിരുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ നിലവിൽ 29 മന്ത്രിമാരും 39 സഹമന്ത്രിമാരുമാണുള്ളത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ സജീവമായത്.
എന്നാൽ ഡി.എം.കെ.യെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വരുന്ന ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ ഇതുസംബന്ധിച്ച ചിത്രം കൂടുതൽ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.










