
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് നടി ദിവ്യ ശ്രീധറും നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ക്രിസ് വേണുഗോപാലും. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇരുവരും വിവാഹിതരായതോടെ സൈബർ ലോകത്ത് നടന്ന പുകിൽ ചില്ലറയല്ല. വെളുത്തുനീണ്ട താടിയുള്ള ക്രിസ് എന്ന 'മുത്തച്ഛൻ', 'പ്രായം കുറഞ്ഞ' ദിവ്യയെ വിവാഹം ചെയ്തു എന്നതായിരുന്നു പലരുടെയും പ്രശ്നം. ക്രിസിന് ഇനി കുട്ടികളുണ്ടാകുമോ എന്ന സംശയം വരെ ഉയർത്തിയവരും കുറവല്ല. ആദ്യത്തെ വിമർശനങ്ങളൊക്കെ ഒതുങ്ങിയതിന് പിന്നാലെയെത്തി താരങ്ങൾ വേർപിരിയുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകൾ. എന്നാൽ, താരദമ്പതികൾ വിവാഹ ബന്ധം വേർപെടുത്തിയെന്ന പ്രചാരണം ശക്തമാകുന്നതിനിടെ വാലന്റൈൻ വീക്കിൽ തനിക്ക് ലഭിച്ച സമ്മാനങ്ങളുമായി എത്തിയിരിക്കുകയാണ് ദിവ്യ ശ്രീധർ.
ഈ വാലന്റൈൻ ദിനത്തിൽ ക്രിസ് തനിക്ക് നൽകിയ സമ്മാനങ്ങൾ എന്തൊക്കെയെന്ന് തന്റെ ഇൻസ്റ്റഗ്രാം റീലിലൂടെയും പോസ്റ്റിലൂടെയും വെളിപ്പെടുത്തുകയാണ് ദിവ്യ. കുറച്ചേറെ സമ്മാനങ്ങൾ ക്രിസ് നൽകിയിട്ടുണ്ടെന്ന് വീഡിയോയിൽ വ്യക്തമാണ്. ഡാർക്ക് ചോക്കലേറ്റും, ബോക്സിലെ ടെഡി ബെയറുമാണ് ക്രിസ് ദിവ്യക്ക് വാലന്റൈൻ വീക്കിൽ സമ്മാനമായി നൽകിയത്. ഭാര്യക്ക് ലിപ്സ്റ്റിക്ക് ഏറെ ഇഷ്‌ടമാണ് എന്നറിയാവുന്ന ക്രിസ്, ഓർഗാനിക് ബ്രാൻഡിന്റെ ഒന്നിലേറെ ഷെയ്‌ഡുകൾ ഉള്ള ഒരു ലിപ്സ്റ്റിക്ക് കിറ്റ് തന്നെ ദിവ്യക്കായി നൽകി. റീൽ ചെയ്യുമ്പോൾ അണിഞ്ഞിട്ടുള്ള ലിപ്സ്റ്റിക്ക് അതല്ല എന്ന് ദിവ്യ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കയ്യിലിരിക്കുന്ന ഗിഫ്റ്റ് വളരെ ആവേശത്തോടെയാണ് താരം തുറന്നു കാണുന്നത്. ഫെറേറോ റോഷൻ മിഠായിയും, ഡയറി മിൽക്കിന്റെ പ്രശസ്തമായ സിൽക്കും, മറ്റൊരു പാക്കിലെ ചോക്കലേറ്റുമാണ് ക്രിസ് വേണുഗോപാൽ ദിവ്യക്ക് നൽകിയത്.
റീലിനൊപ്പം തങ്ങളുടെ പ്രണയത്തെ കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകളെ തള്ളി ഒരു ചെറു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. 'എന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുവാട്ടോ... ഞങ്ങളെ ഇഷ്ടം അല്ലാത്തവർ ബാഡ് കമന്റ് ഇടരുത്. പ്ളീസ്. വീഡിയോ നോക്കാനെ നിൽക്കരുത്... ഞങ്ങൾ ആരുടെ ജീവിതത്തിലും എത്തിനോക്കാൻ വരുന്നില്ല... ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല... ചാനൽകാർ അവരുടെ ഇഷ്ടത്തിന് വീഡിയോസ് ഇടുന്നതിനു ഞങ്ങൾ എന്ത് പിഴച്ചു. ദയവ് ചെയ്ത് ആരും ബാഡ് കമന്റ് ഇടരുത്... ഇഷ്ടമില്ലെങ്കിൽ കാണണ്ട, അത്രേയുള്ളൂ.. ഞങ്ങളെ ഇഷ്ടപ്പെടുന്ന ഒത്തിരി നല്ല ആൾകാർ ഉണ്ട്. അവരോടൊക്കെ ഒത്തിരി സ്നേഹവും നന്ദിയും മാത്രം' പോസ്റ്റിൽ ദിവ്യ കുറിച്ചു.
വളരെ ചെറിയ പ്രായത്തിൽ നടന്ന പ്രണയത്തെത്തുടർന്നായിരുന്നു ദിവ്യയുടെ ആദ്യ വിവാഹം. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് ദിവ്യ ക്രിസ് വേണുഗോപാലിനെ വിവാഹം ചെയ്യുന്നത്. ആദ്യ വിവാഹത്തിൽ ദിവ്യ ശ്രീധറിന് രണ്ടു മക്കളുണ്ട്. ഒരു മകനും, മകളും. ഭാര്യക്കൊപ്പം രണ്ടു കുട്ടികളെയും ക്രിസ് വേണുഗോപാൽ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വാലന്റൈൻസ് ദിനം പൊതുവെ യുവാക്കളുടെയും യുവതികളുടെയും മാത്രമാണ് എന്ന ധാരണ തിരുത്തിയാണ് നാൽപതുകളിലൂടെ കടന്നു പോകുന്ന താരദമ്പതികളുടെ വാലന്റൈൻസ് വീക്ക് ആഘോഷം.











