
ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേറ്റു. ബെംഗളൂരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ തവാർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടന തൊട്ടാണ് ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ഉൾപ്പെടെ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർക്കൊപ്പമാണ് ശിവകുമാർ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയത്. കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജെവാല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മലയാളി നേതാക്കളായ കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവർ ഉൾപ്പെടെ 11 മന്ത്രിമാരും പുതിയ മന്ത്രിസഭയിൽ അംഗങ്ങളായി. കേരളത്തിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
മന്ത്രിസഭയിൽ ഇടംപിടിച്ചവരിൽ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഉൾപ്പെടുന്നു. ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, എം.ബി. പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധർ തുടങ്ങിയവരുടെ പേരുകളും അംഗീകൃത പട്ടികയിലുണ്ട്.
അതേസമയം, അടുത്തിടെ വിവാദങ്ങളിൽപ്പെട്ട മുൻ മന്ത്രി സമീർ അഹമ്മദിനും ഡി.കെ. ശിവകുമാറിന്റെ അടുത്ത അനുയായികളിൽ ഒരാളായ മലയാളി നേതാവ് എൻ.എ. ഹാരിസിനും മന്ത്രിസഭയിൽ ഇടം ലഭിക്കാതിരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായി.










