
ശ്രീലങ്കൻ തീരത്തിനു സമീപം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ദിത്വ ചുഴലിക്കാറ്റ് അടുത്ത രണ്ടുദിവസത്തിനകം ദക്ഷിണേന്ത്യൻ തീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം ചില സ്ഥലങ്ങളിൽ ഇടത്തരം ശക്തിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാട് ഭാഗത്തേക്കാണ് നീങ്ങുന്നത്. അതിനാൽ ചെന്നൈക്കും സമീപ ജില്ലകൾക്കുമാണ് വലിയ മഴ ഭീഷണി.
ഇന്ന് വൈകുന്നേരം മുതൽ മഴ ശക്തമാകുമെന്നാണ് പ്രവചനങ്ങൾ. ചുഴലി ചെന്നൈ–പുതുച്ചേരി മേഖലയിലോ തെക്കൻ ആന്ധ്രയിലോ കരതൊടാൻ സാധ്യതയുള്ളതിനാൽ ആകെയുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കുകയാണ്. ദുഷ്‌കരാവസ്ഥ കണക്കിലെടുത്ത് പാമ്പൻ പാലം വഴി ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.
ദിത്വ ശക്തി വർദ്ധിപ്പിക്കുമെന്ന വിലയിരുത്തലുള്ളതിനാൽ ചെന്നൈയിൽ കനത്ത മഴയ്ക്കുള്ള സാധ്യത ഉയർന്നിരിക്കുകയാണ്. നാളെയും മഴ തുടരും. ചുഴലിക്കാറ്റ് നഗരത്തിന് അടുത്തുവന്നാൽ അതിശക്തമായ മഴയും നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ടും ഒഴിവാക്കാനാവില്ല. 2023-ൽ മിഷോങ് ചുഴലിക്കാറ്റ് വലിയ രീതിയിൽ നഗരജീവിതത്തെ താറുമാറാക്കിയിരുന്നുവെങ്കിലും കഴിഞ്ഞ വർഷത്തെ ചുഴലി വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നില്ല.
ഇന്നലെ രാത്രിയിലെ വിവരം പ്രകാരം ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് ഏകദേശം 490 കിലോമീറ്റർ അകലെയായിരുന്നു. മഴയെ നേരിടാനുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യോഗത്തിൽ വിലയിരുത്തി; ജില്ലാ കലക്ടർമാർക്ക് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകി. അടിയന്തര സാഹചര്യം ഉണ്ടാകുന്ന മേഖലകളിൽ എൻഡിആർഎഫ് സംഘങ്ങളെ നിയോഗിച്ച് സജ്ജമാക്കിയിട്ടുണ്ട്.











