
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയെ അധികാരത്തിൽ നിന്ന് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യത്തിലെത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ കൂട്ടുകെട്ടിനുള്ള സാധ്യതകൾ ശക്തമായിരിക്കുകയാണ്.
ടിവികെ സർക്കാർ രൂപീകരിക്കാമെന്ന അവകാശവാദം ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചിട്ടില്ല. 118 എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന കത്ത് സമർപ്പിക്കണമെന്നാണ് ഗവർണറുടെ നിർദേശം. ഭൂരിപക്ഷം ഉറപ്പിക്കാനാകാത്ത പക്ഷം, രണ്ടാമത്തെ വലിയ കക്ഷിയായ ഡിഎംകെയെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സഖ്യസർക്കാരിനുള്ള സാധ്യതകൾ പരിശോധിക്കുന്നതെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ പറയുന്നത്.
തിരഞ്ഞെടുപ്പിൽ ടിവികെ 108 സീറ്റുകൾ നേടിയെങ്കിലും, വിജയ് രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനാൽ ഒരു സീറ്റ് ഒഴിയേണ്ടിവരും. അതോടെ പാർട്ടിയുടെ അംഗസംഖ്യ 107 ആയി കുറയും. കോൺഗ്രസിന്റെ അഞ്ച് അംഗങ്ങളുടെ പിന്തുണ ലഭിച്ചാലും ഭൂരിപക്ഷത്തിലെത്താൻ ടിവികെയ്ക്ക് ഇനി ആറുപേരുടെ കൂടി പിന്തുണ അനിവാര്യമാണ്.
അതേസമയം, ഡിഎംകെയ്ക്ക് 59 സീറ്റും എഐഎഡിഎംകെയ്ക്ക് 47 സീറ്റുമാണ് ലഭിച്ചത്. ഭരണഘടനാ വിരുദ്ധവും വർഗീയവുമായ ശക്തികളെ അകറ്റി നിർത്തണമെന്ന വ്യവസ്ഥയോടെയാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്ന് തമിഴ്നാട് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഇതിനിടെ പട്ടാളി മക്കൾ കക്ഷിയുടെ നാല് എംഎൽഎമാർ വിജയുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പിന്തുണാ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഇടതുപാർട്ടികൾ മേയ് 8 വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിം ലീഗ് ഡിഎംകെയോടൊപ്പമെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയ് കോൺഗ്രസ് പിന്തുണ തേടിയിരുന്നു. വോട്ടർമാരുടെ മനോഭാവം പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പിന്നാലെ ടിവികെയെ പിന്തുണയ്ക്കുന്ന കാര്യം തമിഴ്നാട് കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസുമായി ധാരണയിലെത്തിയതായി ടിവികെയും സ്ഥിരീകരിച്ചു.
എന്നാൽ കോൺഗ്രസിന്റെ നീക്കത്തിനെതിരെ ഡിഎംകെ കടുത്ത വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് “വിശ്വാസവഞ്ചന” നടത്തിയെന്നാണ് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരെ ആരോപിച്ചത്. കോൺഗ്രസിന് ലഭിച്ച അഞ്ച് സീറ്റുകൾക്കും പിന്നിൽ എം.കെ. സ്റ്റാലിന്റെ പിന്തുണയാണെന്നും, രാഹുൽ ഗാന്ധിയെ ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാൻ മുന്നിട്ടിറങ്ങിയതും സ്റ്റാലിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.










