
കോൺഗ്രസ്സ് ഹൈക്കമാണ്ട് തീരുമാനിക്കുമ്പോൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശിവകുമാറിന്റെ സദാശിവനഗറിലെ വസതിയിലെത്തി പ്രാതൽ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃമാറ്റ ചർച്ച കത്തിനിൽക്കേ, എഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർദ്ദേശിച്ച പ്രകാരം കഴിഞ്ഞ ശനിയാഴ്ച സിദ്ധരാമയ്യ ശിവകുമാറിലെ പ്രാതലിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചിരിക്കുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നലെ സിദ്ധരാമയ്യ ശിവകുമാറിന്റെ സദാശിവനഗറിലെ വസതിയിൽ പ്രാതലിനെത്തിയത്. അന്ന് സിദ്ധരാമയ്യ ഇഡ്ഡലി സാമ്പാറും ഉപ്പുമാവും നൽകിയാണ് ശിവകുമാറിനെ സൽകരിച്ചതെങ്കിൽ മൈസൂരു ശൈലിയിലുള്ള നാടൻകോഴിക്കറിയും ഇഡ്ഡലിയുമാണ് ശിവകുമാർ മുഖ്യമന്ത്രിയ്ക്കായി ഒരുക്കിയത്. സിദ്ധരാമയ്യയുടെ താല്പര്യപ്രകാരമായിരുന്നു അത്.പ്രാതൽ ഡിപ്ലോമസിയിൽ നേതൃമാറ്റ തർക്കത്തിന്റെ മഞ്ഞുരുകിയിട്ടുണ്ട്. സിദ്ധരാമയ്യ മനസ്സുവെച്ചാലെ ശിവകുമാറിന് മുഖ്യമന്ത്രിയാകാനാവൂ എന്നതാണ് കർണാടകത്തിലെ രാഷ്ട്രീയ യാഥാർഥ്യം. ഹൈക്കമാണ്ടിന് അത് നന്നായറിയാം. " ഞങ്ങൾ സഹോദരന്മാരെപ്പോലെയാണ്. ഇതുവരെയും ഒന്നിച്ചാണ് പ്രവർത്തിച്ചത്.മേലിലും അങ്ങനെ തന്നെ. 2028 ലും ഒന്നിച്ച് പ്രവർത്തിച്ച് കോൺഗ്രസിന് അധികാര തുടർച്ച ഉറപ്പാക്കും" ഇളചിരിയോടെ അടുത്തിരിക്കുന്ന ശിവകുമാറിനെ സാക്ഷിയാക്കി സിദ്ധരാമയ്യ പറഞ്ഞു. കർണാടകത്തിലെ കോൺഗ്രസിലെ അതികാ യന്മാരാണ് വേറിട്ട പ്രവർത്തന ശൈലി പിന്തുടരുകയും വ്യത്യസ്ത വിഭാഗങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന സിദ്ധരാമയ്യയും ശിവകുമാറും. ഇരുവരും ഒറ്റമനസ്സോടെ ഒന്നിച്ചുനീങ്ങിയാൽ കോൺഗ്രസ്സ് വൻശക്തിയാണ്. ബിജെപിയും ജെഡിഎസ്സും ഉൾപ്പെടുന്ന പ്രതിപക്ഷത്തിന് ഗവണ്മെന്റിനെ തൊടാനാവില്ല. സിദ്ധരാമയ്യയെയും ശിവകുമാറിനെയും തമ്മിൽ തെറ്റിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഈ മാസം എട്ടിന് ബെളഗാവിയിൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഗവണ്മെന്റിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് നേതൃമാറ്റ തർക്കം മുറുകിയ വേളയിൽ പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. സിദ്ധരാമയ്യയും ശിവകുമാറും വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആ നീക്കവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമോ എന്നറിയില്ല. "അവിശ്വാസ പ്രമേയം വരട്ടെ. അത് നേരിടാൻ ഞങ്ങൾക്കറിയാം" ഇരുനേതാക്കളും വ്യക്തമാക്കി. ഹൈക്കമാണ്ട് വിളിച്ചാൽ കൂടിയാലോചനകൾക്കായി ഡൽഹിയിലേക്ക് പോകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. മംഗളുരുവിൽ ഒരു പരിപാടിയിൽ സിദ്ധരാമയ്യയും കെ സി വേണുഗോപാലും ഒന്നിച്ച് പങ്കെടുക്കുന്നുണ്ട്. പ്രാതൽ കൂടിക്കാഴ്ചയുടെ പുരോഗതി സിദ്ധരാമയ്യ വേണുഗോപാലിനെ ധരിപ്പിക്കും. അടുത്ത വർഷം മുഖ്യമന്ത്രിക്കസേര ശിവകുമാറിന് കൈമാറാൻ സിദ്ധരാമയ്യ മനസ്സുകൊണ്ട് തീരുമാനിച്ചിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
Photo Courtesy - Google










