03:22am 22 November 2026
NEWS
ഡിവൈൻ കെയർ സെന്റർ കാരുണ്യത്തിന്റെ നിശബ്ദ സാക്ഷ്യം മന്ത്രി റോജി എം. ജോൺ .ഡിവൈൻ കെയർ സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം
21/11/2026  06:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിവൈൻ കെയർ സെന്റർ കാരുണ്യത്തിന്റെ നിശബ്ദ സാക്ഷ്യം മന്ത്രി റോജി എം. ജോൺ .ഡിവൈൻ കെയർ സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം

ചാലക്കുടി: മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവർക്കും സമൂഹത്തിന്റെ കരുതലും സ്നേഹവും ആവശ്യമുള്ളവർക്കുമായി കഴിഞ്ഞ 25 വർഷമായി നിശ്ശബ്ദമായി സേവനമനുഷ്ഠിക്കുന്ന ഡിവൈൻ കെയർ സെന്റർ സാഹോദര്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിശ്ശബ്ദ സാക്ഷ്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അഭിപ്രായപ്പെട്ടു. മേലൂർ പഞ്ചായത്തിലെ ശാന്തിപുരത്ത് പ്രവർത്തിക്കുന്ന ഡിവൈൻ കെയർ സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിവൈൻ ധ്യാനകേന്ദ്രത്തിലെ വിൻസെൻഷ്യൻ വൈദികരുടെ നേതൃത്വത്തിൽ 2001-ൽ ആരംഭിച്ച, സർക്കാർ അംഗീകൃത മാനസികാരോഗ്യ പുനരധിവാസ കേന്ദ്രമായ ഡിവൈൻ കെയർ സെന്റർ കാൽനൂറ്റാണ്ടിന്റെ സേവനപാത പിന്നിടുകയാണ്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവരെ ചേർത്തുപിടിച്ചും അവർക്ക് സ്നേഹവും പരിചരണവും പുനരധിവാസവും ഉറപ്പാക്കിയും സ്ഥാപനം നടത്തുന്ന സേവനം സമൂഹത്തിന് വലിയ മാതൃകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു.

നവംബർ 21 ശനിയാഴ്ച രാവിലെ 9 മണിക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ  മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് രജതജൂബിലി സമാപനാഘോഷങ്ങൾക്ക് തുടക്കമായത്.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ചാലക്കുടി എം.പി. ബെന്നി ബഹനാൻ, വിൻസെൻഷ്യൻ സഭയുടെ അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ റവ.ഫാ. മാത്യു പോത്താലിൽ, മേരിമാതാ പ്രൊവിൻസിന്റെ  പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോ. അലക്സ് ചാലങ്ങാടി, റവ.ഫാ. മാത്യു നായിക്കംപറമ്പിൽ, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശ്ശേരി, മേലൂർ ഗ്രാമപഞ്ചായത്ത് അംഗം എം.എസ്. ബിജു, ഡിവൈൻ ധ്യാനകേന്ദ്രം സുപ്പീരിയർ റവ.ഡോ. വർഗീസ് പാറപ്പുറം, റവ.ഫാ. മാത്യു തടത്തിൽ, റവ.ഡോ. ആന്റണി വടക്കേകര, സോഷ്യൽ ജസ്റ്റിസ് ജില്ലാ ഓഫീസർ കെ.ആർ. പ്രദീപ്, റവ.ഫാ. മാർട്ടിൻ പാലാട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.

മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന മഹത്തായ ലക്ഷ്യവുമായി കാൽനൂറ്റാണ്ട് പിന്നിടുന്ന ഡിവൈൻ കെയർ സെന്ററിന്റെ രജതജൂബിലി, കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സേവനത്തിന്റെയും ഒരു മഹത്തായ സാക്ഷ്യമായി മാറി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img