
ഉപമുഖ്യമന്ത്രിസ്ഥാനവും കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന കരുത്തനായ ഡി കെ ശിവകുമാറിന്റെ മനസ്സിൽ മുഖ്യമന്ത്രിപദവിയാണ്. അഞ്ചുകൊല്ലം മുമ്പ് സോണിയാഗാന്ധിയാണ് അദ്ദേഹത്തെ പി സി സി അധ്യക്ഷനാക്കിയത്. 2023 ൽ കോൺഗ്രസ്സിന് വൻഭൂരിപക്ഷം നേടിക്കൊടുത്തത് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയും ശിവകുമാറും ചേർന്നാണ്. രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും ചേർന്ന് പ്രഖ്യാപിച്ച പഞ്ചസൗജന്യ വാഗ്ദാനങ്ങൾ വിജയത്തിന് ആക്കം കൂട്ടുകയും ചെയ്തു. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്നാണ് സോണിയയും പ്രിയങ്കയും ആഗ്രഹിച്ചത്. രാഹുലിനാകട്ടെ അഹിന്ദ നേതാവായ സിദ്ധരാമയ്യയോടായിരുന്നു താല്പര്യം. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ ഹൈക്കമാണ്ടിനെ മുൾമുനയിൽ നിർത്തി ശിവകുമാർ മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി പരമാവധി ശ്രമിച്ചിരുന്നു. പ്രശ്നം പക്ഷെ എംഎൽഎമാരുടെ പിന്തുണയായിരുന്നു. കോൺഗ്രസ്സിന്റെ 138 എംഎൽഎമാരിൽ എൺപതിലേറെ പേർ സിദ്ധരാമയ്യയെയാണ് പിന്തുണച്ചത്. അതിനാൽ ഹൈക്കമാണ്ടിന് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കേണ്ടിവന്നു. രണ്ടരകൊല്ലം കഴിഞ്ഞാൽ മുഖ്യമന്ത്രിപദം ശിവകുമാറിന് കൈമാറണമെന്ന ഒരു രഹസ്യധാരണ ഉണ്ടായിരുന്നതായി കേട്ടിരുന്നു. എന്നാൽ അങ്ങനെയുള്ള ധാരണയൊന്നുമില്ല, താൻ കാലാവധി പൂർത്തിയാക്കുമെന്നാണ് സിദ്ധരാമയ്യ ആവർത്തിച്ചുവ്യക്തമാക്കിയത്. ഈ നവംബറിലാണ് രണ്ടരവർഷം തികയുന്നത്. മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ സിദ്ധരാമയ്യയും പിടിച്ചുപറ്റാൻ ശിവകുമാറും സകല അടവും പയറ്റുന്നുണ്ട്. എംഎൽഎ മാരുടെ പിന്തുണയല്ല, ഹൈക്കമാണ്ടിന്റെ അംഗീകാരമാണ് മുഖ്യമന്ത്രിയാകാൻ ആവശ്യമെന്ന് ഒരു കന്നഡ ടിവി ചാനലുമായുള്ള അഭിമുഖത്തിൽ ശിവകുമാർ അഭിപ്രായപ്പെട്ടപ്പോൾ സിദ്ധരാമയ്യ അത് തിരുത്തി. എംഎൽഎമാരുടെ പിന്തുണയാണ് പ്രധാനമെന്ന് അദ്ദേഹം ആവർത്തിച്ചു. എം എൽ എമാരിൽ ഭൂരിപക്ഷവും ഇപ്പോഴും സിദ്ധരാമയ്യയെയാണ് പിന്തുണക്കുന്നത് എന്ന വസ്തുത ശിവകുമാറിനെ അലട്ടുന്നുണ്ട്. എൽഎൽഎ മാരുടെ പിന്തുണ നിലനിൽക്കേ ഹൈക്കമാണ്ട് ആവശ്യപ്പെട്ടാലും സിദ്ധരാമയ്യ ഒഴിയുകയില്ല. അദ്ദേഹത്തെ ബലം പ്രയോഗിച്ച് മാറ്റുക എളുപ്പമല്ലതാനും. ജാതി സെൻസസ് നടത്തി സിദ്ധരാമയ്യ സ്വാധീനവും കരുത്തും വർധിപ്പിച്ചിരിക്കയാണ്. എം എൽഎമാരുടെ പിന്തുണയാണ് പ്രധാനമെന്ന് ആഭ്യന്തരമന്ത്രി ഡോക്ടർ പരമേശ്വരയും പറയുന്നു. "അത് മറികടന്ന് ഹൈക്കമാണ്ടിന് തീരുമാനമെടുക്കാം അത്യാവശ്യ ഘട്ടങ്ങളിൽ" അദ്ദേഹം വ്യക്തമാക്കുന്നു. "കാലാവധി പൂർത്തിയാകുന്നതോടെ താൻ സജീവരാഷ്ട്രീയത്തിൽ നിന്ന് മാറും. അടുത്ത തവണ ശിവകുമാർ മുഖ്യമന്ത്രിയാകട്ടെ" സിദ്ധരാമയ്യ നയം വ്യക്തമാക്കുന്നു. അടുത്ത തവണ, അതായത് 2028 ൽ കോൺഗ്രസ്സിന് അധികാരം കിട്ടുമെന്ന് പറയാനാവില്ല. ആ സംശയം ശിവകുമാറിനുമുണ്ട്. അതുകൊണ്ടാണ് ഇത്തവണ തന്നെ മുഖ്യമന്ത്രിയാകാൻ അദ്ദേഹം ആഗ്രഹിക്കുന്നത്. പക്ഷെ എത്ര പരിശ്രമിച്ചിട്ടും ഭൂരിപക്ഷം എം എൽ എമാരുടെ പിന്തുണ ഉറപ്പാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. അധികാരത്തർക്കം ഉള്ളിൽ മൂർച്ഛിക്കുന്നുണ്ടെങ്കിലും സിദ്ധരാമയ്യയും ശിവകുമാറും സമരസപ്പെട്ടാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്.
Photo Courtesy - Google











