03:55pm 21 August 2026
NEWS
സൗജന്യ കാർ വേണ്ട; വിജയ് സർക്കാരിന്റെ പ്രഖ്യാപനം നിരസിച്ച് ഡിഎംകെയുടെ 59 എംഎൽഎമാർ
21/08/2026  03:25 PM IST
nila
സൗജന്യ കാർ വേണ്ട; വിജയ് സർക്കാരിന്റെ പ്രഖ്യാപനം നിരസിച്ച് ഡിഎംകെയുടെ 59 എംഎൽഎമാർ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ പദ്ധതി നിരസിച്ച് ഡിഎംകെ. പാർട്ടിയുടെ 59 എംഎൽഎമാരും സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യത നേരിടുകയാണെന്ന് സർക്കാർ തന്നെ ആവർത്തിച്ച് പറയുന്ന സാഹചര്യത്തിൽ എംഎൽഎമാർക്ക് കാർ നൽകുന്നത് അനാവശ്യ ചെലവാണെന്നാണ് ഡിഎംകെയുടെ വിമർശനം. എംഎൽഎമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ പരിശോധിച്ച് സാമ്പത്തികമായി അർഹരായവർക്ക് മാത്രം ആനുകൂല്യം നൽകണമെന്നും ഉദയനിധി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 234 എംഎൽഎമാർക്കും സൗജന്യമായി കാർ നൽകുമെന്ന വിജയിന്റെ പ്രഖ്യാപനത്തോടെയാണ് ഭരണപക്ഷമായ ടിവികെയും ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ തർക്കം ശക്തമായത്. സ്വന്തമായി വാഹനമില്ലാത്ത എംഎൽഎമാർക്ക് മണ്ഡലങ്ങളിൽ യാത്ര ചെയ്യുന്നതിനായി കാർ അത്യാവശ്യമാണെന്നാണ് ടിവികെയുടെ നിലപാട്.

എല്ലാ എംഎൽഎമാരെയും തുല്യമായി പരിഗണിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി ആധവ് അർജുന പറഞ്ഞു. വിസികെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള ചെറുപാർട്ടികളിലെ ചില എംഎൽഎമാരുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തമായി കാറുള്ള എംഎൽഎമാർ സർക്കാർ വാഹനത്തിന് അപേക്ഷിക്കേണ്ടതില്ലെന്നും ടിവികെ വ്യക്തമാക്കി. സ്വന്തമായി വീടും കാറുമില്ലാത്ത നിരവധി എംഎൽഎമാരുണ്ടെന്നും ഇവർക്ക് മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് വാഹനം ആവശ്യമായതിനാലാണ് പദ്ധതിയെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം, സൗജന്യ കാറിന് പുറമെ ഡ്രൈവറുടെയും ഇന്ധനത്തിന്റെയും ചെലവിനായി പ്രതിമാസം 75,000 രൂപ അലവൻസും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെയും ഡിഎംകെ ശക്തമായ വിമർശനമാണ് ഉയർത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img