09:21am 09 November 2026
NEWS
കേസുകൾ കുറവെങ്കിൽ ജില്ലാ ഉപഭോക്തൃ കമ്മീഷനുകൾ അടച്ചുപൂട്ടാം: ഹൈക്കോടതി അനുമതി നിർബന്ധം- സുപ്രീം കോടതി
27/07/2026  08:31 AM IST
നിയമകാര്യലേഖകൻ
കേസുകൾ കുറവെങ്കിൽ ജില്ലാ ഉപഭോക്തൃ കമ്മീഷനുകൾ അടച്ചുപൂട്ടാം: ഹൈക്കോടതി അനുമതി നിർബന്ധം- സുപ്രീം കോടതി

ന്യൂഡൽഹി: ആയിരത്തിൽ താഴെ ഉപഭോക്തൃ തർക്ക കേസുകൾ മാത്രം കെട്ടിക്കിടക്കുന്ന സംസ്ഥാനങ്ങളിൽ ആവശ്യമെങ്കിൽ ചില ജില്ലാ ഉപഭോക്തൃ കമ്മീഷനുകൾ (District Consumer Disputes Redressal Commissions) നിർത്തലാക്കാൻ സുപ്രീം കോടതി അനുമതി നൽകി. എന്നാൽ, ഇത് നടപ്പാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന ഹൈക്കോടതികളുടെ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിൽ കമ്മീഷനുകൾ ഒഴിവാക്കുമ്പോൾ, നിലവിലുള്ള കേസുകൾ കൈകാര്യം ചെയ്യാനുള്ള ചുമതല ഹൈക്കോടതിയുടെ അനുമതിയോടെ സർവീസിലുള്ള ജുഡീഷ്യൽ ഓഫീസർമാർക്ക് കൈമാറാം.
​ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസുകൾ കുറവുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുഴുവൻ സമയ കമ്മീഷനുകൾക്ക് പകരം ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താമെന്ന് 2026 ഫെബ്രുവരി 11-ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ വ്യക്തത വരുത്തിക്കൊണ്ടുള്ള ഉത്തരവ്.
​ കേസുകൾ കുറവുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഫെബ്രുവരി 11-ലെ ഉത്തരവിന്റെ ആനുകൂല്യം നീട്ടിയിട്ടുണ്ട്.
​ കമ്മീഷൻ അംഗങ്ങളുടെ ശമ്പള വർധനവും മുൻകാല വേതനം സംരക്ഷിക്കുന്നതും സംബന്ധിച്ച പരാതികളിൽ സുപ്രീം കോടതി വിവിധ സംസ്ഥാനങ്ങളോട് വിശദീകരണം തേടി. മുൻകാല ശമ്പളം സംരക്ഷിച്ചില്ലെന്നും തുച്ഛമായ തുക മാത്രം ഓണറേറിയം നൽകിയെന്നുമുള്ള ഉത്തർപ്രദേശിലെ റിട്ടയർ ചെയ്ത ജില്ലാ കമ്മീഷൻ അംഗങ്ങളുടെ പരാതിയിൽ കോടതി സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
​2025 മേയിലെ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ആന്ധ്രാപ്രദേശും ഗുജറാത്തും ചട്ടങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്ര, കേരളം, മേഘാലയ എന്നീ സംസ്ഥാനങ്ങൾ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്എല്ലാ സംസ്ഥാനങ്ങൾക്കും മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ച സുപ്രീം കോടതി, കേസ് വീണ്ടും 2026 ഓഗസ്റ്റ് 13-ന് പരിഗണിക്കാൻ മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img