03:22pm 28 September 2026
NEWS
ജില്ലാ സഹകരണ ബാങ്കുകൾ വീണ്ടും വരുന്നു? സുപ്രീംകോടതിയിൽ നിലപാട് മാറ്റി സർക്കാർ; കേരളാബാങ്കിന്റെ ഭാവിയും തുലാസിൽ
27/09/2026  08:06 AM IST
nila
ജില്ലാ സഹകരണ ബാങ്കുകൾ വീണ്ടും വരുന്നു? സുപ്രീംകോടതിയിൽ നിലപാട് മാറ്റി സർക്കാർ; കേരളാബാങ്കിന്റെ ഭാവിയും തുലാസിൽ

തിരുവനന്തപുരം: കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകൾ വീണ്ടും കൊണ്ടുവരാൻ സർക്കാർ നീക്കം. ജില്ലാ ബാങ്കുകൾ പുനഃസ്ഥാപിക്കണമെന്ന നിലപാട് സുപ്രീംകോടതിയെ അറിയിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കിൽ നിർബന്ധിച്ച് ലയിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സർക്കാർ പുതിയ നിലപാട് വ്യക്തമാക്കുക.

മുൻ സർക്കാരിന്റെ നിലപാടിൽനിന്ന് മാറിയാകും പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ നൽകുക. ഇടതുസർക്കാർ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കുന്നതിനും ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുന്നതിനാവശ്യമായ പുതിയ വ്യവസ്ഥ കൊണ്ടുവരുന്നതിനുമുള്ള തീരുമാനം സത്യവാങ്മൂലത്തിൽ വ്യക്തമാക്കും.

കേരളാബാങ്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നേരത്തെ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചത്. ജില്ലാ ബാങ്കുകളുടെ പൊതുയോഗത്തിൽ ഭൂരിപക്ഷം ലയനത്തെ അംഗീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനത്തെ എതിർത്തു.

ഇതോടെയാണ് നിർബന്ധിത ലയനത്തിന് വഴിയൊരുക്കുന്ന നിയമഭേദഗതി സർക്കാർ കൊണ്ടുവന്നത്. സഹകരണ സംഘം രജിസ്ട്രാർക്ക് പ്രത്യേക അധികാരം നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുകയും ചെയ്തു.

ഈ നടപടിക്കെതിരെയാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ റിസർവ് ബാങ്കിന്റെ നിലപാടും സർക്കാരിന് നിർണായകമാണ്. മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനത്തെ റിസർവ് ബാങ്ക് എതിർത്തിട്ടുണ്ട്.

കേസ് മലപ്പുറം ജില്ലാ ബാങ്കുമായി ബന്ധപ്പെട്ടതാണെങ്കിലും, സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് കേരളാബാങ്കിന്റെ ഭാവിയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയേക്കും. ജില്ലാ ബാങ്കുകൾ തിരിച്ചെത്തിയാൽ കേരളാബാങ്കിന്റെ നിലവിലെ ഘടന പുനഃസംഘടിപ്പിക്കേണ്ട സാഹചര്യമുണ്ടാകും. സംസ്ഥാന സഹകരണ ബാങ്ക് എന്ന പഴയ സംവിധാനത്തിലേക്ക് മടങ്ങാനുള്ള സാധ്യതയും ഇതോടെ ഉയരും.

കേരളാബാങ്കിന്റെ ഭരണത്തിൽ നിലവിൽ ഇടതുപക്ഷത്തിനാണ് നിയന്ത്രണം. ജില്ലാ ബാങ്കുകൾ പുനഃസ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം നടപ്പായാൽ ബാങ്കിന്റെ ഭരണസംവിധാനത്തിലും ഘടനയിലും മാറ്റങ്ങൾ ഉണ്ടാകുമോയെന്നതും ശ്രദ്ധേയമാണ്.

ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചാണ് ബാങ്കിങ് ലൈസൻസ് അനുവദിക്കുകയെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്. 2020ലെ നിയമഭേദഗതിയിലൂടെ സ്വാഭാവിക ലയനത്തിനും നിർബന്ധിത ലയനത്തിനുമുള്ള വ്യവസ്ഥകൾ സഹകരണ ബാങ്കുകൾക്കും ബാധകമാക്കിയിരുന്നു.

ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ 2020 ഡിസംബർ 23ന് പുറത്തിറക്കി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ലയനം ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ 44(എ), 45 വകുപ്പുകൾക്ക് അനുസൃതമായിരിക്കണമെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംസ്ഥാന സഹകരണ സംഘം നിയമത്തിലെ 74(എച്ച്) വകുപ്പിൽ വരുത്തിയ ഭേദഗതി ഡി.ഐ.സി.ജി.സി. നിയമത്തിലെ 2(ജി.ജി.)(ഐ) വകുപ്പിന് വിരുദ്ധമാണെന്നും 2(ജി.ജി.) വകുപ്പിന്റെ അന്തസ്സത്തയ്ക്ക് എതിരാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാരിന്റെ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ എത്തുന്നതോടെ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയിലെ നിലവിലെ ഘടന തന്നെ മാറാനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img