11:17pm 02 June 2026
NEWS
സ്വപ്നപദ്ധതികൾ സഫലീകരിക്കാൻ ബംഗളുരു നഗരവികസന വകുപ്പ് ഡി കെ കൈവശം വെച്ചേക്കും.
02/06/2026  12:34 PM IST
വിഷ്ണുമംഗലം കുമാർ
സ്വപ്നപദ്ധതികൾ സഫലീകരിക്കാൻ ബംഗളുരു നഗരവികസന വകുപ്പ് ഡി കെ കൈവശം വെച്ചേക്കും

 ബംഗളുരു നഗരകേന്ദ്രത്തിൽ നിന്നും 65 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ദൊഡ്ഡലഹള്ളിയാണ് കർണാടത്തിലെ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ജന്മഗ്രാമം. ദൊഡ്ഡലഹള്ളി ഉൾപ്പെടുന്ന കനകപുരയാണ് അദ്ദേഹം പതിവായി ജയിച്ചുപോരുന്ന നിയമസഭാമണ്ഡലം. പഴയ ബംഗളുരുവിലെ രാജാജിനഗറിലാണ് ഡി കെ പഠിച്ചുവളർന്നത്. പ്രമുഖ നേതാവായ ശേഷം താമസിക്കുന്നത് പ്രസിദ്ധമായ ഡോളർ കോളനിയിലാണ്. അപ്പോഴും ജന്മഗ്രാമത്തിലും മണ്ഡലത്തിലും സജീവമാണ് ഈ നേതാവ്. രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി എന്ന വിശേഷണവും വേഷഭൂഷാദി യിലും പ്രവർത്തന ശൈലിയിലും വ്യത്യസ്തനായ ഡി കെയ്‌ക്ക് അവകാശപ്പെട്ടതാണ്. 2023 ലെ തെരഞ്ഞെടുപ്പ് കാലത്ത് സമർപ്പിച്ച സത്യവാങ് മൂലം പ്രകാരം അദ്ദേഹത്തിന്റെ ആകെ ആസ്തി 1413.80 കോടി രൂപയാണ്. ബംഗളുരു നഗരത്തോട് വൈകാരികമായ അടുപ്പമുണ്ട് ഡി കെയ്‌ക്ക്. 2023 ൽ മുഖ്യമന്ത്രിക്കസേര കിട്ടില്ലെന്നായപ്പോൾ ഉപമുഖ്യമന്ത്രി പദവിയ്ക്കും ജലസേചന വകുപ്പിനും പുറമെ അദ്ദേഹം ചോദിച്ചു വാങ്ങിയതാണ് ബംഗളുരു നഗര വികസന വകുപ്പ്. നഗരവുമായി ബന്ധപ്പെട്ട് ഡി കെയുടെ മനസ്സുനിറയെ വിപ്ലവകരമായ വികസന പദ്ധതികളാണ്. ബംഗളുരു നഗരസഭ പിരിച്ചുവിട്ട് മുഖ്യമന്ത്രി ചെയർമാനായി ഗ്രേറ്റർ ബംഗളുരു അതോറിറ്റി( ജിബിഎ) രൂപീകരിച്ച് പുതിയ പ്രദേശങ്ങളും കൂട്ടിച്ചേർത്ത് അഞ്ചു നഗരസഭകൾക്ക് രൂപം കൊടുത്തത് ഡി കെയുടെ ആശയ പ്രകാരമാണ്. അഞ്ചു നഗരസഭകളും കൂടിയുള്ള ബംഗളുരുവിന്റെ വിസ്തീർണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കനകപുര ഉൾപ്പെടുന്ന രാമനഗര ജില്ലയുടെ പേര് ബംഗളുരു നോർത്ത് എന്നാക്കിമാറ്റാൻ യത്നിച്ചതും ഡി കെ അല്ലാതെ മാറ്റാരുമല്ല.തുരങ്കപ്പാത, പെരിഫറൽ റോഡിന്റെ നവീകരണം, ബിഡദി ടൗൺഷിപ്പ് തുടങ്ങിയവ ഡി കെയുടെ സ്വപ്ന പദ്ധതികളാണ്. അതിശീഘ്രം വികസിക്കുന്ന ബംഗളുരുവിൽ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമാക്കാൻ ഡി കെ തകൃതിയായ നീക്കം നടത്തുന്നുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥന്മാർ ഡി കെ ചൂണ്ടിക്കാട്ടിയെ സൈറ്റുകളുടെ പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയാകുമ്പോൾ ഡി കെയുടെ ഉത്തരവാദിത്തങ്ങളും സ്വപ്നങ്ങളും വർധിക്കുകയാണ്. ബംഗളുരു നഗര വികസന വകുപ്പ് അദ്ദേഹം തന്നെ കൈവശം വെക്കാനാണ് സാധ്യത. കാരണം സ്വപ്ന പദ്ധതികൾ പലതും പ്രാരംഭഘട്ടത്തിലാണ്. ബംഗളുരു നഗരം ഭാവിയിൽ തന്റെ പേരിൽ അറിയപ്പെടണമെന്ന ആഗ്രഹം അദ്ദേഹം കൊണ്ടുനടക്കുന്നുണ്ട്. ഡി കെ എന്ന പേര് ഇപ്പോൾ തന്നെ നഗരത്തിന്റെ മുക്കിലും മൂലയിലും സുപരിചിതമാണ്. അത് എന്നെന്നേക്കുമായി ആഴത്തിൽ അടയാളപ്പെടുത്താനുള്ള ചിന്തകളുമായാണ് 64 കാരനായ ഡി കെ കർണാടകത്തിന്റെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ പതിയില്ലെന്നല്ല. ഡി കെ ഊന്നൽ നൽകുക ബംഗളുരുവിന്റെ സമഗ്ര വികസനത്തിനായിരിക്കുമെന്ന് തീർച്ച.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img