12:32am 29 May 2026
NEWS
ഡി കെ ശിവകുമാറിന് വഴി തെളിയുന്നു; സിദ്ധരാമയ്യ ഇന്ന് രാജി പ്രഖ്യാപിച്ചേക്കും
28/05/2026  10:50 AM IST
വിഷ്ണുമംഗലം കുമാർ
ഡി കെ ശിവകുമാറിന് വഴി തെളിയുന്നു; സിദ്ധരാമയ്യ ഇന്ന് രാജി പ്രഖ്യാപിച്ചേക്കും

ബംഗളുരു: കർണാടകത്തിലെ ഏറ്റവും കരുത്തനായ കോൺഗ്രസ്സ് നേതാവാണ് ഡി കെ ശിവകുമാർ. ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന അദ്ദേഹമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയേക്കാൾ ദേശീയതലത്തിൽ പ്രശസ്തൻ. 2023ൽ പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയും പിസിസി അധ്യക്ഷ സ്ഥാനമലങ്കരിച്ച ശിവകുമാറും ചേർന്നാണ് കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി ശിവകുമാർ പരമാവധി ശ്രമിച്ചിരുന്നു. സോണിയ ഗാന്ധിയും പ്രിയങ്കയും ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പക്ഷെ ജയിച്ചുവന്ന കോൺഗ്രസ്സ് എം എൽ എമാരിൽ ഭൂരിപക്ഷം പേരുടെ പിന്തുണയും സിദ്ധരാമയ്യയ്ക്കായിരുന്നു. പിന്നോക്ക വിഭാഗ- ദളിത്- ന്യുനപക്ഷ കൂട്ടായ്മയായ അഹിന്ദയായിരുന്നു രാഷ്ട്രീയ തന്ത്രജ്ഞനായ സിദ്ധരാമയ്യയുടെ കരുത്ത്. മുതിർന്ന നേതാക്കളുടെ പിന്തുണയും അദ്ദേഹത്തിനായിരുന്നു. തർക്കം മൂത്തപ്പോൾ ഉപമുഖ്യമന്ത്രിപദവും പിസിസി അധ്യക്ഷസ്ഥാനവും ഒന്നിച്ചുവഹിക്കാൻ അനുവാദം നൽകി രാഹുൽഗാന്ധിയാണ് ശിവകുമാറിനെ അനുനയിപ്പിച്ചത്. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം നൽകാമെന്ന വാഗ്ദാനവും രാഹുൽഗാന്ധി മുന്നോട്ടുവെച്ചിരുന്നെന്ന് ശിവകുമാറുമായി അടുപ്പമുള്ളവർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ അത്തരം വ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.നേതൃമാറ്റ പ്രശ്നം ഇടയ്ക്കിടെ ഉയർന്നുവന്നിരുന്നെങ്കിലും ഹൈക്കമാണ്ട് അതിൽ ഇടപെടാൻ കൂട്ടാക്കിയിരുന്നില്ല. രണ്ടരവർഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറുന്ന ലക്ഷണമൊന്നും സിദ്ധരാമയ്യ കാണിച്ചില്ല. പരസ്യമായി പൊട്ടിത്തെറിച്ചില്ലെങ്കിലും ശിവകുമാർ നിരാശനും അസ്വസ്ഥനുമായിരുന്നു. ഇക്കഴിഞ്ഞ മെയ്‌ 20നാണ് സിദ്ധരാമയ്യ അധികാരത്തിൽ മൂന്നുവർഷം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഹൈക്കമാണ്ട് ഡൽഹിയിലേക്ക് വിളിപ്പിച്ച് ഒന്നിച്ചിരുത്തിയും പ്രത്യേകം പ്രത്യേകമായും സുദീർഘമായി സംസാരിച്ചിരുന്നു. ഒറ്റയ്ക്കുള്ള ചർച്ചയിലാണ് സ്ഥാനമൊഴിഞ്ഞു ശിവകുമാറിന് അവസരം നൽകാൻ രാഹുൽഗാന്ധി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടത്. സോണിയയും പ്രിയങ്കയും മല്ലികാർജ്ജുന ഖാർഗെയും കെ സി വേണുഗോപാലും അതേ ആവശ്യം തന്നെ മുന്നോട്ടുവെച്ചപ്പോൾ സിദ്ധരാമയ്യയ്‌ക്ക് അത് അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. സിദ്ധരാമയ്യയുടെ അനുവാദത്തോടെയുള്ള നേതൃമാറ്റമാണ് രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചത്. രാജ്യസഭ അംഗമായി പ്രവർത്തനം ദേശീയതലത്തിലേക്ക് മാറ്റുക, മകൻ യതീന്ദ്രയ്ക്ക് മന്ത്രിസ്ഥാനം, വിശ്വസ്ത അനുയായിയും പ്രശ്നക്കാരനുമായ സതീഷ് ജാർക്കിഹോളിയ്‌ക്ക് പിസിസി അധ്യക്ഷ പദവി തുടങ്ങിയ വാഗ്ദാനങ്ങളാണ് ഹൈക്കമാണ്ട് സിദ്ധരാമയ്യയുടെ മുന്നിൽ വെച്ചത്. എന്നാൽ രാജ്യസഭയിൽ അംഗമായി പ്രവർത്തനം ദേശീയ തലത്തിലേക്ക് മാറ്റുന്നതിനോട് സിദ്ധരാമയ്യയ്‌ക്ക് യോജിപ്പില്ല. ഹൈക്കമാണ്ട് നിർദ്ദേശപ്രകാരം സിദ്ധരാമയ്യയും ശിവകുമാറും മറ്റുമന്ത്രിമാരും നേതാക്കളും ഇന്ന് പ്രാതൽ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. പ്രാതൽ കൂടിക്കാഴ്ചയ്ക്ക് മുമ്പ് സിദ്ധരാമയ്യയെ സന്ദർശിച്ച ശിവകുമാർ അദ്ദേഹത്തിന്റെ പാദം തൊട്ടുവണങ്ങിയിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞു സിദ്ധരാമയ്യ ഗവർണ്ണറെ കാണുന്നുണ്ട്. പ്രായത്തിന്റെ പ്രശ്നം ചൂണ്ടിക്കാട്ടി ഖാർഗെ അവസാന നിമിഷം പിന്മാറിയതിനാലും ജാർക്കിഹോളി ഹൈക്കമാണ്ടിന് വഴങ്ങിയതിനാലുമാണ് ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിയാകാനുള്ള വഴി തെളിഞ്ഞത്. പിസിസി അധ്യക്ഷ പദവിയോടൊപ്പം ജാർക്കിഹോളിയ്‌ക്ക് മന്ത്രിസ്ഥാനവും കൊടുക്കേണ്ടി വന്നേക്കാം. ആഭ്യന്തരവകുപ്പ് നിലനിർത്തിക്കൊണ്ടുതന്നെ ഡോക്ടർ ജി പരമേശ്വര ഉപമുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെടാനിടയുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img