
കഴിഞ്ഞ കുറച്ച് മാസങ്ങളായി തമിഴിൽ പുറത്തിറങ്ങിയ ഒരു സിനിമയും വിജയിച്ചിട്ടില്ല. വിജയസേതുപതിയും, നിത്യ മേനോനും ഒന്നിച്ചഭിനയിച്ച 'തലൈവൻ തലൈവി' എന്ന ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു. എന്നാൽ അതിന് ശേഷം പുറത്തുവന്ന ഒരു സിനിമയും ഹിറ്റായിട്ടില്ല. കഴിഞ്ഞ ആഴ്ച, വിദാർത്ഥ് അഭിനയിച്ച 'മരുതം', സോണിയ അഗർവാളിന്റെ 'വിൽ', രഞ്ജിത്ത് അഭിനയിച്ച 'ഇറുതി മുയർച്ചി' 'കൈലാൻ' എന്നീ ചിത്രങ്ങൾ റിലീസായി. എന്നാൽ ഈ ചിത്രങ്ങളൊന്നും വിജയമായില്ല. ഇതിൽ 'മരുതം' വളരെയധികം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. എന്നാൽ ഈ ചിത്രം കാണാൻ തീയേറ്ററിലേക്ക് ആളുകൾ വരികയുണ്ടായില്ല. അതേ സമയം 'കാന്താര ചാപ്റ്റർ 1' 'ലോക' തുടങ്ങിയ അന്യഭാഷാ ചിത്രങ്ങൾ സദസ്സ് നിറഞ്ഞോടികൊണ്ടിരിക്കുകയാണ്.
തമിഴ്നാട്ടിൽ പൊങ്കൽ, ദീപാവലി, സരസ്വതി പൂജ, ക്രിസ്മസ് തുടങ്ങിയ ഉത്സവ കാലങ്ങളിൽ മുൻനിര നായകന്മാരുടെ ചിത്രങ്ങൾ റിലീസാവുന്നത് പതിവായിരുന്നു. എന്നാൽ ഈ വരുന്ന ദീപാവലിയോടനുബന്ധിച്ച് മുൻനിര നായകന്മാരുടെ ഒരു ചിത്രം പോലും റിലീസിനില്ല എന്നുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് കാരണം തമിഴിൽ ഈയിടെ റിലീസായ മുൻനിര നായകന്മാരുടെ, ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രങ്ങളെല്ലാം വലിയ പരാജയമായിരുന്നു. തമിഴ് സിനിമാ ലോകം ഇപ്പോൾ മന്ദഗതിയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ എല്ലാ ജോലികളും തീർന്ന ചില ചിത്രങ്ങൾ കൂടി ഇപ്പോൾ റിലീസ് ചെയ്യാതെ തള്ളിവെച്ചിരിക്കുകയാണ് അതിന്റെ നിർമ്മാതാക്കൾ.
ദീപാവലിയോടനുബന്ധച്ഛ് 'ചിയാൻ' വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനാകുന്ന 'ബൈസൺ', പ്രതീപ് രംഗനാഥൻ നായകനാകുന്ന 'ഡ്യൂഡ്', ഹരീഷ് കല്യാൺ നായകനാകുന്ന 'ഡീസൽ' എന്നീ ചിത്രങ്ങൾ മാത്രമാണ് റിലീസാകുന്നത്.
Photo Courtesy - Google











