06:11pm 10 September 2026
NEWS
'റീൽസിട്ട് ദുർഭരണം മറയ്ക്കാം എന്ന് കരുതേണ്ട'; വിജയ് സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.കെ. സ്റ്റാലിൻ
10/09/2026  03:16 PM IST
nila
റീൽസിട്ട് ദുർഭരണം മറയ്ക്കാം എന്ന് കരുതേണ്ട; വിജയ് സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.കെ. സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സാമൂഹികമാധ്യമങ്ങളിൽ റീലുകൾ പോസ്റ്റ് ചെയ്യുന്നത് സർക്കാരിന്റെ “കാര്യക്ഷമതയില്ലാത്ത ഭരണവും ഒരു തലമുറയെയാകെ വഞ്ചിക്കുന്നതും” മറച്ചുവയ്ക്കാനാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. നിയമസഭയിൽ വിജയ് ഡിഎംകെയ്ക്കും നേതാക്കൾക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “സത്യം ജനങ്ങളിലെത്തുന്നതിന് മുമ്പ് നുണ എല്ലാവരിലേക്കും എത്തിയിരിക്കും എന്നൊരു ചൊല്ലുണ്ട്. ഇപ്പോൾ തമിഴ്നാട്ടിൽ സംഭവിക്കുന്നത് അതാണ്,” സ്റ്റാലിൻ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് തനിക്കുണ്ടായ പൊലീസ് ആക്രമണത്തെക്കുറിച്ച് വിജയ് നടത്തിയ പരാമർശങ്ങൾ ശരീരത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നും സ്റ്റാലിൻ ആരോപിച്ചു.

തമിഴ്നാട്ടിൽ ദിവസവും കൊലപാതകങ്ങളും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളും വർധിക്കുകയാണെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. പറന്തൂർ വിമാനത്താവള പദ്ധതി റദ്ദാക്കിയതിലൂടെ സംസ്ഥാനത്തിന്റെ വികസനത്തെ 15 വർഷം പിന്നോട്ടടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പൂർണമായും കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തിട്ടും അത് നടപ്പാക്കിയില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന് വാഗ്ദാനം ചെയ്ത ശേഷം മൂന്ന് സിലിണ്ടറുകളാക്കി കുറച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹിളാ ഉറിമൈ തിട്ടം പദ്ധതിയുടെ സഹായധനം 2,500 രൂപ ആയി ഉയർത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ഡിഎംകെ സർക്കാർ ആരംഭിച്ച 1,000 രൂപ പ്രതിമാസ സഹായമാണ് തുടരുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. നിരവധി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇപ്പോഴും മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിച്ച സർക്കാരിയ കമ്മിഷൻ റിപ്പോർട്ടിനെ വിജയ് നിയമസഭയിൽ പരാമർശിച്ചതിനും സ്റ്റാലിൻ മറുപടി നൽകി. “സർക്കാരിയ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം സംസ്ഥാനത്തും കേന്ദ്രത്തിലും നിരവധി സർക്കാരുകൾ മാറി. റിപ്പോർട്ടിൽ സത്യാവസ്ഥയുണ്ടായിരുന്നെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമായിരുന്നു,” സ്റ്റാലിൻ പറഞ്ഞു. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കരുണാനിധിക്കെതിരെ മറ്റുള്ളവർ ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിക്കുകയാണ് വിജയ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തുകൾ ചൂണ്ടിക്കാട്ടി ഡിഎംകെയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെയും സ്റ്റാലിൻ വിമർശിച്ചു. ഇ.ഡി ഉന്നയിച്ച ആരോപണങ്ങളിൽ 95 ശതമാനത്തിനും തെളിവില്ലെന്നും ആരോപണം നേരിട്ട പലർക്കുമെതിരെ പിന്നീട് നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രതികാരം ചെയ്യുന്നതിനായി ഇ.ഡിയെ ഉപയോഗിക്കുന്നുവെന്നത് എല്ലാവർക്കും അറിയാമെന്നും സ്റ്റാലിൻ ആരോപിച്ചു. വിജയ് നേതൃത്വം നൽകുന്ന സഖ്യത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെയും ഇ.ഡി കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്നാട് നിയമസഭയ്ക്ക് വലിയ പാരമ്പര്യവും ബഹുമാനവുമുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനവും അവകാശങ്ങളും ക്രമസമാധാനവും സംബന്ധിച്ച വിഷയങ്ങളാണ് നിയമസഭയിൽ ചർച്ച ചെയ്യേണ്ടതെന്നും അനാവശ്യ വിഷയങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. “തമിഴ്നാടിന്റെ നിയമസഭയ്ക്ക് അന്തസ്സും ബഹുമാനവുമുണ്ട്. മഹാനായ നേതാക്കൾ സംസ്ഥാനത്തെ രൂപപ്പെടുത്തിയ ഇടമാണത്. നിയമസഭയിൽ ക്രമസമാധാനം എങ്ങനെ മെച്ചപ്പെടുത്താം, സംസ്ഥാനത്തിന്റെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാം, വികസനത്തിന്റെ പാതയിലേക്ക് സംസ്ഥാനത്തെ എങ്ങനെ നയിക്കാം തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത്,” സ്റ്റാലിൻ പറഞ്ഞു.

മാറ്റത്തിനായി വോട്ട് ചെയ്ത യുവാക്കളടക്കമുള്ള വോട്ടർമാർ സംസ്ഥാനത്ത് യഥാർഥത്തിൽ മാറ്റമുണ്ടായോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “മാറ്റമുണ്ടായോ എന്ന് നോക്കുക. ഭരണപരമായ കഴിവുള്ള സർക്കാർ ഏതാണ് എന്ന് മനസ്സിലാക്കുക,” സ്റ്റാലിൻ പറഞ്ഞു. അതേസമയം, ഡിഎംകെയ്ക്ക് വോട്ട് ചെയ്തിട്ടില്ലെന്ന കാരണത്താൽ ജനങ്ങളുടെ ദുരിതങ്ങളിൽ ഇടപെടാതെ പാർട്ടി പ്രവർത്തകർ മാറിനിൽക്കരുതെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

“അത് നമ്മുടെ പ്രത്യയശാസ്ത്രമല്ല. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും തമിഴ്നാട്ടിലെയും ജനങ്ങളുടെയും അവകാശങ്ങൾക്കും വികസനത്തിനുമായി നിരന്തരം പോരാടണം. അവരുടെ മുത്തച്ഛന്മാർക്കായും അച്ഛന്മാർക്കായും ഞങ്ങൾ പോരാടി. ഇപ്പോൾ അവർക്കായും പോരാടും. അതാണ് ഡിഎംകെയുടെ ചരിത്രം,” സ്റ്റാലിൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img