
ബംഗളുരു : " എന്റെ വാക്കുകൾ കോൺഗ്രസ്സ് പ്രവർത്തകർക്കോ ഇന്ത്യ മുന്നണിയിലെ സുഹൃത്തുക്കൾക്കോ വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാനവരോട് നിരുപാധികം മാപ്പ് ചോദിക്കുന്നു. മറ്റു പാർട്ടികളുടെ ആശയങ്ങളും അറിയാമെന്ന് വ്യക്തമാക്കുകയായിരുന്നു ഞാൻ. പക്ഷെ അത് വ്യാഖ്യാനിക്കപ്പെട്ടത് മറ്റൊരു വിധത്തിലാണ്" നിയമസഭയിൽ ആർ എസ് എസ് പ്രാർത്ഥന ആലപിച്ചത് വിവാദമായ സാഹചര്യത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കി.ഹൈക്കമാണ്ടിൽ നിന്നും സമ്മർദ്ദമുണ്ടായതിനെ തുടർന്നാണ് വിശദീകരണവും മാപ്പുപറച്ചിലുമെന്നാണ് കരുതപ്പെടുന്നത്. "എന്റെ കോൺഗ്രസ്സ് ബന്ധം ആർക്കും ചോദ്യം ചെയ്യാനാവില്ല. ജന്മം കൊണ്ട് ഞാൻ കോൺഗ്രസുകാരനാണ്. മരിക്കുന്നതുവരെയും കോൺഗ്രസുകാരനായിരിക്കും. അതാണ് എന്റെ അടിയുറച്ച രാഷ്ട്രീയ നിലപാട് " അദ്ദേഹം മനസ്സ് തുറന്നു. " ഗാന്ധി കുടുംബവുമായുള്ള എന്റെ ബന്ധം സുദൃഢമാണ്. അത് ദേവപ്രതിഷ്ഠയും ഭക്തനും തമ്മിലുള്ള ബന്ധംപോലെ ഉറച്ചതാണ്. ആർക്കും അത് തകർക്കാനാവില്ല. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ഞാനെന്റെ ടൂറിങ് ടാക്കീസിന് അവരുടെ പേരിട്ടു. അത് നാല് പതിറ്റാണ്ട് മുമ്പാണ്. മഹാത്മാഗാന്ധി കോൺഗ്രസ്സ് അധ്യക്ഷനായതിന്റെ ശതാബ്ദിയിൽ കർണാടകത്തിൽ നൂറു കോൺഗ്രസ്സ് ഓഫിസുകൾ തുറക്കാനുള്ള യത്നത്തിലാണ് ഞാൻ. അടിസ്ഥാന സൗകര്യങ്ങളുള്ള വലിയ ഓഫീസുകളാണ് നിർമ്മിക്കുന്നത്. പാർട്ടി ഓഫീസുകൾ ക്ഷേത്രങ്ങളെ പോലെ കരുതി പരിപാലിക്കണമെന്നാണ് എന്റെ പക്ഷം. ഞാൻ ഹിന്ദുമത വിശ്വാസിയാണ്. മറ്റുമതങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴും എന്റെ മതവിശ്വാസം ഞാൻ മുറുകെ പിടിക്കുന്നു " അദ്ദേഹം വ്യക്തമാക്കി. " ബിജെപിക്കാർ എന്നെ നിരന്തരം വേട്ടയാടുന്നവരാണ്. എന്റെയും കുടുംബത്തിന്റെയും പേരിൽ നാനൂറോളം കേസ്സുകളുണ്ട്. കള്ളക്കേസിൽ കുടുക്കി അവരെന്നെ തിഹാർ ജയിലിലിട്ടു. ഇരിക്കാൻ ഒരു കസേര പോലും തന്നില്ല. നിലത്തുകിടന്നാണ് ഞാനുറങ്ങിയത്. മാസങ്ങളോളം നീണ്ട നരകയാതനയും പീഡനവും ഒരിക്കലും മറക്കാനാവില്ല. എന്റെ പേരിൽ ഇ ഡി കേസ്സെടുത്തിട്ട് എന്തായി? സുപ്രീംകോടതി അത് തള്ളിക്കളഞ്ഞില്ലേ? " ഡി കെ ചോദിച്ചു. ആർ എസ് എസ് പ്രാർത്ഥന ആലപിച്ച നടപടി മുതിർന്ന നേതാക്കളും മന്ത്രിമാരും വിമർശിക്കുകയും ചിലർ ഹൈക്കമാണ്ടിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ശിവകുമാർ നിലപാട് വ്യക്തമാക്കിയത്.
Photo Courtesy - Google











