
ഖേത് ബച്ചാവോ അഭിയാൻ കാമ്പയിനിന്റെ ഭാഗമായി സിഎംഎഫ്ആർഐ സംഘടിപ്പിച്ച ശിൽപശാല എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: വേമ്പനാട് കായൽ പുനരുജ്ജീവനവും പൊക്കാളി കൃഷി സംരക്ഷണവും പരിഗണനയിലെന്നു എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ.
'ഖേത് ബച്ചാവോ അഭിയാൻ' കാമ്പയിനിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ കാർഷിക അഭിവൃദ്ധി ലക്ഷ്യമിട്ട് സമഗ്ര പഠനം നടത്തി ഇതുൾപ്പെടെ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാം ടൂറിസം രംഗത്തെ മികച്ച സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി, ജില്ല പഞ്ചായത്തിന് കീഴിലുള്ള നേര്യമംഗലത്തെ 235 ഏക്കർ കൃഷിയിടം മികവിന്റെ കേന്ദ്രമാക്കി മാറ്റും. നഗരപ്രദേശങ്ങളിലെ ഹോർട്ടികൾച്ചർ സാധ്യതകൾ വിപുലപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്.
മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കാനുള്ള അടിയന്തര ശ്രമങ്ങൾ ആവശ്യമാണ്. ലാഭകരമല്ലാത്ത ഏകവിള കൃഷിരീതികൾക്ക് പകരം വിപണിയുടെ ആവശ്യകത മുൻകൂട്ടി കണ്ടുകൊണ്ടുള്ള സംയോജിത കൃഷിരീതികളാണ് പുതിയ കാലത്ത് അനുയോജ്യമെന്നും കെ ജി രാധാകൃഷ്ണൻ പറഞ്ഞു.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. സുസ്ഥിര കൃഷിരീതികളിലൂടെ മണ്ണ് സംരക്ഷണം ഉറപ്പാക്കാൻ സന്തുലിത വളപ്രയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ശിൽപശാല ആവശ്യപ്പെട്ടു. മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗം, സംയോജിത പോഷക പരിപാലനം, രാസവളങ്ങളോടൊപ്പം ജൈവവളങ്ങളുടെ ഉപയോഗം എന്നിവയിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത തിരിച്ചുപിടിക്കാനും കൃഷി സുസ്ഥിരമാക്കാനും സാധിക്കുമെന്ന് ശിൽപശാല വിലയിരുത്തി.
പരിമിതമായ സ്ഥലങ്ങളിൽ റൂഫ്‌ടോപ്പ് ഗാർഡനിംഗ്, വെർട്ടിക്കൽ ഫാമിംഗ്, ന്യൂട്രീഷൻ ഗാർഡൻ, മൈക്രോ ഗ്രീൻസ്, മണ്ണില്ലാ കൃഷി അക്വാപോണിക്സ്, പ്രിസിഷൻ ഫാമിംഗ് തുടങ്ങിയ ആധുനിക നഗര കൃഷിരീതികളും ശില്പശാലയിൽ പരിചയപ്പെടുത്തി.
ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ പി മുരളീധരൻ, എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ ഷോജി ജോയി എഡിസൻ, സിഎംഫ്ആർഐയിലെ ഡോ സനൽ എബ്നേസർ എന്നിവർ വിഷയാവതരണം നടത്തി.
പഞ്ചായത്ത് പ്രതിനിധികൾ, കർഷക ഉൽപ്പാദക സംഘടനകൾ, സ്വയംസഹായ സംഘങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു. ഡോ സാജു ജോർജ്, ഡോ കാർത്തിക കെ എസ്. എന്നിവർ സംസാരിച്ചു.
Photo Courtesy - Google









