01:33pm 29 April 2026
NEWS
അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിച്ച് വിജയത്തിലെത്തിക്കാനുള്ള ആരോഗ്യമുണ്ട്- ഡി കെ ശിവകുമാർ.
25/02/2025  12:07 PM IST
വിഷ്ണുമംഗലം കുമാർ
അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിച്ച് വിജയത്തിലെത്തിക്കാനുള്ള ആരോഗ്യമുണ്ട്- ഡി കെ ശിവകുമാർ

 ബംഗളുരു: സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും കൂട്ടായ നേതൃത്വമാണ് 2023ൽ ബിജെപിയെ തകർത്ത് വൻ ഭൂരിപക്ഷത്തോടെ കർണാടകത്തിൽ അധികാരം പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചത്. സിദ്ധരാമയ്യ പ്രതിപക്ഷ നേതാവും ശിവകുമാർ പിസിസി അധ്യക്ഷനുമായിരുന്നു. ഇരുനേതാക്കളും മുഖ്യമന്ത്രി പദം തീവ്രമായി കാംക്ഷിച്ചു. അതിനായി പരമാവധി സമ്മർദ്ദം ചെലുത്തുകയും ചെയ്തു. മിതവാദിയും പക്വമതിയും ഭരണകാര്യങ്ങളിൽ അനുഭവസമ്പന്നനുമായ സിദ്ധരാമയ്യയെയാണ് ഭാഗ്യം തുണച്ചത്. മാത്രവുമല്ല ന്യൂനപക്ഷ-പിന്നോക്കവിഭാഗ-ദളിത് കൂട്ടായ്മയായ 'അഹിന്ദ'യെ പ്രതിനിധീകരിക്കുന്ന എം എൽ എ മാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കായിരുന്നു. അഹിന്ദ എംഎൽഎമാർക്കാണ് കോൺഗ്രസ്സ് നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം. ജലവിഭവം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ പിസിസി അധ്യക്ഷപദവിയിൽ തുടരാനുള്ള അനുമതിയും മറ്റു ഉപമുഖ്യമന്ത്രിമാർ പാടില്ലെന്ന വ്യവസ്ഥയോടെ ഹൈക്കമാണ്ടിൽ സമ്മർദ്ദം ചെലുത്തി ശിവകുമാർ നേടിയെടുത്തിരുന്നു. ഏറ്റവും അനുയോജ്യമായ സന്ദർഭത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിപദം കൈമാറും എന്നായിരുന്നു ശിവകുമാറിന്റെ വിശ്വാസം. മുഖ്യമന്ത്രിപദം പങ്കിടുന്നതിന് ഒരു വാക്കാൽകരാർ ഉണ്ടായിരുന്നെന്നും പറഞ്ഞുകേട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രിപദവിയിൽ ഒന്നര വർഷം പിന്നിട്ട സിദ്ധരാമയ്യ പൂർവാധികം കരുത്തനാകുന്നതും മുഖ്യമന്ത്രിക്കസേര മോഹിച്ച ശിവകുമാർ ദുർബ്ബലനാകുന്നതുമാണ് സംസ്ഥാനത്ത് കാണാൻ കഴിയുന്നത്. പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി ശിവകുമാറിനെ കൂടുതൽ ദുർബ്ബലനാക്കാൻ സിദ്ധരാമയ്യയുമായി അടുപ്പമുള്ള മുതിർന്ന അഹിന്ദ മന്ത്രിമാർ കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. 77 വയസ്സുള്ള സിദ്ധരാമയ്യ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കാലാവധിയ്ക്ക് മുമ്പ് അദ്ദേഹം മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കുകയുമില്ല. അതുകൊണ്ടുതന്നെ അടുത്ത തവണ മുഖ്യമന്ത്രിയാകാനുള്ള ഒരുക്കപ്പാടാണ് ശിവകുമാർ ഇപ്പോൾ നടത്തുന്നത്. യുവാക്കളായ മന്ത്രിമാരും എംഎൽഎമാരും നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. കോൺഗ്രസ്സിലെ യുവതലമുറ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. തന്റെ വിശ്വസ്തനായ മഞ്ജുനാഥിനെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷനാക്കാൻ ശിവകുമാറിന് സാധിച്ചിരുന്നു. അതുപോലെ പിസിസി വർക്കിങ് പ്രസിഡന്റും രാജ്യസഭ അംഗവുമായ ജി സി ചന്ദ്രശേഖറും ശിവകുമാറിന്റെ വിശ്വസ്തനാണ്. "ഇനിയും പത്തു പതിനഞ്ചു വർഷം സജീവ രാഷ്ട്രീയപ്രവർത്തനം നടത്താനുള്ള ആരോഗ്യം എനിക്കുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഞാൻ നയിക്കും, വിജയത്തിലെത്തിക്കും" 62 വയസ്സുള്ള ശിവകുമാർ വ്യക്തമാക്കുന്നു. ഇന്നലെ ഡൽഹിയിലെത്തി രാഹുൽ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയ നേതാക്കളെ ശിവകുമാർ കണ്ടിരുന്നു. ബംഗളുരുവിലെ റെയ്സ് കോഴ്സ് റോഡിൽ പുതുതായി നിർമ്മിച്ച കോൺഗ്രസ്സ് ഭവന്റെ ഉദ്ഘാടനത്തിന് ദേശീയ നേതാക്കളെ ക്ഷണിക്കാനാണ് പോയതെങ്കിലും ചില പ്രധാന രാഷ്ട്രീയകാര്യങ്ങൾ അദ്ദേഹം ദേശീയ നേതാക്കളുമായി പങ്കുവെച്ചതായി റിപ്പോർട്ടുണ്ട്. അതിലൊന്ന് ഇത്തവണ മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിക്കില്ല, എന്നാൽ അടുത്ത തെരഞ്ഞെടുപ്പുവരെ ഉപമുഖ്യ മന്ത്രിപദവും പിസിസി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കാൻ അനുവദിക്കണം എന്നാണത്രെ. സംസ്ഥാനത്തെ പ്രത്യേക സാഹചര്യവും ശിവകുമാറിന്റെ സംഘടനാമികവും പരിഗണിച്ച് ഹൈക്കമാണ്ട് അത് അനുവദിച്ചേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ അതിനോട് യോജിക്കുകയും ചെയ്യും. ശിവകുമാർ ഇത്തവണ മുഖ്യമന്ത്രിസ്ഥാനത്തിന് പിടി വാശി കാണിക്കില്ലെന്ന് വന്നാൽ 'അഹിന്ദ'ക്കാരും അടങ്ങും. കർണാടകത്തിലെ കോൺഗ്രസ്സിൽ ഉരുത്തിരിയുന്നത് ആർക്കും മുറിവേൽക്കാത്ത സമവായമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img