10:33pm 30 April 2026
NEWS
'ഡിജിറ്റൽ യൂത്ത് ഫോർ എവരി ബൂത്ത്‌' മുദ്രാവാക്യമുയർത്തി പ്രവർത്തനം തുടങ്ങാൻ കോൺഗ്രസ്സിലെ യുവാക്കളോട് ഡി കെ ശിവകുമാർ
19/03/2025  11:25 AM IST
വിഷ്ണുമംഗലം കുമാർ
ഡിജിറ്റൽ യൂത്ത് ഫോർ എവരി ബൂത്ത്‌ മുദ്രാവാക്യമുയർത്തി പ്രവർത്തനം തുടങ്ങാൻ കോൺഗ്രസ്സിലെ യുവാക്കളോട് ഡി കെ ശിവകുമാർ

കർണാടകം: കോൺഗ്രസ്സിൽ തനിക്കുള്ള സ്വാധീനം ഒന്നുകൂടി വിപുലപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഉപമുഖ്യമന്ത്രി സ്ഥാനവും പി സി സി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാർ. ഈ ടേമിൽ, അതായത് സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയാക്കുന്ന നവംബറിൽ, മുഖ്യമന്ത്രിയാവുക എന്ന സ്വപ്നം അദ്ദേഹം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഹൈക്കമാണ്ട് വിചാരിച്ചാലും സിദ്ധരാമയ്യ ഒഴിഞ്ഞുകൊടുക്കാതെ അത് സാധ്യമാവുകയില്ല. അധികാരത്തിന്റെ സുഖം ആസ്വദിക്കുന്ന, രാഷ്ട്രീയ പക്വത പ്രകടമാക്കി ഭരണയന്ത്രം തിരിക്കുന്ന സിദ്ധരാമയ്യയ്ക്ക്  സഫലീകരിക്കാൻ ചില ലക്ഷ്യങ്ങളുണ്ട്. അതുകൊണ്ട് കാലാവധിയ്ക്ക് മുമ്പ് മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറല്ല. മുഡ കേസ്സിൽ നിന്ന് പോറലേൽക്കാതെ തലയൂരാൻ കഴിഞ്ഞതിനാൽ സിദ്ധരാമയ്യയുടെ ആത്മവിശ്വാസം വർധിച്ചിട്ടുമുണ്ട്. അതൊക്കെ ശരിയ്ക്കും മനസ്സിലാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ശിവകുമാർ ഇപ്പോൾ നടത്തുന്നത്. അടുത്ത തവണ, അതായത് 2028ൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിച്ചാൽ മുഖ്യമന്ത്രിയാകുന്നതിന് ശിവകുമാർ അത്ര പ്രയാസപ്പെടേണ്ടി വരില്ല. അതുവരെ പിസിസി അധ്യക്ഷപദവി അദ്ദേഹം ഒഴിയുകയുമില്ല. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള പ്രവർത്തനം ഇപ്പോഴേ ആരംഭിക്കാനാണ് ശിവകുമാർ പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നത്. തന്റെ വിശ്വസ്തനായ എച്ച് എസ് മഞ്ജുനാഥിനെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷനായി അവരോധിക്കുന്ന 'യുവ സങ്കൽപ്പ' ശിവകുമാർ വലിയൊരു സമ്മേളനമാക്കിമാറ്റിയിരുന്നു.  "യുവനേതാക്കൾ ഗ്രാമങ്ങളിലേക്ക് പോയി ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. 2028-ൽ അധികാരത്തിൽ തിരിച്ചെത്തുകയാണ് നമ്മുടെ ലക്ഷ്യം. അതിനായി എല്ലാവരും കഠിനശ്രമം ഇപ്പോഴേ ആരംഭിക്കേണ്ടതുണ്ട്" ഡി കെ യുവാക്കളെ ഉദ്ബോധിപ്പിച്ചു.  "ഡിജിറ്റൽ യൂത്ത് ഫോർ എവരി ബൂത്ത്‌' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനം സംസ്ഥാനമൊട്ടുക്ക് ശക്തിപ്പെടുത്തണം. ഇരുപത്തിയഞ്ച് യുവാക്കൾ അടങ്ങിയ യൂണിറ്റാണ് ഓരോ ബൂത്തിലും രൂപീകരിക്കേണ്ടത്. ബൂത്ത്‌ തലത്തിൽ പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ" മികച്ച സംഘാടകനായ ശിവകുമാർ യുവാക്കൾക്ക് ആവേശം പകർന്നു. " 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മൾ വിജയിക്കുമെന്ന് മാത്രമല്ല, 2029 ൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 'ഇന്ത്യ' കേന്ദ്രത്തിൽ അധികാരത്തിൽ വരികയും ചെയ്യും" ദേശീയ തലത്തിൽ അറിയപ്പെടുന്ന ഡി കെ ശിവകുമാർ പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img