
ബംഗളുരു: കർണാടകത്തിലെ കോൺഗ്രസ്സിൽ ഒരു പുതിയ നേതൃത്വത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മുതിർന്ന നേതാക്കളിൽ ഒരാളായ ബി കെ ഹരിപ്രസാദ് സംസ്ഥാന അധ്യക്ഷനായതോടെയാണ് കോൺഗ്രസ്സ് നേതൃത്വത്തിൽ മാറ്റം വരുന്നത്. പാലസ് മൈതാനിയിൽ അനേകായിരം കോൺഗ്രസ്സ് പ്രവർത്തകരെ സാക്ഷിയാക്കി, എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ സാന്നിധ്യത്തിലാണ് ഹരിപ്രസാദ് ചുമതല ഏറ്റെടുത്തത്. ഒരു കാലത്ത് സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന ബി കെ ഹരിപ്രസാദ്. ചില തെരഞ്ഞെടുപ്പുകളിൽ തോൽവിയടയുകയും പ്രവർത്തനം ദേശീയ രംഗത്തേക്ക് മാറ്റിയതും കാരണമാണ് അദ്ദേഹത്തിന് സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കാനോ മന്ത്രിയാകാനോ കഴിയാതെ പോയത്. എന്നിരുന്നാലും വലിയൊരു ആരാധകവൃന്ദം ബി കെ യ്‌ക്ക് സംസ്ഥാനത്തുണ്ട്. എ ഐ സിസി ജനറൽ സെക്രട്ടറിയും രാജ്യസഭ അംഗവുമായിരുന്നു. നിലവിൽ എം എൽ സിയാണ്. മറ്റു പിന്നോക്ക വിഭാഗത്തിൽ പെടുന്ന ബില്ലവ സമുദായക്കാരനാണ്. 2020 മുതൽ ആറുവർഷം പിസിസി അധ്യക്ഷ പദവി വഹിച്ചത് ഡി കെ ശിവകുമാറാണ്. 2023 ൽ കോൺഗ്രസിന് അധികാരം കിട്ടി ഉപമുഖ്യമന്ത്രിയായപ്പോഴും പിസിസി അധ്യക്ഷപദവിയിൽ തുടരാൻ ഹൈക്കമാണ്ട് ഡി കെയെ അനുവദിക്കുകയായിരുന്നു. ഈ മാസം മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടതോ ടെയാണ് അദ്ദേഹം അധ്യക്ഷ പദവി ഒഴിഞ്ഞത്. ദളിത് നേതാവായ സതീഷ് ജാർക്കിഹോളിയായിരുന്നു അധ്യക്ഷ സ്ഥാനത്തിനായി കരുക്കൾ നീക്കിയത്. മന്ത്രിസ്ഥാനം നിലനിർത്തിക്കൊണ്ട് അധ്യക്ഷ പദവി കയ്യാളാനാണ് ജാർക്കിഹോളി പരിശ്രമിച്ചത്. എന്നാൽ ഒരു പദവി മാത്രമേ നൽകാനാവൂ എന്ന് ഹൈക്കമാണ്ട് നിലപാടെടുത്തതിനാൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജാർക്കിഹോളി ഡി കെയുടെ കീഴിലും അതേ വകുപ്പിൽ തുടരാനാണ് തീരുമാനിച്ചത്. മുഖ്യമന്ത്രിയായി ഉയർത്തപ്പെട്ട ഡി കെ ശിവകുമാറിൽ നിന്നാണ് ഹരിപ്രസാദ് അധ്യക്ഷ പദവി ഏറ്റെടുത്തത്. ശിവകുമാറിനെക്കാൾ എഴുവയസ്സിന് മൂത്തതാണ് ഹരിപ്രസാദ്. 2023 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ചേർന്നായിരുന്നു. 2028 ലെ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഡി കെ- ബി കെ കൂട്ടുനേതൃത്വമാണ്.
Photo Courtesy - Google










