04:41am 30 June 2026
NEWS
ബിഡദി ടൗൺഷിപ്പ് പദ്ധതിയിൽ ഡി കെ -കുമാരസ്വാമി പോരാട്ടം.
29/06/2026  11:39 AM IST
വിഷ്ണുമംഗലം കുമാർ
ബിഡദി ടൗൺഷിപ്പ് പദ്ധതിയിൽ ഡി കെ -കുമാരസ്വാമി പോരാട്ടം

കർണാടകം: അതിവേഗത്തിൽ വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ബംഗളുരു നഗരത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്‌ മുപ്പത് കിലോമീറ്റർ അകലെയായി മൈസൂരുവിലേക്കുള്ള വഴിയിലാണ് ബിഡദിയുടെ കിടപ്പ്. മുൻപ്രധാനമന്ത്രിയും ജെഡിഎസ്സ് ദേശീയ അധ്യക്ഷനുമായ എച്ച് ദേവഗൗഡാകുടുംബത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ്സ് നേതാവും ഇപ്പോൾ മുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ ബിഡദി മേഖല തന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നത്. ബിഡദി ഉൾപ്പെടുന്ന രാമനഗര ജില്ലയിലെ ജെഡിഎസ്‌ കോട്ടകളിൽ കടന്നുകയറി അവ കീഴടക്കാൻ ഡി കെയ്‌ക്ക് കഴിഞ്ഞു. ബംഗളുരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയായിരിക്കവേയാണ് കാർഷിക മേഖലയായ ബിഡദി ടൗൺഷിപ്പാക്കി മാറ്റാനുള്ള ബ്രഹത്പദ്ധതിയ്ക്ക് ഡി കെ തുടക്കം കുറിക്കുന്നത്. മുഖ്യമന്ത്രിയായതോടെ വർധിച്ച താല്പര്യമാണ് ഡി കെ പ്രകടിപ്പിക്കുന്നത്. അതിന് മുമ്പുതന്നെ രാമനഗര ജില്ലയുടെ പേര് ബംഗളുരു സൗത്ത് എന്നാക്കി ഔദ്യോഗികമായി മാറ്റാൻ ഡി കെയ്‌ക്ക് കഴിഞ്ഞിരുന്നു. രാമനഗര ജില്ലയിലെ അതായത് ബംഗളുരു സൗത്തിലെ കനകപുരയാണ് ഡി കെയുടെ ജന്മദേശമുൾപ്പെടുന്ന നിയമസഭാമണ്ഡലം. കാൽനൂറ്റാണ്ടിലേറെ കാലമായി അദ്ദേഹം ഈ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിച്ചുപോരുന്നു. പത്തുവർഷം ഈ പ്രദേശം ഉൾപ്പെടുന്ന ബംഗളുരു റൂറൽ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് ഡി കെ യുടെ സഹോദരൻ ഡി കെ സുരേഷ് ആയിരുന്നു. ഈ മേഖലയിലെ ഡി കെയുടെ പ്രധാനസഹായി സുരേഷാണ്. ബിഡദിയിൽ ആധുനിക സൗകര്യങ്ങളുള്ള എഐ പവേർഡ് ടൗൺഷിപ്പ് നിർമ്മിക്കാനാണ് ഡി കെ ലക്ഷ്യമിടുന്നത്. ഇരുപതിനായിരം കോടി രൂപയിലേറെ ചെലവ് മതിക്കുന്ന അഭിമാന പദ്ധതിയാണിത്. രാമനഗര, ഹാരോഹള്ളി താലൂക്കുകളിലെ ഒമ്പത് ഗ്രാമങ്ങളിലായി പരന്നുകിടക്കുന്ന 7500 ഏക്ര ഭൂമി ( ഭൂരിഭാഗവും ഫലഭൂയിഷ്ഠമായ കൃഷിസ്ഥലമാണ്) അക്വയർ ചെയ്താണ് ഡി കെ ടൗൺഷിപ്പ് നിർമിക്കാൻ ഒരുമ്പെടുന്നത്. പദ്ധതിയുടെ ആദ്യപടിയായി 500 ഏക്ര ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് എതിർപ്പ് ശക്തമായത്. ഏക്രയ്ക്ക് രണ്ടുമുതൽ രണ്ടര കോടി വരെയാണ് വിലയിട്ടിരിക്കുന്നത്. ഗ്രാമീണരായ കൃഷിക്കാർക്ക് അവർ തലമുറകളായി കൈവശം വെച്ചുപോരുന്ന കൃഷിഭൂമി എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് മാത്രമല്ല അനേകായിരം മരങ്ങളും മുറിക്കേണ്ടിവരും. വലിയൊരു പരിസ്ഥിതി പ്രശ്നമായും ഈ പദ്ധതി മാറുകയാണ്. മിക്ക കർഷകരും ടൗൺഷിപ്പിന് അനുകൂലമാണെന്ന് ഡി കെ പറയുന്നുണ്ടെങ്കിലും എതിർപ്പ് ശക്തിയാർജ്ജിക്കുകയാണ്. ബിജെപിയും ജെഡിഎസ്സും ടൗൺഷിപ്പ് പദ്ധതിയ്ക്ക് എതിരാണ്. ജെഡിഎസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമി കഴിഞ്ഞ ദിവസം കർഷകരെ കാണാൻ ബിഡദിയിലെത്തിയിരുന്നു. അനേകം കർഷകർ അദ്ദേഹത്തെ കണ്ട് എതിർപ്പ് അറിയിച്ചു. കർഷകരോട് സംസാരിക്കാൻ മുഖ്യമന്ത്രി ഡികെയെയും കുമാരസ്വാമി ക്ഷണിച്ചിരുന്നു. വേദിയിൽ ഒരു കസേര മുഖ്യമന്ത്രിയ്ക്കായി മാറ്റിവെച്ചിരുന്നു. പക്ഷെ അദ്ദേഹം വന്നില്ല.ഡി കെയും കുമാരസ്വാമിയും തമ്മിലുള്ള പോരാട്ടമായി ബിഡദി പദ്ധതി മാറിയിട്ടുണ്ട്. ഭരണകക്ഷിയായ കോൺഗ്രസ്സിനകത്തും പദ്ധതിയ്ക്കെതിരെ എതിർപ്പുണ്ട്. ആരുടെയും ഭൂമി നിർബന്ധമായി  ഏറ്റെടുക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡോക്ടർ ജി പരമേശ്വര പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയും ഈ പദ്ധതിയ്ക്ക് എതിരാണെന്നാണ് അറിയുന്നത്. ഭൂമി വിട്ടുകൊടുക്കില്ലെന്ന് തന്നെയല്ല മരങ്ങൾ മുറിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന വാശിയിലാണ് കൃഷിക്കാരായ പ്രദേശവാസികൾ. മരങ്ങളെ പുണർന്നുകൊണ്ടുള്ള പുതിയ സമരമുറയ്ക്ക് അവർ തുടക്കം കുറിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.