12:36pm 22 September 2026
NEWS
കോൺഗ്രസിൽ നിന്ന് അകന്ന് ഡിഎംകെ; പാർലമെന്റിൽ 'സ്വതന്ത്ര പാത'; ബിജെപിയും ഉറ്റുനോക്കുന്നു
31/07/2026  05:10 PM IST
nila
കോൺഗ്രസിൽ നിന്ന് അകന്ന് ഡിഎംകെ; പാർലമെന്റിൽ സ്വതന്ത്ര പാത; ബിജെപിയും ഉറ്റുനോക്കുന്നു

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച ഡിഎംകെ, പാർലമെന്റിൽ സ്വീകരിക്കുന്ന പുതിയ രാഷ്ട്രീയ സമീപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. ലോക്‌സഭയിലെ വർഷകാല സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന്റെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ നിലപാടുകളാണ് ഡിഎംകെ സ്വീകരിക്കുന്നത് എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പ് സൃഷ്ടിക്കുന്നത്. 

ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചപ്പോൾ ഡിഎംകെ ആ പ്രതിഷേധത്തിൽ പങ്കെടുത്തില്ല. സഭയിൽ തുടരുകയും സ്വന്തം നിലപാട് അവതരിപ്പിക്കുകയും ചെയ്ത പാർട്ടി, ദേശീയ രാഷ്ട്രീയത്തിൽ സ്വതന്ത്ര തിരിച്ചറിയൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. പ്രധാന നിയമനിർമാണ വിഷയങ്ങളിൽ ഓരോ വിഷയവും പ്രത്യേകം വിലയിരുത്തി നിലപാട് സ്വീകരിക്കുമെന്ന സൂചനയാണ് ഡിഎംകെ നൽകുന്നത്.

ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയിലും മറ്റ് പ്രതിപക്ഷ പാർട്ടികൾ വിട്ടുനിന്നപ്പോഴും ഡിഎംകെ എംപിമാർ സഭയിൽ പങ്കെടുത്തു. എന്നാൽ, സർക്കാരിന് പിന്തുണ നൽകാതെ ബില്ലിനെ ശക്തമായി എതിർക്കുകയായിരുന്നു അവർ. എംപിമാരായ എ. രാജയും കനിമൊഴിയും ബില്ലിനെതിരെ ശക്തമായ വിമർശനം ഉയർത്തി. പ്രത്യേക രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ബിൽ കൊണ്ടുവന്നതെന്നായിരുന്നു അവരുടെ ആരോപണം.

അതേസമയം, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പോലീസ് നടപടിയെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് വിമർശിച്ചപ്പോൾ ഡിഎംകെ ആ രീതി സ്വീകരിച്ചില്ല. പാർട്ടി എംപി ദയാനിധി മാരൻ സർക്കാരിനെ വിമർശിച്ചെങ്കിലും അമിത് ഷായെ നേരിട്ട് ലക്ഷ്യമാക്കിയില്ല.

പ്രതിപക്ഷ ബഹിഷ്‌കരണത്തിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് വിശദീകരിച്ച ഡിഎംകെ എംപി തിരുച്ചി ശിവ, പാർട്ടി ഉയർത്തിയ പ്രധാന ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്ന പ്രതീക്ഷയോടെയാണ് സഭയിൽ തുടർന്നതെന്ന് വ്യക്തമാക്കി.

കോൺഗ്രസിൽ നിന്ന് അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് മൺസൂൺ സമ്മേളനത്തിന് മുമ്പ് ലോക്‌സഭയിൽ ഇരിപ്പിടം മാറ്റണമെന്നാവശ്യപ്പെട്ട് ഡിഎംകെ കത്ത് നൽകുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തത്.

വനിതാ സംവരണ ബിലും മണ്ഡല പുനഃക്രമീകരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതികളും വീണ്ടും പരിഗണനയിലെത്തുമെന്ന സാഹചര്യത്തിൽ ഡിഎംകെയുടെ നിലപാട് ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. തൃണമൂൽ കോൺഗ്രസിലെ മാറ്റങ്ങൾക്ക് പിന്നാലെ ലോക്‌സഭയിൽ നാലാമത്തെ വലിയ പാർട്ടിയായ ഡിഎംകെയ്ക്ക് 22 എംപിമാരും രാജ്യസഭയിൽ എട്ട് അംഗങ്ങളുമുണ്ട്.

ഭരണഘടനാ ഭേദഗതി ബില്ലുകൾ പോലുള്ള സുപ്രധാന നിയമനിർമാണങ്ങളിൽ ആവശ്യമായ അംഗബലം ഉറപ്പാക്കുന്നതിൽ ഡിഎംകെയുടെ പിന്തുണയോ എതിർപ്പോ കേന്ദ്രസർക്കാരിന് നിർണായക ഘടകമായി മാറാനിടയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img