
കർണാടകത്തിലെ പ്രബല സമുദായമാണ് വൊക്കലിഗർ. ജെഡിഎസ്സിനാണ് ഈ സമുദായത്തിന്റെ പിന്തുണ ലഭിച്ചിരുന്നത്. പഴയ മൈസൂരൂ ബെൽറ്റാണ് വൊക്കലിഗരുടെ നിർണ്ണായക സ്വാധീനമേഖല. മുൻപ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയും മകനും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയും വൊക്കലിഗ സമുദായക്കാരായ ജെഡിഎസ് നേതാക്കളാണ്. കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറും വൊക്കലിഗ സമുദായക്കാരനാണ്. 2023 ലെ തെരഞ്ഞെടുപ്പിൽ ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് വൊക്കലിഗ മേഖലയിൽ കടന്നുകയറി ആധിപത്യം സ്ഥാപിച്ചു. ആ കടന്നുകയറ്റം ജെഡിഎസ്സിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. 2018 ൽ കുമാരസ്വാമി നേതൃത്വം കൊടുത്ത കോൺഗ്രസ്സ്- ജെഡിഎസ് കൂട്ടുമന്ത്രിസഭയിൽ ശിവകുമാർ അംഗമായിരുന്നു. എന്നാലിപ്പോൾ ദേവഗൗഡാ കുടുംബം മുഖ്യമന്ത്രി സിദ്ധരാമയ്യയോടെന്നപോലെ ശിവകുമാറുമായും രാഷ്ട്രീയമായി മാത്രമല്ല വ്യക്തിപരമായും കടുത്ത ശത്രുതയിലാണ്. വൊക്കലിഗരുടെ സംഘടന ശിവകുമാറിന്റെ നിയന്ത്രണത്തിലാണ്. നേതൃമാറ്റ ചർച്ച ശക്തമായപ്പോൾ പ്രധാന വൊക്കലിഗ ആസ്ഥാനമായ ആദിചുഞ്ചനഗിരി മഠാധിപതി നിർമ്മലാനന്ദനാഥസ്വാമിയും സംഘടനാഭാരവാഹികളും ശിവകുമാറിനുവേണ്ടി രംഗത്തു വന്നിരുന്നു. നേതൃമാറ്റ വിഷയത്തിൽ സിദ്ധരാമയ്യയും ശിവകുമാറും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുമാരസ്വാമി രംഗത്തെത്തി. സമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ അദ്ദേഹം വിമർശിച്ചു. വൊക്കലിഗ സംഘ ശിവകുമാറിന് പിന്തുണ പ്രഖ്യാപിച്ചത് ശരിയായില്ലെന്നായിരുന്നു കുമാരസ്വാമിയുടെ നിലപാട്. അതിനെതിരെ ശിവകുമാർ രംഗത്തുവന്നു. ദേവഗൗഡ വൊക്കലിഗ മഠാധിപതിയുടെ പിന്തുണ തേടിയിട്ടില്ലേ എന്നദ്ദേഹം ചോദിച്ചു. രണ്ടാം വൊക്കലിഗ മഠം കെങ്കേരിയിൽ സ്ഥാപിക്കാൻ കുമാര ചന്ദ്രശേഖരസ്വാമിയെ സഹായിച്ചത് ദേവഗൗഡ ആയിരുന്നെന്ന് ശിവകുമാർ വെളിപ്പെടുത്തി. വൊക്കലിഗ സംഘടനാനേതാക്കൾ ശിവകുമാറിനെ പിന്തുണക്കുന്നുണ്ടെങ്കിലും സമുദായ അംഗങ്ങളിൽ ഒരു വിഭാഗം ജെഡിഎസ്സിനോടൊപ്പമാണ്. ശിവകുമാറിന്റെ മുഖ്യമന്ത്രി മോഹം പൊലിഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തെ തളർത്തി വൊക്കലിഗരുടെ സ്വാധീനം തിരിച്ചുപിടിക്കാനാണ് കുമാരസ്വാമി ശ്രമിക്കുന്നത്.
Photo Courtesy - Google










