01:03am 20 June 2026
NEWS
ലോകത്തെയും ജീവിതത്തെയും ശരിയായി മനസ്സിലാക്കാൻ വായന ശീലമാക്കണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
19/06/2026  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോകത്തെയും ജീവിതത്തെയും ശരിയായി മനസ്സിലാക്കാൻ വായന ശീലമാക്കണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
HIGHLIGHTS

ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ്, എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കാക്കര കാർഡിനൽ ഹയർ സെക്കണ്ടറി സ്കൂളിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ
നിർവഹിക്കുന്നു.

രോ എഴുത്തും ഓരോ ജീവിതങ്ങളാണെന്നും ലോകത്തെയും ജീവിതത്തെയും ശരിയായി മനസ്സിലാക്കാൻ വായന ശീലമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ്, എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കാക്കര കാർഡിനൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവ് നേടുന്നതിനും ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വായനയോളം മികച്ച മറ്റൊന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡിജിറ്റൽ യുഗത്തിലും വായനാശീലം വളരുകയാണ് ചെയ്യുന്നത്. പുതിയ കാലഘട്ടത്തിൽ വായനയുടെ രീതികൾ മാറിയെങ്കിലും അതിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. പണ്ട് പുസ്തകങ്ങൾക്കായി ലൈബ്രറികളെ മാത്രം ആശ്രയിച്ചിരുന്നെങ്കിൽ, ഇന്ന് ഇന്റർനെറ്റ് ജാലകങ്ങളിലൂടെയും ഒരൊറ്റ ക്ലിക്കിലൂടെയും അറിവിന്റെ വലിയൊരു ലോകമാണ് കുട്ടികൾക്ക് മുന്നിൽ തുറക്കപ്പെടുന്നത്.

പഴയകാലത്ത് നിന്ന് വ്യത്യസ്തമായി ഇന്നത്തെ കുട്ടികൾ കൊറിയൻ, ജാപ്പനീസ് പരമ്പരകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുതിയ ആസ്വാദനതലങ്ങൾ കണ്ടെത്തുന്നുണ്ട്. സാങ്കേതികവിദ്യ എത്രതന്നെ വളരുമ്പോഴും ഒരു പുസ്തകത്തോടൊപ്പം ചിലവഴിക്കുന്ന സമയം നൽകുന്ന അനുഭൂതിയും ചിന്താശേഷിയും മറ്റൊന്നിനും നൽകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ രൂപപ്പെട്ട വായനാ പ്രസ്ഥാനങ്ങൾ ജനങ്ങളെ ഏറെ ശാക്തീകരിച്ചിട്ടുണ്ടെന്നും വായന നൽകിയ പൊതുബോധവും ആത്മവിശ്വാസവുമാണ് കേരളീയ സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ പറഞ്ഞു. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തി, നമ്മുടെ ഏറ്റവും നല്ല കൂട്ടുകാരായി പുസ്തകങ്ങളെ കൂടെക്കൂട്ടണം. വായന മനസ്സിന് ശാന്തതയും വ്യക്തതയും നൽകുമെന്നും വായനാശീലം എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ജില്ലാ കളക്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു.ചടങ്ങിൽ വിനോദ് പൂവലക്കോടിന്റെ കാട്ടുപൂവ് എന്ന കവിത ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പി. എസ്. ശ്രേയ ആലപിച്ചു. കൈരളി വായനശാല സംഘടിപ്പിച്ച പുസ്തക പ്രദർശനവും കുട്ടികൾ സ്വന്തം വീടുകളിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങളുടെ പ്രദർശനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

പരിപാടിയിൽ തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ പി. എ. റമീസ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. കെ. വേലായുധൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി പ്രണത, പി. എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ ഓഡിനേറ്റർ അനുപമ ഉണ്ണികൃഷ്ണൻ, കാർഡിനൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ഫാദർ തോമസ് നങ്ങേലിമാലിൽ, ഹെഡ്മിസ്ട്രസ് എൽസി ജോസഫ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ജി. സജീവ് തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img